എസ്.ഐ.ടി.യും സര്‍ക്കാറും തെളിവ് നശിപ്പിച്ചെന്ന് സഞ്ജീവ് ഭട്ട്‌

Posted on: 12 Feb 2012



അഹമ്മദാബാദ്: 2002-ല്‍ ഗുജറാത്തിലുണ്ടായ കലാപത്തെക്കുറിച്ചുള്ള പ്രധാന തെളിവുകള്‍ സംസ്ഥാന സര്‍ക്കാറും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘവും (എസ്.ഐ.ടി.) നശിപ്പിച്ചതായി മുഖ്യമന്ത്രി മോഡിക്കെതിരെ മൊഴി നല്‍കിയ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപിച്ചു.

കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന് അയച്ച കത്തിലാണ് അദ്ദേഹം ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.

''സ്വാധീനമുള്ള ആളുകളെ നിയമപരമായ ശിക്ഷയില്‍ നിന്ന് രക്ഷിക്കുന്നതിനും അവര്‍ക്കെതിരെയുള്ള നിര്‍ണായകവും പ്രസക്തവുമായ തെളിവുകള്‍ കോടതികള്‍ക്ക് മുമ്പില്‍ എത്തില്ലെന്ന് ഉറപ്പിക്കാനുമുള്ള നീച ലക്ഷ്യത്തോടെ' യാണ് ഈ നടപടികളെന്ന് അദ്ദേഹം ആരോപിക്കുന്നു. സുപ്രീം കോടതി നിയോഗിച്ച ആര്‍.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം കലാപത്തില്‍ മോഡിയുടെ പങ്കിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തിലാണ് ഭട്ടിന്റെ ആരോപണം.

കലാപം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതില്‍ കമ്മീഷന്‍ കാണിച്ച കാലതാമസമാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കും എതിരെയുള്ള തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടയാക്കിയതെന്നും ഭട്ട് കത്തില്‍ കുറ്റപ്പെടുത്തുന്നു.

കലാപകാലത്ത് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ട് മുഖ്യമന്ത്രിക്കെതിരെ സുപ്രീം കോടതിയില്‍ മൊഴി നല്‍കിയതോടെ സര്‍ക്കാറിന് അനഭിമതനായിരുന്നു.

വ്യാജസത്യവാങ്മൂലം തയ്യാറാക്കിയെന്നാരോപിച്ച് അറസ്റ്റിലായ ഭട്ട് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുക്കണമെന്ന് മോഡി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു ഭട്ടിന്റെ മൊഴി.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/