
''പണത്തിനു മീതെ പരുന്തും പറക്കില്ലെ''ന്ന് വീണ്ടും ആവര്‍ത്തിച്ചുറപ്പിക്കുകയാണ്. വിഭാഗീയതകള്‍ക്കതീതമായി മനുഷ്യനെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കുമെന്ന് കരുതിയ ഒളിമ്പിക് പ്രസ്ഥാനത്തെ വ്യാപാരവത്കരണം അപ്പാടെ വിഴുങ്ങുന്ന കാഴ്ചയാണ് മാസങ്ങള്‍ക്കുള്ളില്‍ അരങ്ങേറുന്ന ലണ്ടന്‍ ഒളിമ്പിക് ഗെയിംസില്‍ കാണുന്നത്. സ്‌പോര്‍ട്‌സിലൂടെ മനുഷ്യന്റെ സര്‍വതോന്മുഖമായ നന്മ ലക്ഷ്യംവെച്ചവര്‍ക്കൊക്കെ പിഴയ്ക്കുന്നു. അന്തര്‍ദേശീയ കായികരംഗം പിന്തിരിഞ്ഞോടുകയാണ്. കാല്‍നൂറ്റാണ്ടിലേറെയായി തലമുറകളിലൂടെ കൊടുംദുരിതങ്ങള്‍ പേറുന്ന ഭോപ്പാലിലെ പതിനായിരക്കണക്കിന് വിഷവാതക ദുരന്തബാധിതരെ പാടെ വിസ്മരിച്ചുകൊണ്ട് ഇതിന് വഴിവെച്ച യൂണിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമകളായ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനി ഡൗ കെമിക്കല്‍സിനെ വെള്ളപൂശാനുള്ള ലണ്ടന്‍ ഒളിമ്പിക് ഗെയിംസ് സംഘാടകസമിതിയുടെ നീക്കം സ്‌പോര്‍ട്‌സിന്റെ ഉദാത്തമായ ലക്ഷ്യങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ്. ഒളിമ്പിക് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ജനകീയ പരിവേഷം നേടിയെടുക്കാനുള്ള ഡൗ കെമിക്കല്‍സിന്റെ തന്ത്രം ഒരിക്കലും പൊറുപ്പിച്ചുകൂടാ.

വാതക ദുരന്തത്തില്‍ മരിച്ചവര്‍ക്കും മരിക്കാതെ ജീവിക്കുന്നവര്‍ക്കും പൂര്‍ണമായി നഷ്ടപരിഹാരം നല്‍കാതെ ലണ്ടന്‍ ഒളിമ്പിക് ഗെയിംസിന്റെ സ്‌പോണ്‍സര്‍മാരിലൊന്നായി ഡൗ കെമിക്കല്‍സിനെ അംഗീകരിക്കരുതെന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആവശ്യം തള്ളിക്കളഞ്ഞ ലണ്ടന്‍ ഗെയിംസ് സംഘാടകരുടെ നടപടി കൊലച്ചതിയായിപ്പോയി. 70 ലക്ഷം പൗണ്ട് - ഏതാണ്ട് 5.25 കോടിരൂപ ചെലവില്‍ ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയത്തിനുചുറ്റും ആലങ്കാരിക ആവരണം പുതുക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പിന് പിന്നാലെ സംഘാടകര്‍ ഓടുന്നത് കഷ്ടമാണ്. ഇതിനെതിരെ അവസാനം വരെ സമ്മര്‍ദം ചെലുത്തുക മാത്രമേ ഇനി രക്ഷയുള്ളൂ. അമേരിക്കന്‍ കുത്തകകള്‍ക്ക് കുടപിടിക്കുന്നുവെന്ന് 1987-ല്‍ ആരോപിക്കപ്പെട്ട ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ പിന്തുടര്‍ച്ചക്കാര്‍ക്ക് അര്‍ഹിക്കുന്ന ഗൗരവത്തോടെ ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരെ രംഗത്തുവരാന്‍ കഴിഞ്ഞതുതന്നെ വലിയ ആശ്വാസമായി. പ്രശ്‌നത്തിന്റെ ഗൗരവം ഏറ്റവും ഫലപ്രദമായ വേദിയില്‍ ലോക മനസ്സാക്ഷിയുടെ മുമ്പാകെ ഒരു രാഷ്ട്രത്തിന്റെ ആദരാഞ്ജലിയെന്നോണം അവതരിപ്പിക്കാനായതും അവസരോചിതം തന്നെ. എന്നാല്‍, അമേരിക്കന്‍ സായ്പിന് മുന്നില്‍ കവാത്ത് മറന്ന ബ്രിട്ടീഷ് സായ്പിന്റെ നട്ടെല്ലില്ലായ്മയ്ക്ക് മറ്റ് പോംവഴികളൊന്നുമില്ല. ബഹിഷ്‌കരണത്തിലൂടെ ഇന്ത്യ ആഞ്ഞടിക്കുന്നതുകൊണ്ട് പ്രയോജനവുമില്ല. ഒളിമ്പിക് ഗെയിംസ് ബഹിഷ്‌കരണത്തെ എക്കാലത്തും എതിര്‍ത്തുപോന്ന ഇന്ത്യയ്ക്ക് ഇപ്പോള്‍ അതാവശ്യപ്പെടാനുമാവില്ല. മാത്രമല്ല, ബഹിഷ്‌കരണം സ്‌പോര്‍ട്‌സ് വിരുദ്ധവുമാണ്. നേരത്തേ തന്നെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അജയ്മാക്കന്‍ സ്വീകരിച്ച നിലപാടും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നു. ഡൗ കെമിക്കല്‍സിന്റെ ലണ്ടന്‍ ഗെയിംസ് സ്‌പോണ്‍സര്‍ഷിപ്പിനെ ശക്തമായി എതിര്‍ക്കാനും ഇക്കാര്യത്തില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയെയും ലണ്ടന്‍ ഒളിമ്പിക് ഗെയിംസ് സംഘാടക സമിതിയെയും അറിയിക്കാനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് ആവശ്യപ്പെട്ട കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം ബഹിഷ്‌കരണത്തെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലെന്ന് ഇവിടെ ഓര്‍മിക്കുക.
വാതകച്ചോര്‍ച്ചയില്‍ കൊല്ലപ്പെട്ടവര്‍ക്കും വാതകമേറ്റ് തീരാ ദുരിതങ്ങളുമായി കഴിയുന്ന പതിനായിരങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാത്ത ഡൗ കെമിക്കല്‍സിന്റെ മുഖംമൂടി പിച്ചിച്ചീന്താനും അത് മനുഷ്യ മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്ന വിധത്തില്‍ അവതരിപ്പിക്കാനും കഴിഞ്ഞതാണ് വലിയ നേട്ടം. മറ്റൊരു ഒളിമ്പിക്‌സിന്റെ പടിവാതിലില്‍ വെച്ച് രാഷ്ട്രങ്ങള്‍ക്കും സ്‌പോര്‍ട്‌സിനുമപ്പുറത്ത് മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്ന് ഉയര്‍ത്തിക്കൊണ്ടുവരാനായതും നന്നായി.
സഡന്‍ഡത്ത്: തോറ്റുകൊണ്ട് തുടങ്ങി (മെല്‍ബണില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് വാര്‍ത്ത)
ഒന്നും ജയിക്കാതെ മടങ്ങാം.
vrgmbicalicut@gmail.com