തടയണ പൊളിക്കല്‍ ഡി.വൈ.എഫ്.ഐ. സമരം ടാറ്റയുമായി നടത്തിയ ഗൂഢാലോചന: യൂത്ത് കോണ്‍ഗ്രസ്
Posted on: 09 Feb 2010
മൂന്നാര്‍: തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ. നടത്തിയ സമരം സി.പി.എമ്മിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ ടാറ്റ കമ്പനിയുമായി ഗൂഢാലോചന നടത്തിയതിനു ശേഷമുള്ള പ്രഹസനമായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു ആരോപിച്ചു.
പശ്ചിമബംഗാളില്‍ സി.പി.എമ്മുമായി ചങ്ങാത്തത്തിലുള്ള ടാറ്റ കമ്പനി മൂന്നാറില്‍ നടത്തിയിട്ടുള്ള അനധികൃത കൈയേറ്റങ്ങളില്‍നിന്ന് ജനശ്രദ്ധതിരിച്ച് കേവലം തടയണപ്രശ്‌നത്തില്‍ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എം.ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന് സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. ദേവികുളം എം.എല്‍.എ. എസ്.രാജേന്ദ്രനും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ആല്‍ബിനും ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കളാണ് ഭൂമി കൈയേറ്റം നടത്തിയതും ടാറ്റ കമ്പനിയുടെ ആനുകൂല്യം പറ്റുന്നതും. ഇവര്‍ക്കെതിരെ സമരം നടത്താന്‍ ഡി.വൈ.എഫ്.ഐ.യെ യൂത്ത് കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നു. സി.പി.എമ്മിലെ വിഭാഗീയതയാണ് മൂന്നാര്‍ ദൗത്യം പാളാനിടയായത്. എസ്.രാജേന്ദ്രന്‍ എം.എല്‍.എ.ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ലിജു ആവശ്യപ്പെട്ടു.
എല്ലാതരത്തിലുള്ള കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നതാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ നിലപാട്. കൈവശരേഖ ഇല്ലാത്ത ഭൂമിയിലെ മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുമാറ്റണം. ഇടുക്കി ജില്ലയില്‍ ഭൂസര്‍വേ നടത്തി അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുകയും കൈയേറിയ ഭൂമി തിരിച്ചുപിടിക്കുകയും വേണം-യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.
മൂന്നാറിലെ വിവിധ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.
Sivakumar../..Arun
7.34
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam