അശ്ലീലവീഡിയോ വിവാദം: മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കില്ലെന്ന് സ്‌പീക്കര്‍

Posted on: 11 Feb 2012



ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ മൊബൈല്‍ഫോണില്‍ അശ്ലീലദൃശ്യം കണ്ട മൂന്ന് മുന്‍മന്ത്രിമാര്‍ക്കെതിരെ അന്വേഷണം കഴിയുംവരെ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും സ്വാഭാവിക നീതി ഉറപ്പുവരുത്തുന്നതിനായാണ് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും സ്​പീക്കര്‍ കെ.ജി. ബൊപ്പയ്യ പറഞ്ഞു. ആരോപണ വിധേയരായ അംഗങ്ങളെ അയോഗ്യരാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയരായവര്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം നല്‍കേണ്ടതുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണ്. നടക്കാന്‍ പാടില്ലാത്തതാണ് സഭയില്‍ നടന്നത്. എന്നാല്‍ തിരക്ക് പിടിച്ച് നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് സ്​പീക്കര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറംഗ നിയമസഭാകമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട് . മാര്‍ച്ച 12-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

ആരോപണവിധേയരായ സി.സി. പാട്ടില്‍, ലക്ഷ്മണ്‍ സാവദി, കൃഷ്ണ പലേമാര്‍ എന്നിവര്‍ക്കെതിരെ ആര്‍ക്ക് വേണമെങ്കിലും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാം. എന്നാല്‍ സ്​പീക്കര്‍ എന്ന നിലയില്‍ തനിക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്നും ബൊപ്പയ്യ പറഞ്ഞു.

അതിനിടെ മൂന്ന് മുന്‍മന്ത്രിമാരെ കുറ്റവിചാരണ ചെയ്യാന്‍ അനുവാദം തേടി നഗരത്തിലെ അഭിഭാഷകന്‍ സ്​പീക്കര്‍ക്ക് ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ അംഗങ്ങള്‍ക്ക് ഐ പാഡ് വിതരണം ചെയ്യാനിരിക്കെയാണ് മൂന്നംഗങ്ങള്‍ സഭയില്‍ മൊബൈലില്‍ അശ്ലീലദൃശ്യം കണ്ടതെന്നത് വിവാദത്തിന് പുതിയൊരു മാനവും നല്‍കിയിട്ടുണ്ട്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/