അക്ഷരവെളിച്ചം പകരാന്‍ അന്ധസഹോദരിമാര്‍

Posted on: 12 Feb 2012




കോട്ടയം: ഇരുള്‍മൂടിയ ലോകത്ത് അക്ഷരങ്ങളുടെ വെളിച്ചത്തില്‍ ജീവിതം കെട്ടിപ്പടുക്കാനൊരുങ്ങുകയാണ് ജന്മനാ അന്ധരായ മൂന്ന് സഹോദരിമാര്‍. കഠിനാധ്വാനംകൊണ്ട് അന്ധതയെ തോല്പിച്ച് ബി.എഡ്. കരസ്ഥമാക്കിയ ഹബിക്കും ലൈനയ്ക്കും റെയ്‌നയ്ക്കും അധ്യാപികമാരായി ലോകത്തിനുതന്നെ വെളിച്ചം പകരുകയാണ് ജീവിതലക്ഷ്യം.

പാലക്കാട് ശ്രീകൃഷ്ണപുരം കോട്ടപ്പുറം പുത്തന്‍വീട്ടില്‍ അബൂബക്കറുടെയും നബീസയുടെയും അഞ്ച് പെണ്‍മക്കളില്‍ മൂന്നുപേരും ജന്മനാ അന്ധരാണ്. ഏറ്റവും മുതിര്‍ന്ന റംലയ്ക്കും ഏറ്റവും ഇളയ റഷീദയ്ക്കും കാഴ്ചയുണ്ട്.

തുന്നല്‍ക്കാരനായ ബാപ്പ തയ്ച്ചുകിട്ടുന്ന തുച്ഛമായ പണംകൊണ്ടാണ് കുടുംബം കഴിയുന്നത്. പ്രാരബ്ധങ്ങള്‍ക്കിടയിലും അന്ധതയുടെ പരിമിതികളെ കഠിനാധ്വാനത്തിലൂടെ അതിജീവിക്കാന്‍ ബാപ്പ ഈ കുട്ടികളെ പഠിപ്പിച്ചു.

ഏഴാം ക്ലാസ്സ് വരെ കോട്ടപ്പുറം എച്ച്.കെ.സി.എം.എം. ബ്ലൈന്‍ഡ് സ്‌കൂളിലായിരുന്നു ഇവരുടെ പഠനം. തോട്ടറ കരിമ്പുഴ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ബ്രെയ്‌ലി ലിപിക്കൊപ്പം പറഞ്ഞുകേട്ടായിരുന്നു പഠനം. പലപ്പോഴും പാഠഭാഗങ്ങള്‍ സി.ഡി.യില്‍ റെക്കോഡ് ചെയ്ത് കേട്ടുപഠിച്ചു. കൂട്ടുകാരുടെ സഹായത്തോടെ നോട്ടുകള്‍ തയ്യാറാക്കി. സഹായിയെ വച്ച് പരീക്ഷയെഴുതി.

കല്ലടി എം.ഇ.എസ്. കോളേജില്‍നിന്ന് ബി.എ. ഹിസ്റ്ററിയില്‍ ഫസ്റ്റ് ക്ലാസ്സോടെയാണ് ചേച്ചിയായ ഹബി(30) വിജയിച്ചത്. ലൈന(28) പൊളിറ്റിക്‌സിലും അനുജത്തി റെയ്‌ന (27) ഇസ്ലാമിക് ഹിസ്റ്ററിയിലുമാണ് ബിരുദം നേടിയത്. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും എറണാകുളം മഹാരാജാസിലുമായിരുന്നു ഇവരുടെ പഠനം.

ഹബിയും ലൈനയും ഒറ്റപ്പാലം എന്‍.എസ്.എസ് ബി.എഡ്. കോളേജിലാണ് ബി.എഡ്. പഠിച്ചത്. റെയ്‌ന എറണാകുളം സെന്റ് ജോസഫ്‌സ് ബി.എഡ്. കോളേജിലും. ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ മദ്രാസ് മെറീനാ കാമ്പസില്‍ എം.എ. ചെയ്യുകയാണ് ഇപ്പോള്‍ റെയ്‌ന. ഹൈസ്‌കൂള്‍ അധ്യാപിക തസ്തികയിലേക്ക് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഹബിയും ലൈനയും.

'സഹതാപമല്ല, കഴിവിനനുസരിച്ചുള്ള അംഗീകാരമാണ് വേണ്ടത്'- കോട്ടയത്ത് നടക്കുന്ന കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്‌സ് സംസ്ഥാന സമ്മേളനത്തിനെത്തിയ ഈ സഹോദരിമാര്‍ പറയുന്നു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/