
മുംബൈ:'ബോളിവുഡിലെ ഖല്‍നായക് ' എന്നറിയപ്പെടുന്ന സഞ്ജയ്ദത്ത് തന്റെ ജീവചരിത്രം എഴുതാന്‍ തയ്യാറെടുക്കുന്നു. എന്നാല്‍ എന്ന് എഴുതിത്തുടങ്ങുമെന്നോ ആരാണ് എഴുതുന്നതെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ജീവിതത്തില്‍ നിരവധി ഉയര്‍ച്ചയും താഴ്ചയും കണ്ട സഞ്ജയ് ദത്തിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു.
''ജീവചരിത്രം എഴുതാന്‍ എനിക്ക് താത്പര്യമുണ്ട്. ഞാന്‍ അതിനെക്കുറിച്ച് ആലോചിക്കുകയുമുണ്ടായി. എന്നാല്‍, അതൊരു വലിയ ജോലിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്ലവരായിരിക്കണം'' -ജിവചരിത്രമെഴുത്തിനെ കുറിച്ചുള്ള ചോദ്യത്തിന് ദത്തിന്റെ ഉത്തരം ഇതായിരുന്നു. 'അഗ്‌നിപഥ്' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ദത്ത് ഇപ്പോള്‍. ഇതാണ് ഇപ്പോള്‍ ജീവചരിത്രത്തെക്കുറിച്ച് ഈ നടനെക്കൊണ്ട് ചിന്തിപ്പിച്ചത് എന്നാണ് സൂചന.
ബോളിവുഡിലെ താര ജോഡികളായ സുനില്‍ ദത്ത്- നര്‍ഗീസ് ദമ്പതിമാരുടെ മകനായ സഞ്ജയ് ദത്തിനെ സഞ്ജൂ ബാബ എന്നാണ് അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്. 1986-ല്‍ അദ്ദേഹം റിച്ചാ ശര്‍മയെ വിവാഹം കഴിച്ചെങ്കിലും രണ്ടു വര്‍ഷത്തിനുശേഷം റിച്ച ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ട് മരിക്കുകയായിരുന്നു. ഈ ബന്ധത്തിലുള്ള കുട്ടിയാണ് തൃഷാല. 1998-ല്‍ മോഡലായ റിയാ പിള്ളയെ വിവാഹം കഴിച്ചെങ്കിലും 2005-ല്‍ ആ ബന്ധവും ഒഴിവായി.
തുടര്‍ന്നാണ് മന്യത ദത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഇതില്‍ ഇരട്ടക്കുട്ടികളാണ് സഞ്ജുവിന്. സ്‌ഫോടനക്കേസില്‍ പ്രതിയായതും ജയിലില്‍ കിടന്നതും വീണ്ടും ബോളിവുഡില്‍ താരനിരയിലേക്കുയര്‍ന്നതുമൊക്കെയായി ദത്തിന്റെ ജീവചരിത്രം ഏറെ സംഭവ
ബഹുലമായിരിക്കുമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.