ട്രാഫിക് സിഗ്‌നലിനു പിന്നില്‍ ക്വട്ടേഷന്‍ സംഘം; പിന്തുണയ്ക്കാന്‍ ട്രാഫിക് പോലീസ്
Posted on: 09 Feb 2010
പി.എസ്. ജയന്‍
തിരുവനന്തപുരം: ട്രാഫിക് പോലീസിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് കോടികള്‍ കൊയ്യുന്ന മാഫിയയ്ക്ക് കൂട്ട് ട്രാഫിക് പോലീസുകാര്‍. പരസ്യം പതിപ്പിക്കാന്‍ ചില ജങ്ഷനുകളില്‍ ആവശ്യമില്ലാത്ത സിഗ്‌നല്‍ തൂണുകളും ലൈറ്റുകളും സ്വന്തം നിലയ്ക്ക് സ്ഥാപിക്കാനും പരസ്യമാഫിയകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ട്രാഫിക്-പരസ്യ മാഫിയയെക്കുറിച്ച് കഴിഞ്ഞ ദിവസം 'മാതൃഭൂമി' പുറത്തുകൊണ്ടുവന്ന വാര്‍ത്തയുടെ തുടര്‍ വിശദാംശങ്ങള്‍ ഇങ്ങനെ: തലസ്ഥാനത്ത് ചെറുകിട പത്രം നടത്തുകയും പത്രത്തെ പിന്നീട് 'ന്യൂസ് റൗണ്ടപ്പ്' എന്ന സ്ഥാപനമായി വളര്‍ത്തുകയും ചെയ്ത ഒരു ഏജന്‍സി ഈയിടെ ചെയ്ത കാര്യം സര്‍ക്കാര്‍ സംവിധാനങ്ങളെ ഇളിഭ്യരാക്കുന്നതാണ്. തിരുവനന്തപുരം വിമാനത്താവള റോഡിലെ വളവിലെ മീഡിയനില്‍ ഇവര്‍ സ്ഥാപിച്ചിരുന്ന പരസ്യഹോര്‍ഡിങ്ങുകള്‍, റോഡ് ഫണ്ട് ബോര്‍ഡുകാര്‍ ഇളക്കിമാറ്റിയപ്പോള്‍, അനാവശ്യമായ സ്ഥലത്ത് സിഗ്‌നല്‍ ലൈറ്റും തൂണും സ്വന്തം നിലയ്ക്ക് ഇവര്‍ സ്ഥാപിക്കുകയും അതില്‍ പരസ്യം പതിക്കുകയും ചെയ്തു. ഈ സിഗ്‌നല്‍ ആവശ്യമില്ലെന്ന് റോഡ് ഫണ്ട് ബോര്‍ഡ് പറഞ്ഞിട്ടും ട്രാഫിക് പോലീസ് അത് എടുത്തുമാറ്റിയില്ല.
നഗരങ്ങളിലാകെ ഇങ്ങനെ അനാവശ്യ സിഗ്‌നല്‍ പോസ്റ്റുകള്‍ സ്ഥാപിക്കാനും ട്രാഫിക് പോലീസിന്റെ പേരില്‍ സൈന്‍ ബോര്‍ഡുകള്‍ വെയ്ക്കാനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സികളുടെ ക്വട്ടേഷന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വീതി കൂട്ടുന്ന റോഡുകളില്‍ പൊതുമരാമത്ത് വകുപ്പും റോഡ് ഫണ്ട് ബോര്‍ഡും റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റുമ്പോഴൊക്കെ ക്വട്ടേഷന്‍ സംഘം വിരട്ടാനെത്തും. അതുകൊണ്ട് പ്രയോജനമുണ്ടായില്ലെങ്കില്‍ റോഡ് വികസനത്തെ തുരങ്കം വെയ്ക്കും. സംസ്ഥാനത്ത് ഈയിടെ പലയിടങ്ങളിലും റോഡ് വീതികൂട്ടിയിരുന്നു. ആ സമയം സിഗ്‌നല്‍ മാറ്റിവെയ്ക്കാനുള്ള വയറിടാന്‍ സീബ്രാവരയില്‍ നാലിഞ്ച് വീതിയില്‍ കുഴിയെടുക്കുന്നതിന് റോഡ് ഫണ്ട് ബോര്‍ഡിനെ ചില ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ വിലക്കിയിരുന്നു.
പരസ്യമാഫിയയ്ക്ക് ട്രാഫിക് പോലീസിന്റെ പേരില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ എതിരുനിന്ന റോഡ് ഫണ്ട് ബോര്‍ഡിന് ട്രാഫിക് പോലീസ് നല്‍കിയ ശിക്ഷയായിരുന്നു അത്. സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍, തങ്ങള്‍ക്ക് പണി തുടരാനാവില്ലെന്ന് റോഡ് ഫണ്ട് ബോര്‍ഡിനെ അനൗദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്ക് ജനവരിയില്‍ റോഡ് ഫണ്ട് ബോര്‍ഡ് കത്തെഴുതി. റോഡ് ഫണ്ട് ബോര്‍ഡും പി.ഡബ്ല്യു.ഡിയും സ്ഥാപിച്ച തെരുവുവിളക്കുകളും സിഗ്‌നല്‍ പാനലുകളും പരസ്യമാഫിയ നശിപ്പിക്കുന്നതും തങ്ങള്‍ക്കിഷ്ടമുള്ളയിടത്ത് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും സംസ്ഥാനത്ത് പതിവാണ്. അശാസ്ത്രീയമായി സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതും സൈന്‍ ബോര്‍ഡുകള്‍ വെയ്ക്കുന്നതും വന്‍ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന റോഡ് സുരക്ഷാവിദഗ്ദ്ധരുടെ മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചാണ് ട്രാഫിക് പോലീസുകാര്‍ പരസ്യമാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നത്.