കെ. എസ്. യു ക്കാര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ പട്ടാളച്ചിട്ടയില്‍ ക്യാമ്പ്
Posted on: 09 Feb 2010
തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ. എസ്. യു വിന് പുതുമുഖം നല്‍കാനുള്ള നടപടിയുടെ തുടര്‍ച്ചയായി പട്ടാളച്ചിട്ടയില്‍ സംസ്ഥാനത്തുടനീളം പഠനക്യാമ്പും സംഘടിപ്പിക്കുന്നു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നത്. അതിന്റെ തുടക്കമെന്ന നിലയിലാണ് ആലുവയില്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്കായി ആദ്യഘട്ട പരിശീലനം നല്‍കിയത്.
പ്രസംഗം ഇല്ലാതെ ചര്‍ച്ചകളിലൂടെയും ചിന്തയിലൂടെയും കെ. എസ്. യു. വിന്റെ ഭാവികാഴ്ചപ്പാട് അവതരിപ്പിക്കുകയെന്നതായിരുന്നു സംസ്ഥാനതല ക്യാമ്പിന്റെ ലക്ഷ്യം. ഇന്‍ഫോസിസ് ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിട്യൂട്ടിന്റെ ചെയര്‍മാനായിരുന്ന ഡോ. ജയറാമിനായിരുന്നു പരിശീലന പരിപാടിയുടെ ചുമതല. ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്. കോണ്‍ഗ്രസ് വേദികളിലെ സ്ഥിരം കാഴ്ചയായ നേതാക്കളുടെ ചിത്രം പതിച്ച ഫ്‌ളക്‌സ്‌ബോര്‍ഡുകളും കമാനങ്ങളും ക്യാമ്പ് നടക്കുന്ന വേദികളില്‍ ഉണ്ടാകരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു.
പങ്കെടുത്ത നൂറോളം പേരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് കെ. എസ്. യുവിന്റെ ഭാവി ലക്ഷ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ മൂന്ന് തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കും സംഘടന തുടര്‍ന്ന് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ രംഗത്ത് നിന്ന് വര്‍ഗീയത പൂര്‍ണമായും ഒഴിവാക്കുക, വിദ്യാഭ്യാസത്തിന് അവസര സമത്വം, സുസജ്ജവും സ്വതന്ത്രവുമായ സംഘടനയായി കെ. എസ്. യു. വിനെ മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് ചര്‍ച്ചകളിലൂടെ ചിട്ടപ്പെടുത്തിയത്. കലാലയങ്ങളില്‍ കെ. എസ്. യു. യൂണിറ്റുകള്‍ രൂപവത്കരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന അക്രമങ്ങളേയും എതിര്‍പ്പുകളേയും കുറിച്ചായിരുന്നു രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച. ഈ വികാരമുള്‍ക്കൊണ്ടാണ് അടുത്ത തവണ കണ്ണൂരില്‍ താന്‍ സന്ദര്‍ശനം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
യൂണിറ്റ് കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നീ മൂന്ന് തട്ടുകളാണ് കെ. എസ്. യുവിനായി എന്‍. എസ്. യു. അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ കൂടി വേണമെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു. എന്നാല്‍ രാഹുല്‍ഗാന്ധി അതിനോട് താല്പര്യം പ്രകടിപ്പിച്ചില്ല. മാതൃസംഘടനയുടെ രീതി അതേപടി അവലംബിക്കേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. സ്‌കൂള്‍ തലത്തില്‍ കെ. എസ്. യു. യൂണിറ്റുകള്‍ വേണ്ടെന്ന് നയപരമായ തീരുമാനമുള്ളതും പാരലല്‍ കോളേജുകളില്‍ യൂണിറ്റില്ലാത്തതും കണക്കിലെടുത്ത് ബ്ലോക്ക് കമ്മിറ്റികള്‍ വേണമെന്ന ആവശ്യം ശക്തമായപ്പോള്‍ അതില്‍ വിട്ടുവീഴ്ചയ്ക്ക് നേതൃത്വം തയ്യാറായിട്ടുണ്ട്. പാരലല്‍ കോളേജുകളില്‍ യൂണിറ്റുകള്‍ തുടങ്ങുന്ന മുറയ്ക്ക്‌ബ്ലോക്ക് കമ്മിറ്റികള്‍ കൂടി നിലവില്‍ വന്നേക്കും. എന്നാല്‍ ഒരു തരത്തിലുള്ള നോമിനേഷനും പാടില്ലെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭാരവാഹികള്‍ തിരഞ്ഞെടുപ്പിലൂടെ തന്നെ വരണം.
എല്ലാ ജില്ലകളിലും യൂണിറ്റ്തല ഭാരവാഹികള്‍ക്കായി സമാനമായ പരിശീലനം നല്‍കാന്‍ 14 പേര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണ അച്ചടക്കത്തോടെ നടക്കുന്ന ക്യാമ്പില്‍ അഞ്ച് മിനിട്ട് വൈകിയെത്തിയതിന് സംസ്ഥാന നേതാവിനെപ്പോലും കുറച്ച് സമയം പുറത്തുനിര്‍ത്തിയത് കെ. എസ്. യുക്കാര്‍ക്ക് പുതിയൊരനുഭവമായിരുന്നു.