കേന്ദ്ര പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം - പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

Posted on: 09 Feb 2010



തിരുവനന്തപുരം: കേന്ദ്ര പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാധ്യമ രംഗത്തുള്ളവര്‍ സ്വന്തം കാര്യങ്ങള്‍ അവഗണിച്ചാണ് ഉത്തരവാദിത്തങ്ങളില്‍ മുഴുകുന്നത്. അതിനാല്‍ ജീവിതാവസാനകാലഘട്ടത്തില്‍ പരിഗണന നല്‍കേണ്ട കടമ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഇതിനായി പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രിക്കും നിവേദനം നല്കിയതായി അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍, സെക്രട്ടറി മംഗലത്തുകോണം കൃഷ്ണന്‍, കോ-ഓര്‍ഡിനേറ്റര്‍ വിതുര ബേബി എന്നിവര്‍ അറിയിച്ചു.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ നടപ്പാക്കാത്ത സംസ്ഥാനങ്ങളില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് സംസ്ഥാന പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും വര്‍ക്കിങ് ജേര്‍ണലിസ്റ്റ് വിഭാഗത്തില്‍ പ്രതിമാസ വിഹിതം അടയ്ക്കുന്നവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ മിനിമം 5000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവശ പത്രപ്രവര്‍ത്തകരുടെയും അവകാശികളുടെയും പെന്‍ഷന്‍ മിനിമം 2500 രൂപയാക്കി നിശ്ചയിക്കണം. കേന്ദ്ര പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി ചെയര്‍മാനും വകുപ്പ് സെക്രട്ടറി കണ്‍വീനറായും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ ജോയിന്റ് കണ്‍വീനറായും പത്ര-മീഡിയ സംഘടനാ പ്രതിനിധികള്‍ അംഗങ്ങളായുമുള്ള പെന്‍ഷന്‍ സ്‌കീം ഇംപ്ലിമെന്‍േറഷന്‍ കമ്മിറ്റി രൂപവത്കരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/