
ടെഹ്‌റാന്‍: ആണവ മേഖലയില്‍ ഇറാന്‍ കൈവരിച്ച മഹത്തായ നേട്ടത്തെക്കുറിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വെളിപ്പെടുത്തുമെന്ന് പ്രസിഡന്റ് മെഹ്മൂദ് അഹ്മദി നെജാദ് പ്രഖ്യാപിച്ചു. യുറേനിയം സമ്പുഷ്ടീകരണ പരിപാടി ഒരിക്കലും നിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മഹത്തായ ആണവ രഹസ്യം എന്തെന്നതു സംബന്ധിച്ച സൂചനയൊന്നും അഹ്മദി നെജാദ് നല്‍കിയില്ല. രാജ്യത്തെ ഇസ്‌ലാമിക വിപ്ലവത്തിന്റെ 33-ാം വാര്‍ഷിക ദിനത്തില്‍ ടെഹ്‌റാനില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ആണവ പരിപാടിയുടെ പേരിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദതന്ത്രവും കളിയാക്കലുകളും വിലപ്പോകില്ല. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാന്‍ ഇസ്രായേലിനെ ഏകപക്ഷീയമായ സേനാനീക്കത്തിന് അമേരിക്ക പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍, ഒരു സൈനികനീക്കത്തിന് അവര്‍ തയ്യാറാകുമെന്ന് വിശ്വസിക്കുന്നില്ല''- അഹ്മദിനെജാദ് പറഞ്ഞു. തലസ്ഥാനത്തെ ആസാദി ചത്വരത്തില്‍ പ്രസിഡന്റിന്റെ പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ഇറാന്‍ പതാകകളേന്തിയ ജനക്കൂട്ടം അമേരിക്കയും ഇസ്രായേലും തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.
''ലോകം ഇറാന്റെ ശബ്ദത്തിന് കാതോര്‍ക്കും. ഇവിടത്തെ ആണവശാസ്ത്രജ്ഞരുടെ ഉപദേശം തേടും. ആണവരംഗത്തെ മഹത്തായ നേട്ടത്തിന്റെ പ്രഖ്യാപനം ദിവസങ്ങള്‍ക്കകം ഉണ്ടാകും. ദൈവം അതാഗ്രഹിക്കുന്നു. ആണവപ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് വന്ന് ഇറാന്റെ വികസനത്തെ നശിപ്പിക്കാനാണ് പാശ്ചാത്യരാജ്യങ്ങള്‍ കഷ്ടപ്പെടുന്നത്. ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് അവര്‍ സദാ പറയുന്നത്. ഞങ്ങള്‍ നേരത്തേതന്നെ അതിന് തയ്യാറാണ്. എന്നാല്‍ നീതിയിലും പരസ്പരബഹുമാനത്തിലുമൂന്നിയാവുമത്''-അഹ്മദി നെജാദ് ചൂണ്ടിക്കാട്ടി.
ഇറാന്‍ നടത്തിവരുന്ന ആണവപരിപാടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ നടത്തിവന്ന അനുരഞ്ജന ചര്‍ച്ച കഴിഞ്ഞ വര്‍ഷം നിലച്ചിരുന്നു. ഇത് പുനരാരംഭിക്കാന്‍ തുര്‍ക്കി ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടി അണ്വായുധം നിര്‍മിക്കാനാണെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ സംശയം. എന്നാല്‍ രാജ്യത്തെ ഊര്‍ജാവശ്യങ്ങള്‍ക്കും മറ്റുമാണ് ഇതെന്ന് ഇറാന്‍ വാദിക്കുന്നു. ആണവപരിപാടി അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ഇറാനെതിരെ അമേരിക്ക സാമ്പത്തികഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ എണ്ണയുടെ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.