റോഡിനുവേണ്ടി ഭൂമി പിടിച്ചെടുക്കലും കുടിയിറക്കലും അരുത് - സമരസമിതി
Posted on: 09 Feb 2010
തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമി പിടിച്ചെടുക്കുന്ന നടപടി നിര്‍ത്തിവെച്ച് അനാവശ്യ കുടിയിറക്കലുകള്‍ ഒഴിവാക്കണമെന്ന് ദേശീയപാത കുടിയിറക്ക് - സ്വകാര്യവത്കരണ വിരുദ്ധ സമരസമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പി.ഡബ്ല്യു.ഡി. നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ മൂന്നു മടങ്ങ് ചെലവില്‍ ബി.ഒ.ടി. പാത നിര്‍മ്മിക്കുന്നതിനൊപ്പം ദേശീയപാത-17 ചുങ്കം പിരിക്കുന്ന സ്വകാര്യ പാതയാക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
റെയില്‍വേയും മറ്റ് പൊതുസ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നതിനെതിരെ നിലപാടെടുക്കുന്ന ഇടതുപക്ഷം ദേശീയപാത സ്വകാര്യവത്കരിക്കുന്നതിനും അതിനായി ലക്ഷങ്ങളെ കുടിയിറക്കുന്നതിനും നേതൃത്വം നല്‍കുന്നത് അപലപനീയമാണെന്ന് സമരസമിതി ചെയര്‍മാന്‍ എം.ആര്‍. മുരളി, ജനറല്‍ കണ്‍വീനര്‍ ടി.എല്‍. സന്തോഷ്, കണ്‍വീനര്‍മാരായ ടി.ആര്‍. രമേഷ്, ഫിറോസ് ഹസ്സന്‍, പി.എന്‍. സുരന്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.
ദേശീയപാത നവീകരണം സ്വകാര്യകുത്തകകള്‍ക്ക് കൈമാറുന്നതിനുള്ള കേന്ദ്രതീരുമാനമാണ് ലക്ഷത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്. ഇതിനെതിരെ നടപടി സ്വീകരിക്കാതെ, കുടിയൊഴിപ്പിക്കല്‍ ഹൈവേ അതോറിറ്റിയുടെ തീരുമാന പ്രകാരമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് ഭൂമിയുടെ കമ്പോളവിലയുടെ പത്തിലൊന്നുപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അവിടങ്ങളില്‍ സ്ഥാപനങ്ങളും വ്യവസായവും നടത്തുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നടപടിയില്ല.
ഒരു കിലോമീറ്റര്‍ നാലുവരിപ്പാതയ്ക്ക് സംസ്ഥാന പൊതുമരാമത്ത് ആറുകോടി രൂപയാണ് നിര്‍മ്മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ബി.ഒ.ടി. പാതയ്ക്ക് 17.6 കോടിയാണ് ചെലവ്. നിര്‍മ്മാതാക്കള്‍ക്ക് 32-40% വരെ സബ്‌സിഡിയും പത്തുവര്‍ഷത്തേക്ക് നികുതിയിളവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഇതിനെതിരെ ഇടപ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. ഫിബ്രവരി 17 ന് വൈകീട്ട് 5ന് ഇടപ്പള്ളിയില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. എം.ആര്‍. മുരളി നയിക്കുന്ന കാല്‍നടയാത്ര 12 ദിവസം സഞ്ചരിച്ച് മാര്‍ച്ച് ഒന്നിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും.