റിലയന്‍സിന് കരാര്‍ വി.എസിന് എതിരെ സിബിഐ അന്വേഷണത്തിന് ഹര്‍ജി

Posted on: 04 Feb 2012



കൊച്ചി: റിലയന്‍സിന് കോടികളുടെ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയും മറ്റും പ്രതികളാക്കി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.പി.സി. ജോര്‍ജ് എംഎല്‍എ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി നല്‍കിയിട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
കരാറില്‍ ഇടനിലക്കാരനായി കരുതപ്പെടുന്ന കൊച്ചി തമ്മനം സ്വദേശി ടി.ജി. നന്ദകുമാര്‍, ഐടി മിഷന്‍ മുന്‍ ഡയറക്ടറും ഇപ്പോള്‍ കണ്ണൂര്‍ കളക്ടറുമായ രത്തന്‍ കേല്‍ക്കര്‍, മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ കല്ലട സുകുമാരന്റെ മകന്‍ മോഹന്‍ സുകുമാരന്‍, മുന്‍ സര്‍ക്കാര്‍ സെക്രട്ടറി അജിത് കുമാര്‍ തുടങ്ങിയവര്‍ അച്യുതാനന്ദനോടൊപ്പം എതിര്‍കക്ഷികളാണ്. അച്യുതാനന്ദന് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ സംസ്ഥാന പോലീസോ വിജിലന്‍സോ അന്വേഷിച്ചാല്‍ ഫലപ്രദമായ അന്വേഷണം നടക്കില്ല. ടി.ജി. നന്ദകുമാറിന് വിദേശ ബന്ധങ്ങള്‍ ഉള്ളതിനാല്‍ അന്വേഷണം കാര്യക്ഷമവും നിഷ്പക്ഷവുമാകാന്‍ സിബിഐ തന്നെ രംഗത്ത് വരണമെന്ന് ഹര്‍ജിയില്‍ പി.സി. ജോര്‍ജ് ഉന്നയിച്ചു. സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനം ഒരുക്കുന്നതിനാണ് റിലയന്‍സിന് കരാര്‍ നല്‍കിയത്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നത തലത്തില്‍ നടത്തിയിട്ടുള്ള ഗൂഢാലോചനയുടെ ഫലമായിട്ടാണ് മറ്റ് സ്ഥാപനങ്ങളെ ഒഴിവാക്കി റിലയന്‍സിന് കരാര്‍ നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

എറണാകുളത്തും മറ്റ് സ്ഥലങ്ങളിലുമുള്ള ബാങ്കുകളില്‍ കോടികളുടെ ഇടപാടുകളാണ് ടി.ജി. നന്ദകുമാര്‍ നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിദേശയാത്രയും ബാങ്ക് ഇടപാടുകളും വരുമാന മാര്‍ഗങ്ങളും അന്വേഷണ വിധേയമാക്കണം. അതിനാല്‍ ആദായ നികുതി അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനെയും ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിട്ടുണ്ട്. അച്യുതാനന്ദനും ടി.ജി. നന്ദകുമാറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ് നിലനില്‍ക്കുന്നതെന്നും ഈ കരാറിലൂടെ വന്‍ സാമ്പത്തിക നേട്ടങ്ങള്‍ നന്ദകുമാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/