നിയമസഭയിലെ അശ്ലീലദൃശ്യം; നിയമസഭാസമിതി അന്വേഷിക്കും
Posted on: 12 Feb 2012
ബാംഗ്ലൂര്‍: നിയമസഭയില്‍ മൂന്ന് മുന്‍മന്ത്രിമാര്‍ അശ്ലീലദൃശ്യം കണ്ട സംഭവത്തില്‍ സംയുക്ത നിയമസഭാസമിതി അന്വേഷിക്കും. കോണ്‍ഗ്രസ്, ബി.ജെ. പി, ജനതാദള്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ സമിതി രൂപവത്കരിച്ചത്. നാല് ബി.ജെ.പി അംഗങ്ങളും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ജനതാദള്‍ അംഗവുമായിരിക്കും സമിതിയില്‍ ഉണ്ടായിരിക്കുക. ഫിബ്രവരി 14ന് സമിതി നിലവില്‍ വരും. സമിതിയില്‍ ബി.ജെ.പി.ക്കാണ് മുന്‍തൂക്കം. ഇതില്‍ പ്രതിപക്ഷം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ അഭിപ്രായമായിരിക്കും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടാവുക. ഭരണപക്ഷത്തുനിന്ന് നാലും പ്രതിപക്ഷത്തുനിന്ന് മൂന്ന് അംഗങ്ങളുമാണുള്ളത്. അതിനാല്‍ ബി.ജെ.പി. എം.എല്‍.എ.മാര്‍ക്ക് അനുകൂലമായ നിലപാടാണ് സമിതി മുന്നോട്ടു വെക്കുകയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാത്രമല്ല തങ്ങളോട് ആലോചിക്കാതെയാണ് സമിതി രൂപവത്കരിച്ചതെന്ന ആരോപണവും പ്രതിപക്ഷം മന്നോട്ടുവെച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണത്തെ സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ നിഷേധിച്ചു. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത നാല് യോഗങ്ങളിലും പ്രതിപക്ഷം പങ്കെടുത്തിട്ടുണ്ടെന്നും സമിതിയില്‍ അംഗമാകുന്നതിന് ഇവര്‍ താത്പര്യം കാണിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സ്വന്തംനിലയ്ക്ക് അന്വേഷണം നടത്താനുള്ള അധികാരം സമിതിക്കുണ്ടാകും. ഏത് രേഖകളും പരിശോധിക്കാം. സംഭവത്തില്‍ ആര്‍ക്കു വേണമെങ്കിലും തെളിവ് നല്‍കാവുന്നതാണെന്നും ബൊപ്പയ്യ പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള മൂന്ന് കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. സഭയില്‍ അംഗങ്ങളുടെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായാണ് നേരത്തേ നിയമസഭാസമിതി രൂപവത്കരിച്ചത്.