പി. ബസന്ത്
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ ജനനത്തീയതി 1950 മെയ് പത്താണെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തും തന്റെ ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ 1951 മെയ് പത്തായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് ജനറല്‍ സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനുള്ള സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഹര്‍ജി പിന്‍വലിക്കുന്നതിന് ജനറല്‍ സിങ്ങിന് കോടതി അവസരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ഹര്‍ജി പിന്‍വലിച്ചതായി കണക്കാക്കി കേസ് തീര്‍പ്പാക്കുകയായിരുന്നു. കോടതിയുടെ തീരുമാനം വന്ന സാഹചര്യത്തില്‍ വരുന്ന മെയ് 31-ന് തന്നെ ജനറല്‍ വി.കെ. സിങ്ങിന് വിരമിക്കേണ്ടി വരും. ഇതിനിടെ ജനനത്തീയതി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച ഓഫീസ് മെമ്മോ ചോദ്യം ചെയ്ത് ജനറല്‍ സിങ് നല്‍കിയ പരാതി തള്ളിയ ഉത്തരവ് പ്രതിരോധ മന്ത്രാലയം പിന്‍വലിച്ചു. ഈ ഉത്തരവ് പിന്‍വലിക്കാന്‍ കോടതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. പിന്‍വലിച്ചില്ലെങ്കില്‍ ഉത്തരവ് റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.
ജനനത്തീയതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിച്ചുകൊള്ളാമെന്ന് വ്യക്തമാക്കി 2008 ജനവരിയിലും 2009 നവംബറിലും പിന്നീട് പ്രതിരോധ സെക്രട്ടിക്കും ജനറല്‍ സിങ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിട്ടുണ്ട്. ആ ഉറപ്പില്‍ നിന്നു പിന്നാക്കം പോകാന്‍ അദ്ദേഹത്തിനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ മൂന്നു കത്തുകളും സര്‍ക്കാര്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇത്തരമൊരു ഉറപ്പു സര്‍ക്കാറിന് നല്‍കിയ ശേഷം, ഈ അവസാന ഘട്ടത്തില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആ വിഷയം വീണ്ടും തുറക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ''ജനനത്തീയതിയുടെ പേരില്‍ സര്‍ക്കാര്‍ താങ്കളെ ഉപദ്രവിച്ചിട്ടില്ല. എല്ലാം നേടുക മാത്രമാണ് ചെയ്തത്. പിന്നെയെന്തിനാണ് ഈ വിഷയം വലിച്ചിഴയ്ക്കുന്നത്'' -കോടതി ആരാഞ്ഞു.
ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ചേര്‍ന്ന സമയത്തുള്ള രേഖകള്‍ പ്രകാരം സിങ്ങിന്റെ ജനനത്തീയതി 1950 മെയ് പത്താണെന്ന് കോടതി ചൂണ്ടിക്കാട്ടി. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരുന്നതിന് യു.പി.എസ്.സി.യുടെ അപേക്ഷയില്‍ നല്‍കിയ ജനനത്തീയതിയാണ് അടിസ്ഥാന രേഖ. അതില്‍ മാറ്റം വരുത്തിയിട്ടില്ല. മാറ്റം വരുത്തിയതായി ഒരു രേഖയും കോടതിക്ക് മുന്നില്‍ ഹാജരാക്കിയിട്ടുമില്ല. ഔദ്യോഗിക ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ജനനത്തീയതി 1950 മെയ് പത്തായാണ് കണക്കാക്കിയിട്ടുള്ളത്. സേനാംഗങ്ങളുടെ സ്ഥാനക്കയറ്റം, വിരമിക്കല്‍ തുടങ്ങിയവയ്ക്കായി തയ്യാറാക്കുന്ന ആര്‍മി ലിസ്റ്റിലും അതു തന്നെയാണ് ജനനത്തീയതി. ജനറല്‍ സിങ്ങിന് മൂന്നു തവണ ലഭിച്ച സ്ഥാനക്കയറ്റങ്ങളും ഈ തിയ്യതിയുടെ അടിസ്ഥാനത്തിലാണ്. ജുഡീഷ്യല്‍ പരിശോധനയുടെ പരിധി വെച്ചു നോക്കുമ്പോള്‍ സര്‍ക്കാറിന്റെ തീരുമാനം നിലനില്‍ക്കുമെന്ന് കോടതി വിധിച്ചു.
ജനറലിന്റെ വിശ്വാസ്യതയില്‍ സര്‍ക്കാറിനും കോടതിക്കും പൂര്‍ണ വിശ്വാസമുണ്ടെന്ന് ജസ്റ്റിസ് ആര്‍. എം. ലോധ പറഞ്ഞു. അദ്ദേഹം കരസേനാ മേധാവിയായി തുടരണമെന്ന് കോടതിക്ക് ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഇപ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാറിനും പ്രതിരോധ മന്ത്രിക്കും സേനാ മേധാവിയില്‍ പൂര്‍ണ വിശ്വാസമാണെന്ന് അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചു.
ജനറല്‍ സിങ്ങിന്റെ പരാതി തള്ളിക്കൊണ്ട് കഴിഞ്ഞ കൊല്ലം ഡിസംബര്‍ 30-ന് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചെങ്കിലും, ജൂലായ് 21-ന് സിങ്ങിന്റെ ജനനത്തീയതി തീരുമാനിച്ച് പുറത്തിറക്കിയ ഓഫീസ് മെമ്മോ നിലനില്‍ക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി കോടതിയെ അറിയിച്ചു. സിങ് തന്റെ തീയതി നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാറിന് വിട്ടു കൊടുത്ത മൂന്നു കത്തുകളും സോളിസിറ്റര്‍ ജനറല്‍ റോഹിങ്ടണ്‍ നരിമാന്‍ കോടതിയില്‍ ഹാജരാക്കി.
ജനറല്‍ വി.കെ.സിങ്ങിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ യു.യു.ലളിത് ഹാജരായി. യു.പി.എസ്.സി.യിലെ ജനനത്തീയതി 1951 മെയ് പത്തായി തിരുത്താന്‍, 71-ല്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ത്തന്നെ അപേക്ഷ നല്‍കിയിരുന്നുവെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. തന്റെ അപേക്ഷയില്‍ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കില്‍ യു.പി.എസ്.സി. തള്ളുമായിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍, തിരുത്തിയ രേഖകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആര്‍മി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതല്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ജനനത്തീയതി വെച്ചല്ല ആര്‍മി ലിസ്റ്റ് തയ്യാറാക്കുന്നതെന്ന ജനറല്‍ സിങ്ങിന്റെ വാദത്തിനും കോടതി അനുകൂലമായി പ്രതികരിച്ചില്ല. രാഷ്ട്രപതി പുറത്തിറക്കിയ ഉത്തരവില്‍ ആര്‍മി ലിസ്റ്റാണ് സേനാ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനും മറ്റും പരിഗണിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.