അന്ധാളിപ്പിക്കുന്ന 'യുദ്ധക്കളങ്ങള്‍'
Posted on: 09 Feb 2010
ശ്രീന്‍, കാട്ടുകുളങ്ങര, കാസര്‍കോട്
ഒന്നിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതോ, അസാധാരണമായ തോതില്‍ സഹാനുഭൂതി അര്‍ഹിക്കുന്നതോ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സംബന്ധിച്ചതോ ആയ കാര്യങ്ങളെ പത്രങ്ങള്‍ ഒറ്റവാര്‍ത്തയില്‍ ഒതുക്കാറില്ല. പ്രധാന സംഭവങ്ങളെ വലിയൊരു വാര്‍ത്തയാക്കിയിട്ട്, അതിനു പിന്നിലുള്ള മനുഷ്യത്വപരമോ വൈകാരികമോ, സംഭ്രമജനകമോ ആയ വശങ്ങളെ, സംഭവത്തിന്റെ പ്രാധാന്യമനുസരിച്ച് ഒന്നോ അതിലേറെയോ റിപ്പോര്‍ട്ടുകളില്‍ വിവരിക്കാറാണ് പതിവ്. പ്രധാനവാര്‍ത്ത കഴിവതും ഒന്നാം പേജിലും ഉപവാര്‍ത്തകള്‍ പ്രാദേശിക പേജുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും ഉള്‍പ്പേജിലും കൊടുക്കാമെന്ന കണക്കുകൂട്ടലിലായിരിക്കും അത്. എന്നാല്‍, ഏറെ പ്രാധാന്യമുള്ള വാര്‍ത്തകളുടെ ആധിക്യമുണ്ടാകുന്ന ദിവസങ്ങളില്‍ ഒന്നാം പേജിലേക്ക് ആദ്യം ഉദ്ദേശിച്ചിരുന്ന വാര്‍ത്തകള്‍ മുഴുവന്‍ കൊടുക്കാനായെന്നുവരില്ല. അത്തരം വാര്‍ത്തകള്‍ 5, 7 പേജുകളിലേതിലെങ്കിലും കൊടുക്കാനേ നിര്‍വാഹമുണ്ടാവൂ. അതിനു മുന്‍പേയുള്ള പ്രാദേശിക വാര്‍ത്താപേജുകളായ 2, 3 എന്നിവയില്‍ ഉപവാര്‍ത്തകള്‍, അതിനകം സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും. കാരണം, പൊതുവാര്‍ത്താപേജുകളേക്കാള്‍ മുന്‍പേ തയ്യാറാക്കുന്നവയാണ് പ്രാദേശിക പേജുകള്‍. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും ഒരു സംഭവത്തിന്റെ യഥാര്‍ത്ഥ വിവരണമടങ്ങുന്ന വാര്‍ത്ത ഉള്‍പ്പേജിലും ഉപവാര്‍ത്തകള്‍ അതിനു മുന്‍പേ കാണുന്ന പേജുകളിലും ആയിപ്പോകുന്നത്.
വടകര മേപ്പയില്‍ സലിം കെ. ഞക്കനാല്‍ ചൂണ്ടിക്കാണിച്ച, 'സി.പി.എം-ലീഗ് സംഘര്‍ഷം: കോട്ടപ്പള്ളിയില്‍ കടകള്‍ തകര്‍ത്തു' എന്ന വാര്‍ത്തയ്ക്ക് സംഭവിച്ചത് ഇതാണ്. അത് മൂന്നാം പേജിലെങ്കിലും കൊടുക്കാന്‍ കഴിഞ്ഞതുകൊണ്ട് 'യുദ്ധക്കളം പോലെ കോട്ടപ്പള്ളി' എന്ന ഉപവാര്‍ത്ത രണ്ടാം പേജില്‍ കണ്ടതിന്റെ അന്ധാളിപ്പ് അധികം നീണ്ടുനിന്നിരിക്കില്ല എന്നാശിക്കാം. ഒഴിവാക്കേണ്ടതുതന്നെയെങ്കിലും ചില ഘട്ടങ്ങളില്‍ അതു സാധ്യമാകാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്.
പുറത്തിറങ്ങാത്ത ചലച്ചിത്രങ്ങളുടെ കൂട്ടത്തില്‍ എസ്.കെ. പൊറ്റെക്കാടിന്റെ 'പുള്ളിമാന്‍' ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് കോഴിക്കോട് മാനിപുരത്തെ സുധാകരന്‍ എഴുതിയിരിക്കുന്നു. ജനവരി 26ലെ പത്രത്തില്‍ കെ. രാഘവനെക്കുറിച്ചുള്ള 'സംഗീതകുലപതിയെ തേടി പത്മശ്രീയുടെ തിളക്കം' എന്ന ലേഖനത്തിലെ പരാമര്‍ശത്തെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ഇ.എന്‍. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1972ല്‍ പുറത്തിറങ്ങിയ 'പുള്ളിമാന്‍' എന്ന ചലച്ചിത്രമാണ് അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടുന്നത്. അതും എസ്.കെ. പൊറ്റെക്കാടിന്റെ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണെങ്കിലും യശഃശരീരനായ ബാബുരാജാണ് അതില്‍ സംഗീതസംവിധാനം നിര്‍വഹിച്ചത്. അതിന് ഇരുപതോളം വര്‍ഷം മുന്‍പ് കെ. രാഘവന്‍ സംഗീതം നല്കിയ പാട്ടുകളുമായി 'പുള്ളിമാന്‍' ചലച്ചിത്രമാക്കിയിരുന്നു എങ്കിലും അതു വെളിച്ചം കണ്ടിരുന്നില്ല. ലേഖനത്തില്‍, 'കതിരു കാണാക്കിളി', 'പുള്ളിമാന്‍' എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല എന്ന പരാമര്‍ശം ഈ വസ്തുതയെ അവലംബിച്ചാണ്.
എന്നാല്‍, കഴിഞ്ഞുപോയത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അറുപതാമത്തെയോ അറുപത്തിയൊന്നാമത്തെയോ വാര്‍ഷികദിനമെന്ന സുധാകരന്റെ സംശയം പ്രസക്തമാണ്. അതിനുശേഷം നാലുദിവസം കഴിഞ്ഞുനടന്ന ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണം 62-ാമത്തേതോ 63-ാമത്തേതോ എന്ന മഞ്ചേരി നറുകര വടക്കേതില്‍ വിനോദ് കുമാറിന്റെ സംശയം കൂടി അതോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഇന്ത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച 1950 ജനവരി 26 ഒന്നാമത്തേത് എന്ന കണക്കില്‍ നോക്കുമ്പോഴാണ് ഇത് 61-ാം റിപ്പബ്ലിക് ദിനമാവുക. അതുപോലെ ഗാന്ധിജി വെടിയേറ്റുമരിച്ച 1948 ജനവരി 30 ഒന്നാം രക്തസാക്ഷിത്വദിനമായെടുക്കുമ്പോള്‍ ഇക്കഴിഞ്ഞത് 63-ാമത്തേതാകും. ജന്മദിനം കണക്കുകൂട്ടുമ്പോഴും കാണാം ഈ വ്യത്യാസം. ഒന്നാംപിറന്നാള്‍ ആഘോഷിക്കുക ഒരു വയസ്സു തികയുമ്പോഴാണെന്ന കണക്കുവെച്ച് വാര്‍ഷിക കണക്കുകൂട്ടുന്നതാവും ഉചിതം. എന്തായാലും രണ്ടുതരം കണക്കും ഒരേ പത്രത്തില്‍, വിശേഷിച്ച് ഒരേ വാര്‍ത്തയില്‍ വരുന്നത് ഒട്ടും ശരിയല്ല.
'ആസ്‌ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവ പുറത്ത്; നഡാലിനു ജയം' എന്ന ജനവരി 19ലെ വാര്‍ത്തയില്‍ 'നഡാലിന് ആദ്യ ടെസ്റ്റില്‍ മാത്രമേ കടുത്ത എതിര്‍പ്പു നേരിടേണ്ടിവന്നുള്ളൂ' എന്നൊരു വാക്യം ഉള്ളത് എറണാകുളം എടവനക്കാട്ടെ ഡോ. ടി. ജോണ്‍ ജോര്‍ജ് എടുത്തുകാട്ടുന്നു. ക്രിക്കറ്റിന്റെ അതിപ്രസരം മൂലമാവാം ടെന്നീസിലും 'സെറ്റി'നു പകരം 'ടെസ്റ്റ്' കയറിക്കൂടിയതെന്നേ പറയാനാവൂ. 'കോളറ, വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ ശമനത്തിന് മുടിയേറ്റും അവ വരാതിരിക്കാന്‍ തീയാട്ടും വഴിപാടായി നടത്തും' എന്ന് മധുരം മലയാളത്തിലെ 'ശൈലി'യില്‍ പറയുന്നുണ്ട്. എന്നാല്‍ തലക്കെട്ടില്‍ 'വരാതിരിപ്പാന്‍ മുടിയേറ്റും വന്നാല്‍ പോവാന്‍ തീയാട്ടും' എന്നു തെറ്റായി കൊടുത്തിട്ടുള്ളതും ഡോക്ടറും, കൊച്ചി ഇടപ്പള്ളിയിലെ പി. രാമാനന്ദനും ചൂണ്ടിക്കാട്ടുന്നു.
'വിലക്കയറ്റം: രണ്ടുമാസത്തേക്ക് റേഷന്‍ വര്‍ധിപ്പിച്ചു' എന്ന ജനവരി 22ലെ വാര്‍ത്തയില്‍ 'അരി കിലോയ്ക്ക് 10.80 രൂപയ്ക്കും ഗോതമ്പ് 15.35 രൂപയ്ക്കുമായിരിക്കും കാര്‍ഡുടമകള്‍ക്കു നല്കുക' എന്നു കൊടുത്തതിലെ പിശകാണ് കോഴിക്കോട്ടെ ടി. ബാലകൃഷ്ണന്‍ എടുത്തുപറയുന്നത്. അരിയുടെയും ഗോതമ്പിന്റെയും വില പരസ്പരം മാറിപ്പോയത്, അദ്ദേഹം പറയുന്നതുപോലെ അങ്ങാടിനിലവാരം അറിയാത്തതിന്റെ കുഴപ്പം കൊണ്ടുതന്നെയായിരിക്കണം. 'ഓഹരി വിപണികളില്‍ തകര്‍ച്ച: ബാങ്കുകള്‍ക്ക് കടിഞ്ഞാണിടും - ഒബാമ' എന്ന ഒരേ വാര്‍ത്ത ജനവരി 23ലെ കണ്ണൂര്‍ പതിപ്പില്‍ അഞ്ചാം പേജിലും പതിനാലാം പേജിലും കൊടുത്തത് തലശ്ശേരിയിലെ ബഷീര്‍ ചിറക്കര ശ്രദ്ധയില്‍പ്പെടുത്തുന്നു.
ജനവരി 19ലെ പത്രത്തില്‍ പാകിസ്താന്‍-ആസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'ആസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ പരമ്പരയിലെ താരമായി' എന്നു കൊടുത്തിരിക്കുന്നു. അഞ്ചോളം ഓള്‍റൗണ്ടര്‍മാരുള്ള ആസ്‌ട്രേലിയന്‍ ടീമില്‍ മാന്‍ ഓഫ് ദ സീരീസ് ആയത് ആരാണെന്ന് വ്യക്തമാക്കാതിരുന്നതിന് 'ഓള്‍ റൗണ്ടര്‍' എന്നത് കളിക്കാരന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചതാണോ എന്ന് ചെന്നൈയിലെ ബഷീര്‍ തലശ്ശേരി പരിഹസിക്കുന്നു.
വായനക്കാര്‍ ചൂണ്ടിക്കാണിച്ച മറ്റുചില തകരാറുകള്‍ ചുവടെ (കത്തയച്ചവരുടെ പേരുവിവരം ബ്രാക്കറ്റില്‍) :
'കുന്നമ്മക്കര ബാങ്ക് തിരഞ്ഞെടുപ്പ്: മുഴുവന്‍ സീറ്റിലും ജനതാദളിന് വന്‍വിജയം' എന്ന ജനവരി 21ലെ വാര്‍ത്ത (കൊച്ചി പതിപ്പ്) യില്‍ 'വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ്' എന്നു കൊടുത്തതില്‍ അനൗചിത്യമുണ്ട്. പരാജയമാകുമ്പോള്‍ 'വന്‍വ്യത്യാസത്തില്‍' എന്നാക്കുന്നതാണ് ഉചിതം (കെ.കെ. വേണുഗോപാലന്‍, മുളന്തുരുത്തി).
ജസ്റ്റിസ് (റിട്ട.) വി.ആര്‍. കൃഷ്ണയ്യര്‍ പ്രധാനമന്ത്രിക്കയച്ച കത്തിനെക്കുറിച്ചുള്ള ജനവരി 20ലെ വാര്‍ത്തയില്‍ 'താന്‍ ആരെക്കുറിച്ചും ദുഃസൂചനകള്‍ നല്കുന്നില്ലെന്നും നീതിപീഠത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി ഉള്‍ക്കൊള്ളുമെന്നും കൃഷ്ണയ്യര്‍ പ്രത്യാശിച്ചു' എന്ന വാക്യത്തിന്റെ ഘടനയില്‍ തെറ്റുണ്ട്. 'ദുഃസൂചന നല്കുന്നില്ലെന്ന്' പ്രത്യാശിക്കാന്‍ സാധ്യതയില്ല. പൊരുത്തമില്ലാത്ത രണ്ടുവാക്യഭാഗങ്ങളെ ഒരു കര്‍മ്മരൂപം കൊണ്ടു കൂട്ടിച്ചേര്‍ത്തപ്പോഴുണ്ടായ കുഴപ്പമാണിത് (സി. ദിവാകരന്‍, അമ്പലംമുക്ക്, തിരുവനന്തപുരം).
'നാഗര്‍കോവിലിലേക്ക് രണ്ട് പ്രത്യേക തീവണ്ടി' എന്ന ജനവരി 13ലെ വാര്‍ത്തയില്‍ അന്നേദിവസം തിരുനെല്‍വേലിയില്‍ നിന്ന് ചെന്നൈയിലേക്കും അടുത്ത ദിവസം തിരിച്ചും വണ്ടി ഓടിക്കുന്ന കാര്യമാണ് പറയുന്നത്. നാഗര്‍കോവിലിലേക്കല്ല (എം.എസ്. ജയദേവന്‍, കാണക്കാരി, കോട്ടയം).
'ആകാശ വിസ്മയമൊരുക്കി സൂര്യകിരണ്‍' എന്ന ജനവരി 19ലെ വാര്‍ത്തയില്‍ കിരണ്‍ വിമാനങ്ങള്‍ വ്യോമസേനയുടെ കര്‍ണ്ണാടകത്തിലെ 'ബീഥല്‍' ആസ്ഥാനത്തു നിന്നുള്ളതാണെന്നു കണ്ടു. കര്‍ണാടകയിലെ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ബീദറിലാണ് (കെ.ആര്‍. സുനില്‍, ആവടി, ചെന്നൈ).
'അപ്പുവിന് ആശ്വാസം പകരാന്‍ ആളുകളേറെ' എന്ന ഫിബ്രവരി ഒന്നിലെ വാര്‍ത്തയില്‍ 'അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്ന് വരള്‍ച്ച മുരടിച്ച അപ്പുവിന്' എന്നുകാണുന്നു. 'വളര്‍ച്ച'യാണ് 'വരള്‍ച്ച'യായത് എന്തൊരു വ്യത്യാസം?