തലക്കെട്ടുകള്‍ നോക്കി പുസ്തകങ്ങള്‍ വിലയിരുത്തരുത്-മാര്‍ ക്രിസോസ്റ്റം

Posted on: 04 Feb 2012



കൊച്ചി: തലക്കെട്ടുകള്‍ നോക്കി പുസ്തകങ്ങള്‍ വിലയിരുത്തരുതെന്നും എഴുത്തുകാരെ നോക്കി പുസ്തകങ്ങള്‍ വാങ്ങിക്കണമെന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഡി.സി. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രൊഫ. നൈനാന്‍ കോശിയുടെ 'പള്ളിയും പാര്‍ട്ടിയും കേരളത്തില്‍', എം.പി. പരമേശ്വരന്റെ 'മറ്റൊരു കേരളം സാധ്യമാണ്', എ.പി.ജെ. അബ്ദുള്‍ കലാമിന്റെ 'അവസരങ്ങള്‍ വെല്ലുവിളികള്‍ 21-ാം നൂറ്റാണ്ടിലെ ലോകത്തിന് ഒരു വഴികാട്ടി', ഡെസ്മണ്ട് ടുട്ടുവിന്റെ 'ദൈവത്തിന്റെ മക്കള്‍' എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. പ്രൊഫ. എം.കെ. സാനു അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തില്‍ രാഷ്ട്രീയരംഗത്തുളളവര്‍ വോട്ടിനും സാഹിത്യരംഗത്തുള്ളവര്‍ അവാര്‍ഡിനും വേണ്ടിയാണ് ആത്മാര്‍പ്പണത്തോടെ മുഴുകുന്നതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. കേവലം കമ്പോള സംസ്‌കാരത്തിന്റെ ഭാഗമായി കേരളം മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. അത്തരമൊരു സാഹചര്യത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും ആശയങ്ങളുടെ മേഖലയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതുമായ പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്. കേരളത്തിന്റെ പഴയ പ്രബുദ്ധത അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാവിഷയമായിരുന്നു. കഴിഞ്ഞകാലത്ത്ആശയത്തില്‍ അധിഷ്ഠിതമായ വിവാദങ്ങളും സംവാദങ്ങളും നടന്നിരുന്നു. യുവ തലമുറയെ ചിന്തയിലേക്ക് നയിക്കാന്‍ കഴിയുന്ന പുസ്തകങ്ങള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. നൈനാന്‍ കോശി, ഡൊമനിക് പ്രസന്‍േറഷന്‍ എംഎല്‍എ, മുന്‍ എംഎല്‍എ എം.എം. മോനായി തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി. ബുക്‌സ് എഡിറ്റോറിയല്‍ സമിതി അംഗം സുരേഷ് സ്വാഗതം പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/