വല്ലാര്‍പാടം: നഷ്ടസ്വപ്നങ്ങളുടെ ഒന്നാം പിറന്നാള്‍

Posted on: 11 Feb 2012



മട്ടാഞ്ചേരി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിന് ശനിയാഴ്ച ഒരുവയസ് പൂര്‍ത്തിയാകുന്നു.

കഴിഞ്ഞവര്‍ഷം ഫിബ്രവരി 11നാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. അന്താരാഷ്ട്ര ടെര്‍മിനല്‍ കേരളത്തിന്റെ വ്യാവസായിക ചരിത്രം തിരുത്തിക്കുറിക്കുമെന്നായിരുന്നു പ്രതീക്ഷ. വര്‍ഷം ഒന്നുപിന്നിടുമ്പോള്‍ സ്വപ്നങ്ങളുടെ ശവപ്പറമ്പായി മാറുകയാണ് വല്ലാര്‍പാടം.

പഴയ കൊച്ചി തുറമുഖത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുമ്പോള്‍, വല്ലാര്‍പാടം ടെര്‍മിനലിന് പോയവര്‍ഷം 5.04 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് കണക്ക്. വല്ലാര്‍പാടം കമ്മീഷന്‍ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷം കൊച്ചി തുറമുഖത്ത് 3,12,189 ടിഇയു കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്.

വല്ലാര്‍പാടം പ്രവര്‍ത്തനം തുടങ്ങിയാല്‍ ആദ്യ വര്‍ഷം ഏഴുലക്ഷത്തില്‍പരം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാമെന്നായിരുന്നു കണക്കുകൂട്ടല്‍. അതായത് 100 ശതമാനത്തിലേറെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചത്. അതാണ് അഞ്ചുശതമാനത്തിലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ ഫിബ്രവരി മുതല്‍ ഈ ജനവരി വരെ ഒരു വര്‍ഷം കൊണ്ട് വല്ലാര്‍പാടം ടെര്‍മിനലില്‍ കൈകാര്യം ചെയ്തത് 3,32,840 ടിഇയു കണ്ടെയ്‌നറുകള്‍ മാത്രം.

1600 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്. 900 കോടി രൂപയിലേറെ വിദേശനിക്ഷേപവുമുണ്ട്. ദക്ഷിണേന്ത്യയിലെ വ്യവസായ സമൂഹത്തിന്റെ കുതിച്ചുകയറ്റത്തിന് വല്ലാര്‍പാടം വഴിയൊരുക്കുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാണിത്. നേരത്തെ കൊളംബോയിലും സിംഗപ്പൂരിലും, ദുബായിയിലും സലാലയിലും കൈകാര്യം ചെയ്തിരുന്ന ട്രാന്‍സ്ഷിപ്പ്‌മെന്റ് ജോലികള്‍, വല്ലാര്‍പാടത്ത് ചെയ്യാമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിനായി കായലിന്റെ ആഴംകൂട്ടി, റോഡുകള്‍ നിര്‍മിച്ചു, റെയില്‍പ്പാത നിര്‍മിച്ചു. ഒന്നാന്തരം ടെര്‍മിനലുണ്ടായി. ആധുനിക കയറ്റിറക്കു സംവിധാനങ്ങള്‍ ഒരുക്കി. ഉത്പാദന ക്ഷമതയില്‍ ഏതു വിദേശതുറമുഖത്തോടും കിടപിടിക്കാവുന്ന സജ്ജീകരണങ്ങളുമുണ്ടായി.

രാജ്യത്ത് നിലവിലുള്ള ചില നിയമങ്ങളുടെ വ്യാഖ്യാനങ്ങളും മനംമടുപ്പിക്കുന്ന നടപടിക്രമങ്ങളും വകുപ്പകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വല്ലാര്‍പാടത്തെ സംബന്ധിച്ച സ്വപ്നങ്ങളുടെ ചിറക് ഒടിക്കുന്നതാണ് പിന്നീട് കണ്ടത്.

വിദേശതുറമുഖങ്ങളോട് മത്സരിക്കുന്നതിന് വല്ലാര്‍പാടത്ത് പ്രത്യേക സാമ്പത്തിക മേഖല തന്നെ സൃഷ്ടിച്ചു. എന്നാല്‍ കബോട്ടാഷ് പോലുള്ള നിയമങ്ങളിള്‍ ഇളവുചെയ്യാതെ വല്ലാര്‍പാടത്തേക്ക് ചരക്ക കൊണ്ടുവരുവാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും അത്തരം നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല.

കസ്റ്റംസും സെസ് അധികൃതരും തമ്മില്‍ പരിശോധനയുടെ പേരില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ യഥാസമയം പറഞ്ഞുതീര്‍ക്കാനും കഴിഞ്ഞില്ല. രാജ്യത്തെ വികസന പദ്ധതിക്ക് വിഘാതമുണ്ടാക്കുന്നതരത്തില്‍ തര്‍ക്കങ്ങള്‍ വഴിവിട്ടു നീങ്ങിയപ്പോഴും, നടപിയെടുക്കേണ്ടവര്‍ കണ്ണടച്ചുനിന്നു. ഇപ്പോള്‍ വല്ലാര്‍പാടം വഴിയുള്ള ചരക്കുഗതാഗതത്തിന് ഷിപ്പിങ് കമ്പനികള്‍ക്ക് താല്പര്യമില്ല. റിസ്‌കെടുക്കുവാന്‍ ആരും തയ്യാറല്ല. ഒടുവില്‍ എല്ലാ വകുപ്പുകളും യോജിച്ചുപോകുവാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നിര്‍ദേശിച്ചുവെങ്കിലും പ്രതിച്ഛായ വീണ്ടെടുക്കുവാന്‍ ഏറെ സമയം വേണ്ടിവരും.

വല്ലാര്‍പാടത്ത് രണ്ട് കണ്ടെയ്‌നര്‍ ഫ്രൈറ്റ്‌സ്റ്റേഷനുകള്‍ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. ഒരെണ്ണം മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങും. മൂന്നാമത്തെ കണ്ടെയ്‌നര്‍ ഫ്രൈറ്റ്‌സ്റ്റേഷനുവേണ്ടി 18 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാന്‍ കൊച്ചി തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

വല്ലാര്‍പാടത്ത് കണ്ടെയ്‌നറുകളുടെ എണ്ണം കുറഞ്ഞത് കൊച്ചി തുറമുഖത്തിനും തിരിച്ചടിയായി. വല്ലാര്‍പാടത്ത് വരുമാനം കൂടുമ്പോള്‍ അതനുസരിച്ച് കൊച്ചിക്ക് വരുമാനം കൂടുമെന്നായിരുന്നു പ്രതീക്ഷ. കണക്കുകൂട്ടലുകള്‍ പിഴച്ചപ്പോള്‍, ഡ്രഡ്ജിങ് ജോലികള്‍ക്ക് പണം കണ്ടെത്താനാവാതെ നെട്ടോട്ടത്തിലാണ്‌കൊച്ചി തുറമുഖം. ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

ആദ്യവര്‍ഷം നിരാശയാണ് ബാക്കി. കൂട്ടായ ശ്രമമുണ്ടായില്ലെങ്കില്‍ അടുത്തവര്‍ഷവും കണക്ക് പിഴയ്ക്കും. ഇപ്പോള്‍ തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കൊച്ചിതുറമുഖത്തിന് അത്താങ്ങാനാവില്ല. കബോട്ടാഷില്‍ ഇളവ് നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കൊച്ചിതുറമുഖാധികൃതര്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/