തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 63 അംഗ സംഘത്തിന് കേരള നിയമസഭയില്‍ പരിശീലനം തുടങ്ങി. നിയമസഭാ നടപടികളെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ പരിശീലനം തിങ്കളാഴ്ച സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, അര്‍ജന്റീന, ഉഗാണ്ട, ടാന്‍സാനിയ, അര്‍മീനിയ, കമ്പോഡിയ തുടങ്ങി 35 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് പരിശീലനത്തിനെത്തിയിരിക്കുന്നത്.
ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ്ങി (ബി.പി.എസ്.ടി.)ന്റെ രാജ്യാന്തര പരിശീലനത്തിന്റെ ഭാഗമാണിത്. ബി.പി.എസ്.ടി. സംഘടിപ്പിക്കുന്ന 25-ാമത് പരിശീലനത്തോടനുബന്ധിച്ചാണ് ഈ സംഘം കേരള നിയമസഭയില്‍ എത്തിയത്.
ഉദ്ഘാടനച്ചടങ്ങിന് ശേഷം നിയമസഭയ്ക്ക് മുന്നിലെ ഗാന്ധിപ്രതിമയില്‍ സംഘം പുഷ്പാര്‍ച്ചന നടത്തി. നിയമസഭാ മ്യൂസിയവും സന്ദര്‍ശിച്ചു.
ലോക്‌സഭാ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ സി.എന്‍. സത്യനാഥന്‍, നിയമസഭാ സെക്രട്ടറി പി.ഡി. രാജന്‍, സ്‌പെഷ്യല്‍ സെക്രട്ടറി ടി. ഉഷാദേവി, അഡീഷണല്‍ സെക്രട്ടറി കെ. മോഹന്‍കുമാര്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഡോ. സീമാ കൗള്‍, സ്പീക്കര്‍ കെ. രാധാകൃഷ്ണന് ഉപഹാരവും നല്‍കി.
പരിശീലനം 11ന് സമാപിക്കും. പ്രതിനിധികള്‍ക്കായി വിനോദസഞ്ചാര യാത്രകളും നിയമസഭാ സെക്രട്ടേറിയറ്റ് ഒരുക്കിയിട്ടുണ്ട്.