പോലീസ് നയം -അതെന്താണ്?
Posted on: 12 Feb 2012
പോലീസ് നയം എന്നും ഒരു തര്‍ക്ക വിഷയമാണ്. എന്താണ് പോലീസ് നയമെന്ന് ആരും പറയില്ല. പോലീസിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കും നിശ്ശബ്ദത തന്നെ.
യഥാര്‍ഥത്തില്‍ പോലീസ് നയം എന്നൊന്നുണ്ടോ? അങ്ങനെയാണെങ്കില്‍ വൈദ്യുതി നയം, ഫോറസ്റ്റ് നയം. ട്രാന്‍സ്‌പോര്‍ട്ട് നയം, ധനകാര്യ നയം, പൊതുമരാമത്ത് നയം എന്നൊക്കെയുണ്ടാവേണ്ടതല്ലേ? മുപ്പത്തെട്ടു കൊല്ലം പോലീസില്‍ പല തുറകളിലായി കേരളത്തിലും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജോലിനോക്കിയ എനിക്ക്‌പോലീസ് നയം എന്നൊന്നുള്ളതായി അറിയില്ല. പോലീസിന്റെ പ്രവര്‍ത്തനത്തിനായി പോലീസ് ആക്ട്, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, ഇന്ത്യന്‍ പീനല്‍കോഡ്, ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, സെന്‍ട്രല്‍ നിയമങ്ങള്‍, ലോക്കല്‍ നിയമങ്ങള്‍, ആംസ് ആക്ട് മുതലായവയും പോലീസ് പ്രൊസീജ്യറുമാണുള്ളത്. പോലീസുദ്യോഗസ്ഥര്‍ ഈ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.
ഇതിനെയൊക്കെ മറികടന്ന് പോലീസിന് വല്ലതും ചെയ്യാനുണ്ടോ? അപ്പോള്‍ എന്താണീ പോലീസ് നയം? കൈക്കൂലി, സ്വജനപക്ഷപാതം, മൂന്നാം മുറ, മുഖം നോക്കി നിയമം നടപ്പാക്കല്‍, കൊടി നോക്കി നിയമം പാലിക്കല്‍, പണസഞ്ചിയുടെ കനം നോക്കിയുള്ള നിയമപാലനം, എവിടെനിന്നെങ്കിലും പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ ചീട്ടുകള്‍ നോക്കിയും ടെലിഫോണ്‍ കോളനുസരിച്ചും അറസ്റ്റ് ചെയ്യുക, വിടുക, കേസെടുക്കുക, ഇല്ലാതാക്കുക തുടങ്ങിയവ പോലീസ് നയത്തില്‍ പെടുമോ? തുറന്നു പറയണം.
-എ.കെ. വാസുദേവന്‍, ഐ.പി.എസ്. (റിട്ട.), കണ്ണൂര്‍.
പുതിയ രണ്ടു രൂപ നാണയങ്ങള്‍
പുതുതായി പുറത്തിറക്കിയ രണ്ടു രൂപ നാണയം അത് വാങ്ങുന്നവരിലും കൊടുക്കുന്നവരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. നിലവിലുള്ള ഒരു രൂപ നാണയത്തോട് വലിപ്പത്തിലും ആകൃതിയിലും സാദൃശ്യമുള്ള ഇതില്‍ രണ്ട് എന്ന അക്കത്തിനു മാത്രമേ വ്യത്യാസം കാണുന്നുള്ളൂ. അത് എളുപ്പത്തില്‍ വായിച്ചെടുക്കുക പ്രയാസമാണ്. വിദ്യാര്‍ഥികള്‍ക്കും കണ്ണിന് കാഴ്ചക്കുറവുള്ളവര്‍ക്കും രാത്രികാലങ്ങളില്‍ ബസ്സുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇത് കൈകാര്യം ചെയ്യുക ദുഷ്‌കരമായിരിക്കും.നിലവിലുള്ള പഴയ രണ്ടു രൂപയുടെയും അഞ്ചുരൂപയുടെയും നാണയങ്ങള്‍ വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തത പുലര്‍ത്തുന്നതിനാല്‍ ആര്‍ക്കും കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. പുതിയ അഞ്ചു രൂപ നാണയങ്ങളും നിലവില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. ആ നാണയങ്ങളും 50 പൈസയുടെ നാണയങ്ങളും തമ്മില്‍ തിരിച്ചറിയുക പ്രയാസം.
-രാഹുലന്‍ മാക്കഞ്ചേരി, തലക്കുളത്തൂര്‍.
ആദരിക്കേണ്ടതാരെ
പദ്മ പുരസ്‌കാരങ്ങള്‍, സാഹിത്യകലാദികളിലെ പ്രതിഭാശാലികള്‍ക്കുള്ള അവാര്‍ഡുകള്‍, ശാസ്ത്രം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹികസേവന പ്രവര്‍ത്തനം, അപരനെ രക്ഷിക്കാനുള്ള ധീരസാഹസികോദ്യമം ഇത്യാദി രംഗങ്ങളിലെ നേട്ടങ്ങളുടെ പേരിലുള്ള പലതരം ബഹുമതികള്‍-മഹത്ത്വസ്ഫുരണങ്ങളെ അംഗീകരിക്കാനുള്ള പല ഏര്‍പ്പാടുകളും നമ്മുടെ നാട്ടിലുണ്ട്.
എന്നാല്‍ മനസ്സംസ്‌കാരമഹിമയുടെ പേരില്‍ അര്‍ഹിക്കുന്ന ആദരങ്ങള്‍ ദേശീയതലത്തില്‍ നല്കുന്നുണ്ടോ? സത്യസന്ധത, വിശ്വസ്തത, നിസ്വാര്‍ഥത മുതലായ സ്വഭാവമഹിമകളുടെ അത്യസാധാരണ നിദര്‍ശനങ്ങളുണ്ടാവുമ്പോള്‍ അവ ബഹുജനത്തിന് മാതൃകയാവത്തക്കവണ്ണം ആദരിക്കുന്നതിന് എന്തെങ്കിലും സംവിധാനങ്ങളുണ്ടോ? ഉണ്ടെങ്കില്‍, ഭാഗ്യക്കുറി നറുക്ക് കടംപറഞ്ഞു മാറ്റിവെപ്പിച്ച അയ്യപ്പന്‍ വാങ്ങിയെന്നും വാങ്ങിയില്ലെന്നും പറയാവുന്ന നറുക്കിനെ ഭാഗ്യദേവത കടാക്ഷിച്ചപ്പോള്‍ അത് അയ്യപ്പന് അവകാശപ്പെട്ടതുതന്നെ എന്നു നിശ്ചയിച്ച സുരേഷിന് ഒരു ദേശീയ പുരസ്‌കാരം കിട്ടുമായിരുന്നു.
സമയത്തിന് പണം കൊടുക്കാത്ത അയ്യപ്പന് നറുക്കിന്റെ ഉടമാവകാശം സ്ഥാപിക്കാന്‍ ഒരു വഴിയുമില്ല. നറുക്ക് അയാളുടെ കൈവശമുണ്ടായിരുന്നുമില്ല. എന്നിട്ടും ഒരുകോടി നാല്പതിനായിരം സുരേഷിനെ പ്രലോഭിപ്പിച്ചില്ല. അത്യസാധാണമായ ഈ ധര്‍മബോധം അത്യുന്നതങ്ങളില്‍ വാഴുന്നവര്‍ക്കുപോലുമില്ലെന്ന് വ്യക്തമാക്കുന്ന അഴിമതിക്കേസുകള്‍ വീശിയടിക്കുന്ന കാലമാണിത്. ഈ സ്വഭാവമഹിമയെ ആദരിക്കാന്‍ നമ്മുടെ നാട്ടില്‍ ഒരു സംവിധാനവുമില്ല -ഉണ്ടാവേണ്ടതല്ലേ?
ധനവാനായ ചിറ്റിലപ്പള്ളി കൊച്ചൗസേപ്പ് തനിക്ക് കഴിയുന്ന ആദരം സുരേഷിന്നര്‍പ്പിച്ചു. നല്ലവരായ സാമാന്യര്‍ക്ക് അവരുടെ കഴിവനുസരിച്ച് സംഭാവന നല്കി സുരേഷിനെ കടങ്ങളില്‍നിന്നു മോചിപ്പിക്കാന്‍ ഒരു ഫണ്ട് ഉണ്ടാക്കുന്നതിന് ആരെങ്കിലും മുന്‍കൈയെടുത്താല്‍ നന്ന്. പത്രമുടമകള്‍ക്ക് അതു കഴിയും. വൃക്കദാനത്തിലൂടെ വലിയൊരു മാതൃക കാട്ടിയ ആ വ്യവസായ പ്രമുഖന്‍-ഗാന്ധിജി സങ്കല്പിച്ച തരത്തില്‍ 'ട്രസ്റ്റി' ആവാന്‍ കഴിവുള്ള ഒരു വ്യവസായിയെപ്പോലെ പ്രവര്‍ത്തിക്കുന്നു.
ജനഭൃത്യരാണെന്ന് സ്വയം തിരിച്ചറിയാതെ ജനഭര്‍ത്താക്കളെന്ന ഭാവത്തില്‍ വാഴുന്ന ഉദ്യോഗസ്ഥരുടെയും മറ്റും ഓഫീസുകളില്‍ ചുമരില്‍ ചില്ലിട്ടുവെക്കേണ്ടത് സുരേഷിനെപ്പോലുള്ളവരുടെ ചിത്രങ്ങളാണ്. അധികാരവും പദവികളും മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവരുടെ വലിയ പടങ്ങളോ പ്രതിമകളോ അല്ല നാല്‍ക്കൂട്ട കവലകളില്‍ പ്രതിഷ്ഠിക്കേണ്ടത്. കേരളം മാത്രമല്ല, മറ്റു പ്രദേശങ്ങളും ധര്‍മനിഷ്ഠയുള്ള ഇത്തരം മനുഷ്യരെപ്പറ്റി അറിയത്തക്കവണ്ണം ദേശീയതലത്തില്‍ സുരേഷിനെപ്പോലുള്ളവരെ ആദരിക്കണം.
നമ്മുടെ നാട് മുടിഞ്ഞുകൊണ്ടിരിക്കുന്നു എന്ന വിഷാദത്തില്‍ മുങ്ങി ശ്വാസംമുട്ടുമ്പോള്‍ ഗാന്ധിജി ജീവിച്ചത് വെറുതെയായില്ല എന്ന് ഉറപ്പുതരുന്നു ഇത്തരം സംഭവങ്ങള്‍. മനസ്സ് നാടിനെച്ചൊല്ലി വിഷാദമഗ്‌നമായിത്തീര്‍ന്ന ഒരു ഘട്ടത്തില്‍ 'ഈ മണ്ണില്‍ കിടപ്പുണ്ടു ഗാന്ധിതേജഃകണം' എന്നു വള്ളത്തോള്‍ സ്വയം സമാശ്വസിപ്പിച്ചു. ഗാന്ധി തേജസ്സിന്റെ ആ കണങ്ങളാണ് സുരേഷിനെപ്പോലുള്ളവര്‍ പ്രസരിപ്പിക്കുന്ന വെളിച്ചം.
-എം. ലീലാവതി