ഹൂറിയത്തിന്റെ യു.എന്‍. ഓഫീസ് മാര്‍ച്ച് തടഞ്ഞു
ശ്രീനഗര്‍: മനുഷ്യാവകാശ ലംഘനം ആരോപിച്ച് ശ്രീനഗറിലെ യു.എന്‍. പ്രാദേശിക ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുള്ള വിഘടിത വാദികളായ ഹൂറിയത്ത് വിഭാഗം നടത്തിയ ശ്രമം സുരക്ഷാസേനകള്‍ തടഞ്ഞു. യു.എന്‍. ഓഫീസിലും പരിസരത്തും വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ജനങ്ങളെ വീടുവിട്ട് പുറത്തിറങ്ങാനും അനുവദിച്ചില്ല.
ഹൂറിയത്ത് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖാണ് മനുഷ്യാവകാശലംഘനങ്ങളിലും ജി.എം. മിറിന് പദ്മ അവാര്‍ഡ് നല്‍കിയതിലും പ്രതിഷേധിച്ച് യു.എന്‍. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ മിര്‍വായിസിനെയും അടുത്ത അനുയായികളായ ഷാഹിദ് ഉല്‍ ഇസ്‌ലാം, ഷാബിര്‍ അഹമ്മദ് ഷാ, നയിം അഹമ്മദ് ഖാന്‍ എന്നിവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു. മറ്റുരണ്ട് മുതിര്‍ന്ന നേതാക്കളായ ബിലാല്‍ ഘനി ലോന്‍, ആഗ സയ്യിദ് ഹസ്സന്‍ അല്‍സാഫ്‌വി അല്‍മോസ്‌വി എന്നിവര്‍ നേരത്തേതന്നെ വീട്ടുതടങ്കലിലായിരുന്നു.
കര്‍ശന സുരക്ഷാനിയന്ത്രണംകാരണം സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും കോടതികളും വ്യാപാര സ്ഥാപനങ്ങളും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഗതാഗതസംവിധാനവും പൂര്‍ണമായും തടസ്സപ്പെട്ടു.