തടയണ: സി.പി.ഐ.യില്‍ ഭിന്നത രൂക്ഷം

Posted on: 09 Feb 2010



തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണ പൊളിച്ചുനീക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെച്ചൊല്ലി സി.പി.ഐ.യില്‍ ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന നേതൃത്വവും ഒരുഭാഗത്തും പാര്‍ട്ടിയില്‍ നിര്‍ണായകശക്തിയായ എ.ഐ.ടി.യു.സി. മറുഭാഗത്തുമായാണ് വടംവലി മുറുകുന്നത്. മൂന്ന് വര്‍ഷം മുമ്പ് നടന്ന മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ സി.പി.ഐ. നേതൃത്വം ഇടപ്പെട്ട് അട്ടിമറിച്ചുവെന്ന പേരുദോഷം മാറ്റാന്‍ ഇത്തവണ സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ മുന്‍കൈയിലാരംഭിച്ച നീക്കമാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ ഭിന്നതയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ അനധികൃതമാണെന്നും അത് പൊളിച്ചുനീക്കണമെന്നുമുള്ള നിലപാട് ജനവരി ആദ്യവാരം ചേര്‍ന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ്- എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനോട് വിരുദ്ധമായ നിലപാട് എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് സി.എ. കുര്യന്‍ പ്രകടിപ്പിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ആദ്യമായി മറനീക്കിയത്. തൊഴിലാളികള്‍ക്ക് കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തടയണകള്‍ നിര്‍മ്മിച്ചതെന്നും ഇടതുസര്‍ക്കാര്‍തന്നെ അത് പൊളിച്ചുനീക്കിയാല്‍ ക്ഷീണം എ.ഐ.ടി.യു.സി.ക്കായിരിക്കുമെന്നുമായിരുന്നു സി.എ. കുര്യന്റെ വിശദീകരണം. തടയണകള്‍ അനധികൃതമെങ്കില്‍ അവ സര്‍ക്കാര്‍ ഏറ്റെടുത്ത് പഞ്ചായത്തുകള്‍ക്ക് കൈമാറണമെന്നും തൊഴിലാളികള്‍ക്ക് കുടിവെള്ളം നിഷേധിക്കരുതെന്നുമായിരുന്നു എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ സെക്രട്ടേറിയറ്റില്‍ പ്രകടിപ്പിച്ച നിലപാട്. വ്യത്യസ്ത വാദമുഖങ്ങള്‍ നിറഞ്ഞ സെക്രട്ടേറിയറ്റ്-എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ഒടുവില്‍ ഈ കാര്യത്തില്‍ ആരും പരസ്യപ്രസ്താവന നടത്തരുതെന്ന ധാരണയിലാണ് പിരിഞ്ഞത്. എന്നാല്‍ ടാറ്റയുടെ വീടുകള്‍ സി.പി.ഐ-എ.ഐ.ടി.യു.സി. നേതാക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ തടയണ പൊളിച്ചുനീക്കാനുള്ള നീക്കത്തെ എതിര്‍ത്ത് സി.എ. കുര്യന്‍ പരസ്യമായി രംഗത്തുവരികയായിരുന്നു.

എന്നാല്‍ ഇതേത്തുടര്‍ന്ന്, പാര്‍ട്ടി നിലപാട് വിശദീകരിച്ച സി.പി.ഐ. സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവനാകട്ടെ തടയണ അനധികൃതമെങ്കില്‍ പൊളിച്ചുനീക്കണമെന്നു തന്നെയാണ് പാര്‍ട്ടി നിലപാടെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ സംബന്ധിച്ച് എ.ഐ.ടി.യു.സി.ക്ക് സമാനമായ നിലപാട് തന്നെയാണ് സി.പി.ഐ. ഇടുക്കി ജില്ലാഘടകം കൈക്കൊണ്ടിരിക്കുന്നത്. ഇതും സി.പി.ഐ. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. മൂന്നാറിലെ ആദ്യഘട്ടം കൈയേറ്റം ഒഴിപ്പിക്കലിനെ അട്ടിമറിച്ചുവെന്ന പേരുദോഷം തീര്‍ക്കാന്‍ കുറഞ്ഞത് ടാറ്റയുടെ തടയണയെങ്കിലും പൊളിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് സി.പി.ഐ. സംസ്ഥാന നേതൃത്വം. അതിന് കഴിയാതെ വന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ ക്ഷീണമാണ് സംഭവിക്കുക. എ.ഐ.ടി.യു.സി.യുടെ എതിര്‍പ്പിനെ അവഗണിച്ച് തടയണ പൊളിക്കലുമായി മുന്നോട്ടുപോയാല്‍ പാര്‍ട്ടിയിലെ അന്തച്ഛിദ്രമായിരിക്കും ഫലം. ഈ നിലയില്‍ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ സി.പി.ഐ. സംസ്ഥാന ഘടകത്തെ ചെകുത്താനും കടലിനുമിടയിലെന്ന നിലയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/