കാശുപോകുമെന്ന പേടിയോ കാരണം 'അമിഗ്ദാല'
Posted on: 09 Feb 2010
ജോസഫ് ആന്റണി
പണം നഷ്ടപ്പെടുമെന്ന പേടി മൂലം ഓഹരി വിപണിയില്‍ ഇറങ്ങാന്‍ മടിക്കുന്നയാളാണോ നിങ്ങള്‍, ചൂതാട്ടമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ ഭീതി ഉണരാറുണ്ടോ, ആവശ്യത്തിനും ആവശ്യമില്ലാത്തതിനും കാശിന്റെ കാര്യമോര്‍ത്ത് ഉത്കണ്ഠപ്പെടാറുണ്ടോ? എങ്കില്‍ അത് വെറുതെ സംഭവിക്കുന്നതല്ല, തലച്ചോറിലെ 'അമിഗ്ദാല' എന്ന മസ്തിഷ്‌കഭാഗമാണ് ഇതിനു പിന്നിലെന്ന് ഗവേഷകലോകം.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മനുഷ്യസ്വഭാവത്തിന്റെ ഉറവിടം തിരിച്ചറിയുന്നതിലാണ് ഗവേഷകര്‍ വിജയിച്ചിരിക്കുന്നത്. കാശുപോകാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതൊഴിവാക്കാന്‍ (കിട്ടാനും) അമിഗ്ദാലയെന്ന മസ്തിഷ്‌കഭാഗമാണ് നമ്മളെ പ്രേരിപ്പിക്കുന്നതെന്ന്, പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യിലെ ന്യൂറോ സയന്റിസ്റ്റായ ഡോ. ബെനെഡറ്റോ ഡി മാര്‍ട്ടിനോയും സംഘവുമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. അപൂര്‍വമായൊരു ജനിതകത്തകരാര്‍ മൂലം അമിഗ്ദാല നശിച്ചുപോയ രണ്ടുപേരെയും അത്തരം കുഴപ്പമൊന്നുമില്ലാത്ത മറ്റൊരു ഗ്രൂപ്പിനെയുമാണ് പഠനവിധേയമാക്കിയത്.
കാശ് നഷ്ടപ്പെടാന്‍ സാധ്യതയില്ലാത്തതും നഷ്ടപ്പെടാനും നേടാനും തുല്യസാധ്യതയുള്ളതും കാശുപോകാന്‍ ഏറെ സാധ്യതയുള്ളതുമായ ചൂതാട്ടങ്ങള്‍ക്ക് ഇവരെ വിധേയമാക്കി. കാശുപോകാനും കിട്ടാനും തുല്യസാധ്യതയുള്ള ഗെയിമില്‍പ്പോലും പണം മുടക്കാന്‍, അമിഗ്ദാലയ്ക്ക് തകരാറില്ലാത്തവര്‍ മടിച്ചു. എന്നാല്‍, തകരാറുള്ളവര്‍ വേവലാതി ഒഴിവാക്കി കൂടുതല്‍ റിസ്‌ക്കുള്ള ഗെയിമുകളില്‍ പങ്കെടുക്കാന്‍ തയ്യാറായി.
ഇത്തരം ചൂതാട്ട ഗെയിമുകള്‍ പല തരത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ലഭിച്ച സേ്കാര്‍ ഉപയോഗിച്ച് ഇരുവിഭാഗത്തെയും താരതമ്യം ചെയ്തപ്പോഴാണ്, കാശുപോകുമെന്ന പേടിയുടെ ഉറവിടം അമിഗ്ദാലയാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. വൈകാരികമായ സംഭവങ്ങളുമായി ബന്ധപ്പെട്ട ഓര്‍മകള്‍ സംഭരിക്കപ്പെടുന്ന മസ്തിഷ്‌കഭാഗമാണ് അമിഗ്ദാല.
''അമിഗ്ദാല ശരിക്ക് പ്രവര്‍ത്തിച്ചാല്‍ പണത്തിന്റെ കാര്യത്തില്‍ ഒരാള്‍ കൂടുതല്‍ കരുതലുള്ളയാളാകും'' -പഠനത്തില്‍ പങ്കുവഹിച്ച പ്രൊഫ. റാല്‍ഫ് അഡോള്‍ഫ്‌സ് പറയുന്നു. കാശുപോകുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമുതല്‍ ദൈനംദിന സാമ്പത്തിക കാര്യങ്ങളിലെ തീരുമാനങ്ങളില്‍വരെ അമിഗ്ദാല പങ്കുവഹിക്കുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്.
PTB.........MA........