
ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമം. കഴിഞ്ഞ രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള വിദ്യാര്‍ഥി ന്യൂഹാം ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു.
ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ എം.ബി.എ. വിദ്യാര്‍ഥിയായ യുവാവാണ് ആക്രമണത്തിനിരയായത്. വിദ്യാര്‍ഥിയുടെ പേര് അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പ്രവീണ്‍ റെഡ്ഡിയെന്ന് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെന്റ് സ്ട്രീറ്റില്‍വെച്ചാണ് വിദ്യാര്‍ഥിക്ക് കുത്തേറ്റതെന്നാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12 പേരില്‍ നാലുപേര്‍ കസ്റ്റഡിയിലാണെന്നും ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ വംശീയ വിദ്വേഷമല്ലെന്നാണ് കരുതുന്നത്.