ജില്ലാടിസ്ഥാനത്തില്‍ മാതൃകാ ഹോമിയോ ഡിസ്‌പന്‍സറികള്‍ വരുന്നു

Posted on: 16 Feb 2012


ബി.രാജേഷ്‌കുമാര്‍പട്ടികജാതി കോളനികളില്‍ ആരോഗ്യ കേന്ദ്രം തുറക്കും


കൊച്ചി: ഓരോ ജില്ലയിലെയും സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളുടെ മുഖച്ഛായ മാറ്റാന്‍ സമഗ്രപദ്ധതി ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത ഓരോ ഡിസ്‌പെന്‍സറികള്‍ ആധുനിക സൗകര്യങ്ങളോടെ മാതൃകാഹോമിയോ ഡിസ്‌പെന്‍സറികള്‍ ആക്കുന്നതിനുള്ള നടപടി തുടങ്ങി.കൂടാതെ ഒന്‍പത് ജില്ലകളില്‍ പട്ടികജാതി വിഭാഗത്തിന് തൊഴിലുറപ്പാക്കി കോളനികളില്‍ 29 പുതിയ ഹോമിയോ ആരോഗ്യകേന്ദ്രങ്ങളും തുടങ്ങും.

തൃശ്ശൂരില്‍ എട്ടും മലപ്പുറത്ത് നാലും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ ഒന്നും കോഴിക്കോട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളില്‍ മൂന്നും വീതം പട്ടികജാതി കോളനികളിലാണ് ഹോമിയോ ആരോഗ്യകേന്ദ്രങ്ങള്‍ വരുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ 1.67 കോടി രൂപ വിനിയോഗിച്ച് കോളനിയുടെ രണ്ടര കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും കേന്ദ്രം സ്ഥാപിക്കുക.കോളനിയില്‍ നിന്നുള്ളവരെ പാര്‍ട്ട് ടൈം സ്വീപ്പറായും അറ്റന്‍ഡറായും നിയമിക്കും. ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും ഓരോമാസവും ഹോണറേറിയം നല്‍കും.എല്ലാ ജില്ലകളിലും സ്വന്തമായി കെട്ടിടം ഉള്ള ഓരോ ഡിസ്‌പെന്‍സറികളാണ് മാതൃകാ ഡിസ്‌പെന്‍സറികളായി ഉയര്‍ത്തുന്നത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹോസ്​പിറ്റല്‍ നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങളോടെയായിരിക്കും ഇവ സജ്ജമാക്കുക. 14 ആസ്​പത്രികള്‍ക്കും ഒന്നര ലക്ഷം രൂപ വീതം പ്‌ളാന്‍ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികളെത്തുന്നതും വികസനസാധ്യതയുള്ളതും ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരുള്ളതുമായ സ്ഥാപനങ്ങളെയാണ് തുടക്കത്തില്‍ മാതൃകാ ഡിസ്‌പെന്‍സറികളായി ഉയര്‍ത്തുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം, കൊല്ലത്ത് പത്തനാപുരം, പത്തനംതിട്ടയില്‍ പന്തളം, ആലപ്പുഴയില്‍ കരുവാറ്റ, കോട്ടയത്ത് തലയോലപ്പറമ്പ്, ഇടുക്കിയില്‍ കട്ടപ്പന, എറണാകുളത്ത് ചേരാനെല്ലൂര്‍, തൃശ്ശൂരില്‍ എസ്.എന്‍.പുരം, പാലക്കാട് പട്ടിത്തറ, മലപ്പുറത്ത് പരപ്പനങ്ങാടി, കോഴിക്കോട് കോക്കലൂര്‍, വയനാട് തരിയോട്, കണ്ണൂര്‍ അഞ്ചരക്കണ്ടി , കാസര്‍കോട് ചിറ്റാരിക്കല്‍ എന്നീ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളെയാണ് മാതൃകാ ഡിസ്‌പെന്‍സറികളാക്കി മാറ്റുന്നത്.

ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്. ഇരിപ്പിടം, ശുദ്ധജലം കിട്ടാനുള്ള മാര്‍ഗം, അമ്മമാര്‍ക്ക് മുലയൂട്ടാനുള്ള മുറി, പ്രായംചെന്നവര്‍ക്ക് കിടക്കാനുള്ള സൗകര്യം തുടങ്ങിയവ ഉണ്ടാവും. ഇലക്‌ട്രോണിക് ഡിസ്​പ്‌ളേ സംവിധാനം ഉള്‍പ്പെടുത്തിയുള്ള ടോക്കണ്‍ സമ്പ്രദായമാണ് മറ്റൊരു പ്രത്യകത. രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ കംപ്യൂട്ടറില്‍ ക്രോഡീകരിക്കുകയും ചെയ്യും. മാതൃകാ ഡിസ്‌പെന്‍സറികളിലെ ഡോക്ടര്‍മാരും ജീവനക്കാരുംയൂണിഫോം ധരിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തിലണിയുകയും വേണമെന്നും നിഷ്‌കര്‍ഷയുണ്ടന്ന് പദ്ധതി ആവിഷ്‌കരിക്കലിന് നേതൃത്വം നല്‍കിയ ഹോമിയോപ്പതി ഡയറക്ടറേറ്റിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. ജി.എസ് ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു. വികലാംഗരായ രോഗികള്‍ക്ക് പ്രത്യേകം ടോയ്‌ലെറ്റും നിര്‍മിക്കാന്‍ പദ്ധതിയില്‍ പറയുന്നു.

രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ പരസ്​പരം മാറിപ്പോകാതിരിക്കാന്‍ പേരും ഡോസും വ്യക്തമാക്കിയ ലേബലൊട്ടിച്ച് പ്രത്യേക കിറ്റിലാക്കി നല്‍കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/