ടാറ്റയുടെ വീടുകള്‍ ഒഴിയാന്‍ മുന്നണിനേതാക്കള്‍ തയ്യാറാകണം -വി. മുരളീധരന്‍

Posted on: 09 Feb 2010



പാലക്കാട്: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കുന്നതിനെക്കുറിച്ച് പ്രസ്താവനായുദ്ധം നടത്തുന്ന എല്‍.ഡി.എഫ്.-യു.ഡി.എഫ്. നേതാക്കള്‍ തങ്ങള്‍ക്ക് കിട്ടിയ ടാറ്റയുടെ ബംഗ്ലാവുകള്‍ ഒഴിയാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ ബി.ജെ.പി. ജില്ലാകമ്മിറ്റി നടത്തിയ ഹെഡ്‌പോസ്റ്റോഫീസ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നകാര്യത്തില്‍ ഇരുമുന്നണികളും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ടാറ്റ നല്‍കിയ ബംഗ്ലാവുകളില്‍ താമസിച്ചുകൊണ്ട് അവര്‍ക്കെതിരെ സമരംചെയ്യുമെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. മൂന്നാറിലെ ഭൂമാഫിയയെ സംരക്ഷിക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ ശ്രമമെന്നും മുരളീധരന്‍ ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന ഭരണങ്ങളിലെ പാളിച്ചമൂലമുണ്ടായ വിലക്കയറ്റത്തിനെതിരെ ബി.ജെ.പി. വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. അധഃസ്ഥിത വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/