രുചിക കേസിലെ പ്രതി റാത്തോഡിനെ കുത്തിപ്പരിക്കേല്‌പിച്ചു

Posted on: 09 Feb 2010




ചണ്ഡീഗഢ്:വിദ്യാര്‍ഥിയും ടെന്നീസ് കളിക്കാരിയുമായിരുന്ന രുചിക ഗിര്‍ഹോത്രയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ഹരിയാണ മുന്‍ ഡി.ജി.പി. എസ്.പി.എസ്. റാത്തോഡിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച കോടതിയില്‍ ഹാജരായി മടങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന ഉത്സവ് ശര്‍മ എന്ന വിദ്യാര്‍ഥിയാണ് റാത്തോഡിനെ മുഖത്ത് മൂന്നുതവണ കുത്തിയത്. റാത്തോഡിനെ ഉടന്‍ ആസ്​പത്രിയിലെത്തിച്ചു.

രാവിലെ കോടതിയിലെത്തിയവരെ ഞെട്ടിച്ച സംഭവത്തിനു ശേഷം ഉച്ചതിരിഞ്ഞ് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ മുഖത്ത് തുന്നിക്കെട്ടുകളുമായി ഊന്നുവടിയുടെ സഹായത്താല്‍ റാത്തോഡ് എത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ വാരാണസി സ്വദേശി ഉത്സവ് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ ആനിമേഷന്‍ കോഴ്‌സ് ചെയ്യുന്നു. ഇയാള്‍ റാത്തോഡിനെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

14കാരി രുചികയെ മാനഭംഗപ്പെടുത്തിയ കേസില്‍ സി.ബി.ഐ. കോടതി 68കാരനായ റാത്തോഡിനെ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ റാത്തോഡ് നല്‍കിയ ഹര്‍ജിയിലെ വിചാരണയായിരുന്നു തിങ്കളാഴ്ച. രഹസ്യവിചാരണയ്ക്കുശേഷം കോടതിക്കു വെളിയിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ക്യാമറയുമായി നിന്ന ഉത്സവ് മുഖത്തിടിച്ച ശേഷം റാത്തോഡിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. വീണ്ടും റാത്തോഡിനെ മര്‍ദിക്കാനൊരുങ്ങിയ യുവാവിനെ പോലീസ് കീഴ്‌പ്പെടുത്തി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. ഉത്സവിനെതിരെ നടപടിയെടുക്കുമെന്ന് കോളേജധികൃതര്‍ അറിയിച്ചു. ഇയാള്‍ രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പ്രായോഗികപരിശീലന കോഴ്‌സിനെത്തിയിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

സംഭവം നിര്‍ഭാഗ്യകരമാണെന്ന് രുചികയുടെ കുടുംബത്തിന്റെ അഭിഭാഷക മീത് മല്‍ഹോത്ര അഭിപ്രായപ്പെട്ടു. ആളുകള്‍ നിയമം കൈയിലെടുക്കരുതെന്ന് കേസിലെ സാക്ഷിയും രുചികയുടെ സുഹൃത്തുമായ ആരാധനയും പറഞ്ഞു.

സ്‌കൂള്‍വിദ്യാര്‍ഥിനി രുചികയെ 19 വര്‍ഷംമുമ്പാണ് റാത്തോഡ് മാനഭംഗപ്പെടുത്തിയത്. കേസായതോടെ റാത്തോഡ് വീട്ടുകാരെയും പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ രുചിക ആത്മഹത്യചെയ്യുകയായിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/