ബസ്ചാര്‍ജ് വര്‍ധന എല്ലാ നടപടിക്രമങ്ങള്‍ക്കും ശേഷം - മന്ത്രി

Posted on: 09 Feb 2010



തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധന ഹൈക്കോടതി നിര്‍ദ്ദേശിച്ച മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം മാത്രമേ നടപ്പിലാക്കൂവെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍.

നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതിയില്‍ കേസ് നല്‍കിയ ഹര്‍ജിക്കാരുടെ അഭിപ്രായങ്ങള്‍ ആരായാന്‍ ഫിബ്രവരി 15 മുതല്‍ നോട്ടീസ് അയയ്ക്കും. ഇവരുടെ അഭിപ്രായങ്ങളും നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും ചാര്‍ജ് വര്‍ധന നടപ്പിലാക്കുക. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനയും വിശദമായ പഠനങ്ങള്‍ക്ക് ശേഷമേ ഉണ്ടാകൂ.

ആറ് എ.സി. ബസ്സുകളുള്‍പ്പെടെ 17 ലോഫേ്‌ളാര്‍ ബസ്സുകള്‍കൂടി ഉടന്‍ നിരത്തിലിറങ്ങും. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലാണ് പുതിയ ബസ്സുകള്‍ സര്‍വീസ് നടത്തുക. ലോഫേ്‌ളാര്‍ ബസ്സുകളുടെ റൂട്ടിലും സമയങ്ങളിലും ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പുതുതായി വന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കെ.എസ്.ആര്‍.ടി.സി. പരിഗണിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ലോഫേ്‌ളാറിന് പുതിയ സമയക്രമങ്ങള്‍ നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/