മൗനം പോലും മധുരം...

Posted on: 12 Feb 2012


സരോജം കെ. മല്ല്യ



പാലക്കാട്: പഴച്ചാറുകളെക്കാള്‍ മധുരമുള്ള മനസ്സാണ് ഈ കടയിലുള്ളവര്‍ക്ക്. ദൈവം ശബ്ദം കൊടുക്കാന്‍ മറന്നുപോയ എട്ടുപേരുണ്ടിവിടെ;കടയിലെത്തുന്നവര്‍ക്ക് വേണ്ടതുനല്‍കാന്‍... കേള്‍ക്കാനും സംസാരിക്കാനും കഴിയില്ലെങ്കിലും ജോലിയിലെ കഴിവിനും കൈവേഗത്തിനുമൊക്കെ ആത്മാര്‍ഥതയുടെ തിളക്കം.ഇവരുടെ വൈകല്യത്തെ സംശയിക്കാതെ ജോലികൊടുത്ത കടയുടമ സത്യനാരായണന്റെ നന്മയ്ക്കും പ്രകാശമേറെ.

പാലക്കാട് കോര്‍ട്ട്‌റോഡില്‍ ജില്ലാ ആസ്​പത്രിയ്ക്ക് എതിര്‍വശമുള്ള സിന്ധുകൂള്‍ബാറിലെ എട്ടു സപ്ലൈയര്‍മാരും ബധിരമൂകരാണ്. പക്ഷേ, പണിയുടെ ബഹളം തുടങ്ങിയാല്‍ എല്ലാവരും മിടുക്കര്‍. കടയിലെത്തുന്നവര്‍ക്കുമുന്നില്‍ ആദ്യമെത്തുക ഒരു പേനയും പേപ്പറുമാണ്. 'മിണ്ടാനാവില്ല, എഴുതിത്തരൂ' എന്ന് ആംഗ്യം. വേണ്ടത് എഴുതികൊടുത്താല്‍ അകത്തുപോയി പറയാന്‍ ഇവര്‍തന്നെ ഒരു 'ജ്യൂസ് ഭാഷ' ഉണ്ടാക്കിയിട്ടുണ്ട്.

തള്ളവിരല്‍ മുകളിലേക്ക് പിടിച്ചാല്‍ ആപ്പിള്‍ജ്യൂസ്, താഴെയായാല്‍ കോള്‍ഡ് കോഫി, പല്ല് കാണിച്ചാല്‍ വാനില ഷേക്ക്, പറക്കുംപോലെ ഷാര്‍ജ, കൈ പകുതി വിടര്‍ത്തിയാല്‍ റോസ്മില്‍ക്ക്, മുഴുവന്‍ വിരിഞ്ഞാല്‍ ഫ്രൂട്ട്‌സാലഡ്... സിന്ധു കൂള്‍ബാറിലെ 12 മേശയ്ക്കുചുറ്റും ഇവര്‍ എട്ടുപേരും രാവിലെമുതല്‍ രാത്രിവരെ ഉണ്ടാവും. 'ഞങ്ങളെപ്പോലെയുള്ളവര്‍ക്കും എല്ലാ പണിയും ചെയ്യാനാകും' എന്ന് പറയുംപോലെയുള്ള മുഖവുമായി.

ജില്ലയുടെ വിവിധ പ്രദേശത്തുതാമസിക്കുന്ന ജിമ്മി, രാകേഷ്, സുരേഷ്, സതീഷ്, ശ്യാം, ശിവ, ശാരദ, സെല്‍വി... എട്ടുപേരാണ് കട നോക്കിനടത്തുന്നത്. ശാരദച്ചേച്ചിയാണ് കൂട്ടത്തില്‍ സീനിയര്‍. പിന്നെ ജിമ്മിയെത്തി. മലമ്പുഴ ഐ.ടി.ഐ.യില്‍ ഇലക്‌ട്രോണിക്‌സ് കോഴ്‌സിന്റെ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ് ജിമ്മി. രാകേഷും ശിവയുമൊക്കെ വി.എച്ച്.എസ്.ഇ. കോഴ്‌സ് പാസായവര്‍. മറ്റുള്ളവര്‍ പത്തുവരെ പഠിച്ചിട്ടുണ്ട്.

ജില്ലാ ബധിരമൂക അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് അതില്‍ പങ്കാളിയായപ്പോള്‍ സത്യനാരായണന്റെ മകള്‍ സന്ധ്യയാണ് ഇവര്‍ക്ക്‌സ്വന്തംകടയില്‍ ജോലി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. ശാരദച്ചേച്ചിയും ജിമ്മിയും നന്നായി പണിയെടുക്കുന്നതുകണ്ടപ്പോള്‍ ഇവര്‍ക്കിതു പറ്റുമെന്ന് ഉറപ്പായി. ഒഴിവുവന്നപ്പോള്‍ അസോസിയേഷനില്‍ നിന്നുതന്നെ ആളുകളെ നിയമിച്ചു. കടയിലെത്തുന്ന മിക്കവരും ഇവരോട് സഹകരിക്കും. കളിയാക്കുന്നവര്‍ ചുരുക്കം. എട്ടുപേര്‍ക്കും നാലക്ക ശമ്പളം കൊടുക്കുന്നുണ്ട്.

പിന്നെ ഭക്ഷണവും. ഏറ്റവും പ്രധാനം അവരുടെ മനസ്സില്‍ ഈ ജോലി ഉണ്ടാക്കിയ ധൈര്യവും സന്തോഷവുമാണ്. 'ഇപ്പോള്‍ ഞങ്ങള്‍ ഒരു കുടുംബംപോലെ' അസോസിയേഷന്റെ വൈസ് പ്രസിഡന്റു കൂടിയാണ് സന്ധ്യ. ഇവരെപ്പോലെയുള്ളവര്‍ക്ക് ജോലി കൊടുക്കാന്‍ കൂടുതല്‍പേര്‍ എത്തുമെന്ന പ്രതീക്ഷയുണ്ട് സന്ധ്യയ്ക്ക്. ഒപ്പം 'എന്തും' ചെയ്യാനുള്ള കഴിവുണ്ട്, ധൈര്യമായി ഏല്‍പ്പിക്കാമെന്ന ശുപാര്‍ശയും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/