മൂന്നുകോടി രൂപയുടെ സേവനപദ്ധതികളുമായി റോട്ടറി ക്ലബ്
Posted on: 04 Feb 2012
ബാംഗ്ലൂര്‍: റോട്ടറി ഡിസ്ട്രിക്ട് 3190 മൂന്നു കോടി രൂപ സാമൂഹിക സേവന പദ്ധതികള്‍ക്കായി നീക്കിവെക്കുന്നു. നിര്‍ധനരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ, വിദ്യാഭ്യാസ സഹായ പദ്ധതികളാണ് ക്ലബ് നടപ്പാക്കുന്നത്. 60 കുട്ടികളുടെ കീമോതെറാപ്പിക്കായി 60 ലക്ഷം രൂപയും 250 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ഒരു കോടി രൂപയും നീക്കിവെക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. എസ് നാഗരത്‌ന പറഞ്ഞു. ഒരു കോടി രൂപ ചെലവില്‍ ഒരു ലക്ഷം ഡിക്ഷണറികള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യും.
ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്, ബി.ജി.എസ്. ഹോസ്പിറ്റല്‍, മണിപ്പാല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യ പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച ആരംഭിക്കുന്ന റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫറന്‍സില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10.30ന് ബാംഗ്ലൂര്‍ സൗത്ത് എം.പി. അനന്ത് കുമാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. മിസ് ഇന്ത്യ എര്‍ത്ത് 2010 നിക്കോള്‍ ഫരിയ മുഖ്യാതിഥിയായിരിക്കും. ഡി.എല്‍. വെങ്കിടേഷ് ശര്‍മ, മാര്‍ക് മലോണി, ഡോ. എസ്. നാഗേന്ദ്ര എന്നിവര്‍ സംസാരിക്കും. കോണ്‍ഫറന്‍സ് ഞായറാഴ്ച സമാപിക്കും.