ഫേസ്ബുക്ക് സ്ഥാപകന്‍ 'പിരിച്ചുവിടല്‍ ഭീഷണിയില്‍'

Posted on: 12 Feb 2012



വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന്റെ സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ ബെര്‍ഗിനെ എപ്പോള്‍ വേണമെങ്കിലും അകാരണമായി പിരിച്ചുവിടാന്‍ കമ്പനിക്ക് അധികാരം. അദ്ദേഹത്തിനും എപ്പോള്‍ വേണമെങ്കിലും കാരണമൊന്നും കൂടാതെ തന്നെ കമ്പനി വിട്ട് പോകാന്‍ അധികാരമുണ്ട്. ഐ.പി.ഒ.യിലൂടെ പൊതുവിപണിയില്‍ ഓഹരി വിറ്റഴിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ തൊഴില്‍ കരാറിലാണ് ഈ വ്യവസ്ഥകള്‍.

500 കോടി ഡോളറാണ് പ്രഥമ പബ്ലിക് ഓഫറിലൂടെ (ഐ.പി.ഒ.) ഫേസ്ബുക്ക് സമാഹരിക്കാന്‍ ഒരുങ്ങുന്നത്. അതായത്, ഏതാണ്ട് 25,000 കോടി രൂപ. അമേരിക്കന്‍ മാര്‍ക്കറ്റ് റഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ച ഐ.പി.ഒ. ഫയലിങ്ങിലാണ് പുതിയ തൊഴില്‍ കരാറുകള്‍ ഉള്‍പ്പെടുന്നത്.

സുക്കര്‍ ബെര്‍ഗിന് പുറമെ കമ്പനിയുടെ തലപ്പത്തുള്ള മറ്റു മൂന്ന് പേരുടെയും തൊഴില്‍ കരാറുകള്‍ പുതുക്കിയിട്ടുണ്ട്. പുതിയ കരാര്‍ അനുസരിച്ച് നാലു പേര്‍ക്കും കൂടി പ്രതിവര്‍ഷം ശരാശരി 20 ലക്ഷം ഡോളര്‍ (ഏതാണ്ട് 10 കോടി രൂപ) അടിസ്ഥാന ശമ്പളം കിട്ടും.

കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമാണ് സുക്കര്‍ ബര്‍ഗ്. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം അഞ്ച് ലക്ഷം ഡോളറാണ്. ഇതിന്റെ 45 ശതമാനം ബോണസ്സായും ലഭിക്കും. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷേര്‍ളി സാന്‍ഡ്‌ബെര്‍ഗ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് എബെര്‍സ്മാന്‍ എന്നിവര്‍ക്ക് മൂന്നുലക്ഷവും വൈസ് പ്രസിഡന്റ് (എന്‍ജിനീയറിങ്) മൈക്ക് സ്‌ക്രോഫറിന് 2.75 ലക്ഷവുമാണ് അടിസ്ഥാന ശമ്പളം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരികള്‍ പ്രതിഫലമായി ലഭിക്കാനും വ്യവസ്ഥയുണ്ട്. ഐ.പി.ഒ. കഴിയുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഇത് സഹായിക്കും.

കമ്പനിയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞുപോകാനോ പിരിച്ചുവിടപ്പെടാനോ അധികാരമുണ്ടെങ്കിലും സ്ഥാനമാനങ്ങളും ചുമതലകളും കാലാകാലങ്ങളില്‍ മാറ്റാന്‍ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ നിന്നുകൊണ്ട് മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ വികസിപ്പിക്കാനോ അവയില്‍ പ്രവര്‍ത്തിക്കാനോ പാടില്ലെന്നും നിബന്ധനയുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/