
ന്യൂഡല്‍ഹി: ക്രിസ്മസ്സും പുതുവത്സരവുമൊക്കെ കഴിഞ്ഞെങ്കിലും പി.പി. ശ്യാമളന്‍ വര്‍ണക്കാര്‍ഡുകളില്‍ വീണ്ടും വീണ്ടുമെഴുതി- ബെസ്റ്റ് ഓഫ് ലക്ക്. പ്രിയപ്പെട്ടവര്‍ക്ക് ആശംസ നേരാനായിരുന്നില്ല ഈ കാര്‍ഡുകള്‍. ലിംക ബുക്കില്‍ താന്‍ തന്നെ കുറിച്ച റെക്കോഡു ഭേദിക്കുകയായിരുന്നു ലക്ഷ്യം. ഡല്‍ഹി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അസി. സബ് ഇന്‍സ്‌പെക്ടറാണ് എറണാകുളം സ്വദേശി പി.പി. ശ്യാമളന്‍.
ഈ മലയാളി പോലീസുകാരന്റെ കൈയെഴുത്തിലെ മനോഹാരിത സഹപ്രവര്‍ത്തകരും മലയാളികളും കാണുന്നത് ഇതാദ്യമായല്ല. ആശംസാകാര്‍ഡുകളും ചെറുകുറിപ്പുകളുമായി ആ കൈപ്പടയുടെ ദൃശ്യഭംഗി മലയാളികളും സംഘടനകളുമെല്ലാം തേടിയെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ 12 വരെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 13-ാം നിലയില്‍ ശ്യാമളന്‍ കാര്‍ഡുകള്‍ എഴുതിത്തീര്‍ക്കുമ്പോള്‍ പോലീസുകാര്‍ കൗതുകത്തോടെ സാക്ഷികളായി.
റെക്കോഡിനെക്കുറിച്ചറിയാന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധികളും എത്തിയിരുന്നു. ഇരുപതു സെക്കന്‍ഡില്‍ ഒരു കാര്‍ഡ് എന്നതായിരുന്നു ലക്ഷ്യം. ഇങ്ങനെ ഒരു മണിക്കൂറിനുള്ളില്‍ 180 കാര്‍ഡുകള്‍ എഴുതിത്തീര്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ എഴുതിയെഴുതി ശ്യാമളന്‍ 261 എണ്ണമാക്കി. കൈപ്പടയിലും എഴുത്തിലും എല്ലാം ഒന്നിനൊന്നു മനോഹരം. 2011 ല്‍ ഒരു മണിക്കൂറില്‍ എഴുതിത്തീര്‍ത്തത് 80 കാര്‍ഡുകളായിരുന്നു. അന്ന് വിഷ് യു ആള്‍ ദി ബെസ്റ്റ് കുറിച്ചിട്ട ശ്യാമളന്‍ ഇത്തവണ ബെസ്റ്റ് ഓഫ് ലക്ക് കുറിച്ചത് സ്വന്തം പരീക്ഷണത്തിനു തന്നെ അനുഗ്രഹമായി.
1982 ബാച്ചില്‍ ഡല്‍ഹി പോലീസില്‍ നിയമിതനായ വ്യക്തിയാണ് ശ്യാമളന്‍. ഫിബ്രവരി മൂന്നിനാണ് താനടക്കം ഇരുനൂറോളം മലയാളികള്‍ സര്‍വീസില്‍ പ്രവേശിച്ചതെന്ന് ശ്യാമളന്‍ പറഞ്ഞു. വെള്ളിയാഴ്ച മുപ്പതാണ്ടു പൂര്‍ത്തിയായി. ഇതിന്റെ കൂടി ഭാഗമായാണ് വെള്ളിയാഴ്ച സ്വന്തം റെക്കോഡു ഭേദിക്കാന്‍ തീരുമാനിച്ചത്. സര്‍വീസില്‍ കയറിയ അതേദിവസം പുതിയ റെക്കോഡിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഭംഗിയുള്ള കൈപ്പടയില്‍ എഴുതാനുള്ള കഴിവ് ദൈവസിദ്ധിയായി കരുതുന്നതായി ശ്യാമളന്‍ പറഞ്ഞു.
വര്‍ണക്കാര്‍ഡുകളില്‍ മനോഹരമായി ആശംസാ സന്ദേശങ്ങളെഴുതി ഈ പോലീസുകാരന്‍ വില്‍ക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കും. ആസാദ്പുര്‍ അനാഥാലയത്തിനും മറ്റും ഇങ്ങനെ പണം സംഭാവന ചെയ്തിരുന്നു. ഇതെല്ലാം ഇനിയും തുടരുമെന്നും ലിംക ബുക്കില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും പി.പി. ശ്യാമളന്‍ പറഞ്ഞു.