Posted on: 11 Feb 2012



റോക്കറ്റ് സയന്‍സില്‍ ഞാന്‍ വിദഗ്ധനാണ്. എന്നാല്‍, മനുഷ്യന്റെ മനഃശാസ്ത്രം അറിയുന്ന കാര്യത്തില്‍ ഞാന്‍ പരാജയമാണെന്ന് സമ്മതിക്കുന്നു.

* ജി. മാധവന്‍ നായര്‍


യേശുക്രിസ്തു ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞത് ശരിയായ കാര്യമാണ്. കമ്യൂണിസ്റ്റുകാരന്‍ ക്രിസ്തുവിനെപ്പറ്റി പറയരുതെന്ന് പറയുന്നത് നീതികേടാണ്. യേശുക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വന്തമല്ല.

* ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം


കേരളത്തില്‍ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിക്കുന്നത് വര്‍ഗീയശക്തികളുടെ തോളില്‍ കൈയിട്ടുനില്‍ക്കുന്ന എഴുത്തുകാര്‍ക്കാണ്. സാംസ്‌കാരിക രംഗത്തെ ഒളിഞ്ഞിരിക്കുന്ന തീവ്രവാദമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ആപത്ത്.

* സക്കറിയ


ഞാന്‍ ഒരു ഷോ ബിസിനസ്സുകാരനാണ്. അക്കാദമിക്കായി സിനിമ പഠിച്ചതുകൊണ്ട് ആര്‍ട്ട് ഹൗസിന്റെ എലിപ്പത്തായത്തില്‍ ഒതുങ്ങാന്‍ ഞാനില്ല. അതില്‍ താത്പര്യവുമില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. സിനിമയുടെ ആത്യന്തികലക്ഷ്യംമൂന്നാണ്. ഒന്ന്: വിനോദം, രണ്ട്: വിനോദം, മൂന്ന്: വിനോദം.

* അമല്‍നീരദ്


കലയിലും സംഗീതത്തിലും സാഹിത്യത്തിലുമൊക്കെയുള്ള സാഹസകൃത്യങ്ങള്‍ പ്രതിഭാപ്രകാശനമായി മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ അപകടം പതിയിരിപ്പുണ്ട്. സാഹസകൃത്യങ്ങളുടെ പേരില്‍ വ്യാജപ്രതിഭയായി പലരും വിലസി നടക്കുന്നതിനിടവരുത്തും. റെക്കോഡുണ്ടാക്കുന്ന കലാപ്രതിഭകള്‍ കാലത്തെ അതിജീവിക്കാനുള്ളവരല്ല.

* എന്‍.പി.ഹാഫിസ് മുഹമ്മദ്


നേതൃപാപ്പരത്തവും ആശയത്തകര്‍ച്ചയും സംഭവിച്ചതിനാലാണ് യേശുക്രിസ്തുവിനെ വിമോചനപ്പോരാളിയായി ചിത്രീകരിക്കേണ്ട അവസ്ഥയിലേക്ക് സി.പി.എം. എത്തിച്ചേര്‍ന്നത്. മതവിശ്വാസത്തെ എതിര്‍ത്തിരുന്ന സി.പി.എം. ഇപ്പോള്‍ ആത്മീയാടിത്തറയില്‍ നിന്നുകൊണ്ട് മതചിഹ്നങ്ങളെയും മതപ്രവാചകരെയും ഉയര്‍ത്തിക്കാട്ടി സംസാരിക്കേണ്ടിവരുന്നത് അവരുടെ ഗതികേടാണ്.

* എം.എം.ഹസ്സന്‍


ആര്‍ക്കെങ്കിലും അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് അച്ചടക്കലംഘനമല്ല. എനിക്കും മുഖ്യമന്ത്രിക്കും അനുകൂലമായി പലപ്പോഴും മുദ്രാവാക്യം വിളികളുണ്ടായിട്ടുണ്ട്. അതൊന്നും അച്ചടക്കലംഘനമായി കണക്കാക്കാനാവില്ല.
* രമേശ് ചെന്നിത്തല

അനുഭവങ്ങളുടെ അധികാരം ആരുടെ കൈയിലാണ്? സാഹത്യത്തെക്കുറിച്ച് സാമാന്യധാരണപോലുമില്ലാത്ത ഒരാളുടെ മണ്ടന്‍ നിരീക്ഷണം മാത്രമായിട്ടേ ഞാനിതിനെ കൂട്ടുന്നുള്ളൂ. ലോകത്തിലുള്ള എല്ലാകാര്യങ്ങളും അനുഭവിച്ചുമനസ്സിലാക്കിക്കൊണ്ടാണോ ഒരാള്‍ നോവല്‍ എഴുതുന്നത്.

* ഇ.സന്തോഷ്‌കുമാര്‍


കളിക്കാരില്‍ ഒരു അഭിനിവേശത്തിന്റെ വ്യക്തമായ അഭാവം ഞാന്‍ കാണുന്നു. ഐ.പി.എല്‍. കളിക്കുന്നതിലൂടെ തങ്ങള്‍ക്ക് കോടീശ്വരന്മാരാകാം എന്ന് അറിയുന്നതുകൊണ്ടാണ് ഇത്. അതിനാലാണ് കളിയുടെ യഥാര്‍ഥ രൂപമായ ടെസ്റ്റിനെ അവര്‍ വിലമതിക്കാത്തത്.

* അംശുമാന്‍ ഗെയ്ക്‌വാദ്


അറുപതുകളില്‍ വിഭിന്ന മേഖലകളിലുള്ളവര്‍ തമ്മില്‍ ഒരു കൂട്ടായ്മയുണ്ടായിരുന്നു. സിനിമാ സംവിധായകര്‍, കവികള്‍, കഥാകൃത്തുക്കള്‍, നാടകകൃത്തുക്കള്‍, അഭിനേതാക്കള്‍ ഇവരെല്ലാം ചേര്‍ന്ന പൊതുവായ അന്വേഷണമുണ്ടായിരുന്നു. അത്തരത്തിലുള്ള ഷെയറിങ് ഇന്നില്ല. താനെന്തെഴുതുന്നുവെന്ന് പുറത്തറിഞ്ഞാല്‍ മോഷ്ടിക്കുമോ എന്ന ആശങ്ക ഓരോ എഴുത്തുകാര്‍ക്കും വന്നിരിക്കുന്നു.

* കെ. സച്ചിദാനന്ദന്‍


ഇന്ത്യയിലെ ജാതി എന്താണെന്ന് മാര്‍ക്‌സ് പുസ്തകത്തില്‍ വായിച്ചറിഞ്ഞിട്ടേ ഉണ്ടാകൂ. ഇന്ത്യയിലെ ജാതി അംബേദ്കറും നാരായണഗുരുവും മനസ്സിലാക്കിയതുപോലെ മാര്‍ക്‌സിന് മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ മനസ്സിലാക്കിയവരെ മനസ്സിലാക്കുന്നതില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വീഴ്ചപറ്റി.

* സി.കെ. ചന്ദ്രപ്പന്‍



ലൈംഗിക ചേഷ്ടകള്‍ നൃത്തച്ചുവടുകളില്‍ നിറച്ച് കുഞ്ഞുങ്ങള്‍ വേദിയില്‍ ആടുന്നതു കാണുമ്പോള്‍ വിടരും മുമ്പേ വിരിയിക്കുന്ന ഏര്‍പ്പാടുകണ്ട് ദുഃഖം തോന്നുകയാണ്. ശൃംഗാര ചേഷ്ടകള്‍ കാണിക്കുന്ന കുട്ടികളോട് അതേ അര്‍ഥംവെച്ച് ഡയലോഗുകള്‍ പറയുന്ന ജൂറിമാര്‍. സ്‌നേഹത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും അറിയുംമുമ്പ് കാമത്തെക്കുറിച്ചുള്ള പാഠങ്ങളാണ് ടെലിവിഷന്‍ നല്കുന്നത്.

* ഉഷ എസ്. നായര്‍


സ്ത്രീകള്‍ പുരുഷന്മാരായ അതിഥികളോട് സൗമ്യമായി ചിരിക്കുന്നതും മാന്യമായി പെരുമാറുന്നതും സ്‌നേഹത്തോടെ ഭക്ഷണം വിളമ്പുന്നതും കാമാസക്തികൊണ്ടാണെന്ന് പുരുഷന്മാര്‍ അവകാശപ്പെടുമ്പോള്‍ പുറത്തുവരുന്നത് അവരുടെ ഉള്ളിലെ ബീഭത്സ ചിത്രങ്ങളാണ്.

* ബി.എം.സുഹ്‌റ


പണ്ടത്തെ ആണുങ്ങളുടെ ലെവലില്‍ സ്ത്രീകളും സ്ത്രീകളുടെ ലെവലില്‍ ആണുങ്ങളും എത്തി നില്‍ക്കുകയാണ്.

* ശ്വേതാമേനോന്‍


ടി.വി. അവതാരകരായി മലയാളികളുടെ മുന്നിലെത്തുന്ന പെണ്‍കുട്ടികള്‍ ഭാഷയെ മാനഭംഗപ്പെടുത്തുകയാണ്.

* ടി. പത്മനാഭന്‍
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/