പാല്‍ക്ഷാമം രൂക്ഷം; വില വര്‍ധിപ്പിക്കാന്‍ നീക്കം
Posted on: 09 Feb 2010
സ്വന്തം ലേഖകന്‍
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പാല്‍ക്ഷാമം രൂക്ഷമായി. ഒരാഴ്ചയായി ഉപഭോക്താക്കള്‍ക്ക് പാല്‍ കിട്ടാത്ത സാഹചര്യമാണ്. പ്രധാന പാല്‍ ഉല്പാദകരായ മില്‍മയുടെ പല കേന്ദ്രങ്ങളിലും പാല്‍ ലഭ്യമാകുന്നില്ല.
പ്രതിദിനം മുന്നൂറും നാനൂറും ലിറ്റര്‍ പാല്‍ വില്‍ക്കുന്ന പല ബൂത്തുകളിലും വില്പന നൂറ്റിയന്‍പതായി കുത്തനെ കുറഞ്ഞിട്ടുണ്ട്. മില്‍മ പാലിന്റെ അഭാവത്തിനൊപ്പം പിഡിഡിപി, ശക്തി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പാലിന്റെ ദൗര്‍ലഭ്യവും ഉപഭോക്താക്കളെ വലച്ചിട്ടുണ്ട്.
പാലിന്റെ ആഭ്യന്തര ഉല്പാദനം കുറഞ്ഞതും മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ വരവ് ഗണ്യമായി കുറഞ്ഞതുമാണ് പാല്‍ക്ഷാമം വര്‍ധിക്കാന്‍ കാരണം. വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.
മില്‍മയുടെ നീല കവറില്‍ ലഭ്യമാകുന്ന 'ടോണ്‍ഡ്' പാലുകള്‍ക്കാണ് വര്‍ധിച്ച ക്ഷാമം. പല ബൂത്തുകളിലും ടോണ്‍ഡ് പാലിന്റെ വരവുതന്നെ നിലച്ചു. പിങ്ക് പാക്കറ്റുകളില്‍ ലഭ്യമാകുന്ന ജേഴ്‌സി പാലുകള്‍ ഒന്നുപോലും വിപണിയില്‍ കിട്ടുന്നില്ല.
എന്നാല്‍ പാല്‍ക്ഷാമം രൂക്ഷമാകുമ്പോഴും ദൗര്‍ലഭ്യം കണക്കിലെടുത്ത് വിപണിയില്‍ പാലിന്റെ വില വര്‍ധിപ്പിക്കാനും നീക്കമുള്ളതായി അറിയുന്നു. മില്‍മ പാലിന്റെ വില മൂന്നുരൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ജേഴ്‌സി പാലിന് ലിറ്ററിന് 22 രൂപയും ടോണ്‍ഡ്, സ്മാര്‍ട്ട് പാലുകള്‍ക്ക് 20 രൂപയുമാണ് നിലവിലുള്ള വില.
നിലവില്‍ മില്‍മ പാലുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് പറഞ്ഞു. അതേസമയം ടോണ്‍ഡ് മില്‍ക്ക് വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടില്ലെന്നും പാല്‍ക്ഷാമം പരിഗണിച്ച് കൊഴുപ്പ് കുറഞ്ഞ ഡബിള്‍ ടോണ്‍ഡ് മില്‍ക്കാണ് മില്‍മ ലഭ്യമാക്കുന്നതെന്നും ഗോപാലക്കുറുപ്പ് പറഞ്ഞു.
HARI ..... RKD
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam