കൊച്ചിയെ റസൂല്‍ 'ശബ്ദനഗര'മാക്കുന്നു

Posted on: 09 Feb 2010


ഡി. ഷൈജുമോന്‍



300 കോടിയുടെ പദ്ധതി



* പദ്ധതിക്കായി കേരള സര്‍ക്കാരിന്റെ പങ്കാളിത്തം തേടും

* പദ്ധതിക്കായി കാക്കനാട് സ്ഥലം കണ്ടെത്തി

* 300 കോടിയുടേതാണ് ശബ്ദനഗരം പദ്ധതി

* ശബ്ദലേഖനവുമായി ബന്ധപ്പെട്ട വന്‍കിട സൗകര്യങ്ങള്‍ ഒരുക്കും



കൊച്ചി:ചലച്ചിത്ര ശബ്ദലേഖനത്തിന്റെ എല്ലാ സാങ്കേതികവിദ്യാ പരിശീലനവും സാധ്യമാവുന്ന 'സൗണ്ട് സിറ്റി' കൊച്ചിയില്‍ ഉയരുന്നു. മലയാളിയും ഓസ്‌കര്‍ പുരസ്‌കാര ജേതാവുമായ റസൂല്‍ പൂക്കുട്ടിയുടെ കേരളത്തിലെ സ്വപ്നപദ്ധതിയാണ് 'ശബ്ദനഗരം'.
റെക്കോഡിങ് സ്റ്റുഡിയോകള്‍, തീയറ്ററുകള്‍, സൗണ്ട് ഡിസൈന്‍ ലാബ്, ക്രിയേറ്റീവ് വില്ലേജ്, മീഡിയ സ്‌കൂള്‍, ശബ്ദമിശ്രണ എക്‌സിബിഷന്‍ കേന്ദ്രം തുടങ്ങിയവ ഉള്‍പ്പെടെ ചലച്ചിത്ര ശബ്ദലേഖനവുമായി ബന്ധപ്പെട്ട വന്‍കിട സൗകര്യങ്ങളാണ് 'സൗണ്ട് സിറ്റി'യില്‍ ഉണ്ടാവുകയെന്ന് റസൂല്‍ പൂക്കുട്ടി 'മാതൃഭൂമി'യോട് പറഞ്ഞു.

കൊച്ചിയില്‍ കാക്കനാടാണ് റസൂലിന്റെ 'ശബ്ദനഗരം' പദ്ധതിക്കായി പരിഗണിക്കപ്പെടുന്നത്. കാക്കനാട് ഇതിനായി ആറ് ഏക്കര്‍ സ്ഥലം റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുപോയാല്‍ രണ്ടുവര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാകും. 300 കോടിയോളം രൂപയുടേതാണ് 'ശബ്ദനഗരം' പദ്ധതി.

ഇന്ത്യയില്‍ മറ്റൊരിടത്തും ലഭ്യമാവാത്ത സിനിമാ ശബ്ദലേഖന-ശബ്ദമിശ്രണ സാങ്കേതിക സൗകര്യങ്ങള്‍ കേരളത്തില്‍ കൊണ്ടുവരികയെന്നതാണ് തന്റെ സ്വപ്നമെന്ന് റസൂല്‍ പറയുന്നു. പദ്ധതിക്കായി കേരള സര്‍ക്കാരിന്റെ പങ്കാളിത്തം തേടുന്നുണ്ട്. പദ്ധതിയുടെ ഡ്രാഫ്ട് അടുത്തദിവസം സര്‍ക്കാരിന് സമര്‍പ്പിക്കും. കേരളത്തിന്റെ സിനിമാ സാങ്കേതിക വിദ്യാ വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുന്ന 'ശബ്ദനഗരം' പദ്ധതിക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റസൂല്‍ കൂട്ടിച്ചേര്‍ത്തു.

'സൗണ്ട് സിറ്റി'യില്‍ ഉള്‍പ്പെടുന്ന മീഡിയ സ്‌കൂളില്‍ പത്ത് പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം നല്‍കുക. ഇതില്‍ രണ്ടുപേര്‍ക്ക് പഠനം തികച്ചും സൗജന്യമായി അനുവദിക്കും. രണ്ടുപേര്‍ക്ക് 50 ശതമാനം ഫീസ് ഇളവും നല്‍കും. റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിന്‍ കീഴിലാവും 'സൗണ്ട് സിറ്റി' പ്രവര്‍ത്തിക്കുക.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/