വിലക്കയറ്റം നിയന്ത്രിക്കാന്‍ ഭക്ഷ്യക്കിറ്റുകള്‍ - കെ.വി.തോമസ്

Posted on: 09 Feb 2010




ഭാരതീപുരം (കൊല്ലം):കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര ഏജന്‍സിയായ നാഫെഡും സംസ്ഥാന ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ചേര്‍ന്ന് 30 ശതമാനം സബ്‌സിഡിയോടെ കിറ്റുകള്‍ ഇറക്കുമെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി പ്രൊഫ. കെ.വി.തോമസ് പറഞ്ഞു.

കേരളത്തിലെ തുറമുഖങ്ങള്‍ ആധുനീകരിക്കുമെന്നും പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭവിഹിതം തൊഴിലാളികള്‍ക്കുകൂടി ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ തെങ്ങുകൃഷി നവീകരണപദ്ധതിയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കശുമാവുകൃഷി വികസനത്തിനായി കേരളത്തിന് 58 കോടിരൂപ നീക്കിവച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭമായ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ്, കൊല്ലം ജില്ലയിലെ ഏരൂര്‍ ഭാരതീപുരത്ത് പുതുതായി ആരംഭിച്ച പാം കെര്‍ണല്‍ ഓയില്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കിറ്റുകള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച് 16 ന് പാലക്കാട്ട് മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ നാഫെഡും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ധാരണാപത്രത്തില്‍ ഒപ്പിടും.

നാളീകേര കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുന്നതിന് നാഫെഡും സഹകരണസംഘങ്ങളും ചേര്‍ന്ന് കൊപ്രയ്‌ക്കൊപ്പം പച്ചത്തേങ്ങയും സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യഎണ്ണ ഉത്പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ഓയില്‍പാം ഇന്ത്യ തയ്യാറാക്കുന്ന എല്ലാ പദ്ധതികള്‍ക്കും കേന്ദ്രം ഉടന്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായി. മന്ത്രി പി.കെ.ഗുരുദാസന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓയില്‍ പാം ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അഡ്വ. വി.ബി.ബിനു സ്വാഗതം പറഞ്ഞു. മാനേജിങ് ഡയറക്ടര്‍ കെ.എന്‍.രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.പീതാംബരക്കുറുപ്പ് എം.പി., കെ.രാജു എം.എല്‍.എ., ഡയറക്ടര്‍മാരായ എസ്.ജയമോഹന്‍, എം.സലീം, കോയിവിള രാമചന്ദ്രന്‍, കെ.ജെ.ജോസ്‌മോന്‍, എം.എ.ഫ്രാന്‍സിസ്, തൊഴിലാളി യൂണിയന്‍ നേതാക്കളായ പി.എസ്.സുപാല്‍, ഓയില്‍ പാം ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഭാരതീപുരം ശശി, അഡ്വ. പി.ലാലാജി ബാബു, സഞ്ജീവ് സോമരാജന്‍, ജില്ലാ പഞ്ചായത്ത് മരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ജോര്‍ജ് മാത്യു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജയപ്രസാദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍.സരസ്വതി അമ്മ, ബി.രാജീവ്, എസ്.ആനന്ദകുസുമം, പഞ്ചായത്തംഗം എം.ഇസ്മായില്‍, ഓയില്‍ പാം ഇന്ത്യ സീനിയര്‍ മാനേജര്‍ (പ്രോജക്ട്‌സ്) ടി.രാജു ഏബ്രഹാം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ മാനേജര്‍ (എസ്റ്റേറ്റ്) കെ.പ്രേംനാഥ് നന്ദി പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/