ബട്ടെല്‍കോ രംഗം വിട്ടു; ഭാവിനിക്ഷേപങ്ങള്‍ കരുതലോടെയെന്ന് ടെലിനോര്‍
Posted on: 10 Feb 2012
ന്യൂഡല്‍ഹി:2 ജി ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള സുപ്രീംകോടതി തീരുമാനത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ എസ്. ടെല്ലിലെ ഓഹരികള്‍ ബഹ്‌റൈനിലെ ടെലികോം കമ്പനിയായ ബട്ടെല്‍കോ വിറ്റു.കോടതി വിധിയെത്തുടര്‍ന്ന് ടെലികോം മേഖല വിടുന്ന ആദ്യത്തെ വിദേശകമ്പനിയായി ബട്ടെല്‍കോ.
അതേസമയം, ഇന്ത്യയില്‍ ഭാവിനിക്ഷേപങ്ങള്‍ കരുതലോടെ മാത്രമേയുള്ളൂവെന്ന് ടെലിനോര്‍ വ്യക്തമാക്കി. റഷ്യന്‍ കമ്പനിയായ സിസ്റ്റമ ശ്യാം കോടതിവിധി പുനഃപരിശോധിക്കാന്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍, യു.എ.ഇ.യിലെ എറ്റിസലാത്ത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 4100 കോടിരൂപ എഴുതിത്തള്ളിയതായി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ലൈസന്‍സ് ലഭിച്ച എസ്. ടെല്ലില്‍ ഉണ്ടായിരുന്ന 43 ശതമാനം ഓഹരിയാണ് എസ്. ടെല്ലിന് തന്നെ 1750 കോടി രൂപയ്ക്ക് വിറ്റ് ബട്ടെല്‍കോ കളമൊഴിയുന്നത്. ഇതേ നിരക്കിലാണ് ബട്ടെല്‍കോ നേരത്തേ എസ്. ടെല്ലില്‍ നിന്ന് ഓഹരി വാങ്ങിയത്. ടെലിനോര്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം, നോര്‍വെയുടെ ഐ.ടി. മന്ത്രി, ടെലികോം മന്ത്രി കപില്‍ സിബലുമായി ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ നിയമപരമായ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം വേണമെന്ന നിലപാടാണ് നോര്‍വെ സ്വീകരിച്ചിട്ടുള്ളത്. നിയമപരമെന്ന് കരുതിയ ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തിയത്. അത് സംരക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്ന് നോര്‍വെ കപില്‍ സിബലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ നിക്ഷേപം നടത്തുംമുമ്പ് എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ടെലിനോര്‍ സി.ഇ.ഒ. ജോണ്‍ ഫ്രെഡ്രിക്ക് ബക്‌സാസ് അറിയിച്ചു.