തടയണപൊളിക്കല്‍ യൂണിയനുകള്‍ക്കിടയില്‍ അഭിപ്രായഭിന്നത; സി.ഐ.ടി.യു.പിന്മാറി
Posted on: 09 Feb 2010
മൂന്നാര്‍:ടാറ്റ കമ്പനിയുടെ അനധികൃത കൈയേറ്റങ്ങള്‍ക്കും പാട്ടഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള നിലപാടില്‍ തൊഴിലാളി സംഘടനകള്‍ക്കും സി.പി.എം.-സി.പി.ഐ.പ്രാദേശിക നേതൃത്വങ്ങള്‍ക്കുമുള്ള അഭിപ്രായഭിന്നത ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നു. ചിറ്റ്വാര എസ്റ്റേറ്റില്‍ ടാറ്റ കമ്പനി നിര്‍മ്മിച്ച തടയണ പൊളിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ പണിമുടക്കില്‍നിന്ന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ സി.ഐ.ടി.യു. പിന്മാറിയതാണ് നേതൃത്വങ്ങള്‍ക്കിടയിലെ അസ്വാരസ്യം വെളിവാക്കിയത്.
തടയണ പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പണിമുടക്കാന്‍ ഫിബ്രവരി ആറിന് ചേര്‍ന്ന തോട്ടം തൊഴിലാളികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സി.ഐ.ടി.യു., എ.ഐ.ടി.യു.സി.,ഐ.എന്‍.ടി.യു.സി. യൂണിയനുകളാണ് ഈ തീരുമാനമെടുത്തത്. യോഗത്തിന്റെ മിനിറ്റ്‌സും യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് നല്‍കി. എന്നാല്‍ ഞായറാഴ്ച രാത്രി എട്ടുമണിയോടെ സി.ഐ.ടി.യു.പണിമുടക്കില്‍ നിന്ന് പിന്മാറുകയായിരുന്നു.
സൗത്ത്, നോര്‍ത്ത്, ഒ.സി., എന്‍.സി.എന്നീ നാല് ഡിവിഷനുകളിലെ 644 തൊഴിലാളികളില്‍ സി.ഐ.ടി.യു.യൂണിയനില്‍പ്പെട്ട 58 തൊഴിലാളികള്‍ മാത്രമാണ് തിങ്കളാഴ്ച ജോലിക്ക് കയറിയത്. പണിമുടക്കിയ തൊഴിലാളികള്‍ തോട്ടത്തില്‍ പ്രകടനം നടത്തി. തടയണ പൊളിക്കുന്നത് എന്ത് വിലകൊടുത്തും തടയാന്‍തന്നെയാണ് യൂണിയന്‍ നേതൃത്വങ്ങളുടെ തീരുമാനം. പണിമുടക്കിനോടനുബന്ധിച്ച് റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചെങ്കിലും സി.ഐ.ടി.യു. പിന്മാറിയ സാഹചര്യത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ പണിമുടക്കുന്നതിന് സംയുക്ത സമരസമിതി രൂപവത്കരിച്ചിട്ടില്ലെന്നും സി.ഐ.ടി.യു.വിന് പണിമുടക്കുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് സി.പി.എം. ഏരിയാ നേതൃത്വത്തിന്റെ വിശദികരണം. ടാറ്റ കമ്പനിയുടെ താല്പര്യം സംരക്ഷിക്കുന്നവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തടയണ സംബന്ധിച്ച തര്‍ക്കം സര്‍ക്കാരും ടാറ്റ കമ്പനിയും തമ്മിലാണ്. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിനെ സി.ഐ.ടി.യു. എതിര്‍ക്കില്ല. എന്നാല്‍, എന്തെങ്കിലും നടപടികള്‍ തൊഴിലാളികള്‍ക്ക് എതിരായി വന്നാല്‍ ഇടപെടുമെന്നും സി.പി.എം. പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Sivakumar../..Arun
7.44