
സിനിമാരംഗത്തെ കുടുംബപാരമ്പര്യത്തിന്റെ സമ്പന്നപശ്ചാത്തലമുള്ള തമിഴകം ഒരുസിനിമാ കുടുംബത്തിന്റെ അപൂര്‍വ റെക്കോഡ് നേട്ടത്തിന് കൂടി വേദിയാകുകയാണ്. സ്റ്റൈല്‍ മന്നനായി ആരാധകലോകം വാഴ്ത്തുന്ന രജനീകാന്തിന്റെ കുടുംബമാണ് റെക്കോഡിന്റെ പരിവേഷത്തില്‍ മിന്നുന്നത്. രജനീകാന്ത് നായകനാകുന്ന, ഇളയമകള്‍ സൗന്ദര്യ സംവിധാനം ചെയ്യുന്ന 'കൊച്ചടിയാന്‍' റീലീസ് ചെയ്യുന്നതോടെ സഹോദരിമാരായ രണ്ട് യുവസംവിധായികമാരെ സംഭാവനചെയ്ത കുടുംബമെന്ന റെക്കോഡാണ് ഈ 'സ്റ്റൈലന്‍' കുടുംബം സ്വന്തംപേരില്‍ കുറിക്കുന്നത്.
രജനിയുടെ മൂത്ത മകള്‍ ഐശ്വര്യ നേരത്തെ 'ത്രീ' എന്ന ചിത്രം സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ചിരുന്നു. 'കൊലവെറി' ഗാനത്തിലൂടെ ഇതിനകം പ്രശസ്തമായ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. കുട്ടിക്കാലത്തുതന്നെ അച്ഛന്റെ തിരക്കിട്ട സിനിമാജീവിതവും ഷൂട്ടിങ്ങും കണ്ടുവളര്‍ന്ന ഐശ്വര്യയും സൗന്ദര്യയും അതേ രംഗത്തേക്ക് തിരിഞ്ഞതില്‍ അത്ഭുതമൊന്നുമില്ലെങ്കിലും ഇരുവരും കന്നിച്ചിത്രത്തിലൂടെ വ്യക്തിമുദ്രപതിപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 'ത്രീ' എന്ന ചിത്രത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവും യുവ സൂപ്പര്‍ താരവുമായ ധനുഷാണ് നായകന്‍. ഈ ചിത്രം ബോളിവുഡിലും ഒരുങ്ങുന്നുണ്ട്.
കമലഹാസന്റെ മകള്‍ ശ്രുതിഹാസനാണ് നായിക എന്നതാണ് മറ്റൊരു പ്രത്യേകത. നര്‍ത്തകിയും പിന്നണി ഗായികയുമായ ഐശ്വര്യയ്ക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌കാരം കിട്ടിയിട്ടുണ്ട്. 'വിസില്‍' എന്ന ചിത്രത്തില്‍ ചിലമ്പരശനൊപ്പം പിന്നണി പാടിയിട്ടുള്ള ഐശ്വര്യ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലും ഗാനമാലപിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ സഹസംവിധായികയുമായിരുന്നു. പ്രമുഖ ഗ്രാഫിക് ഡിസൈനറും നിര്‍മാതാവും കൂടിയാണ് സൗന്ദര്യ. ഒട്ടേറെ ചിത്രങ്ങളില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു.
ഫിബ്രവരി 15ന് ഷൂട്ടിങ് തുടങ്ങുമെന്ന് പറയുന്ന 'കൊച്ചടിയാ'നും രജനിയുടെവേഷവും ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടംനേടിക്കഴിഞ്ഞു. രാജവാഴ്ചക്കാലത്തെ കഥ പറയുന്ന 'കൊച്ചടിയാനി'ല്‍ ശിവഭക്തനായ രാജാവിന്റെ വേഷത്തിലാണ് രജനി എത്തുന്നത്. നീട്ടി വളര്‍ത്തിയ മുടിയും രാജകീയ ഉടയാടകളുമായിട്ടാകും രജനി പ്രത്യക്ഷപ്പെടുന്നത്. വിവിധ ഗെറ്റപ്പുകളിലുള്ള രജനിയുടെയും മറ്റും പോസ്റ്ററുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. സൂപ്പര്‍ സംവിധായകന്‍ കെ.എസ്. രവികുമാര്‍ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന ഈ ആനിമേഷന്‍ ചിത്രത്തില്‍ കത്രീനാ കൈഫാണ് നായിക.
ശോഭന, പൃഥ്വിരാജ്, ആദി എന്നിവരും ശ്രദ്ധേയ വേഷത്തിലുണ്ട്. എ.ആര്‍. റഹ്മാനാണ് സംഗീതം. ആഗസ്തില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രാരംഭ സൂചനകള്‍. രോഗാവസ്ഥയില്‍നിന്ന് മോചിതനായതിനുശേഷം രജനി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൊച്ചടിയാനുണ്ട്. നേരത്തെ ചിത്രീകരണം തുടങ്ങിയിരുന്ന രജനി ചിത്രം 'റാണ'യുടെ ഷൂട്ടിങ് ഉടന്‍ പുനരാരംഭിക്കുമെന്നും സൂചനയുണ്ട്. ദീപികാ പദുകോണാണ് ഈ കെ.എസ്.രവികുമാര്‍ ചിത്രത്തിലെ നായിക.
കന്നിച്ചിത്രങ്ങളെക്കുറിച്ച് ഏറെ പ്രതീക്ഷയിലാണ് ഐശ്വര്യയും സൗന്ദര്യയും. മഹത്തായ അനുഭവം. രണ്ടു മാസങ്ങള്‍ നീണ്ട ഷൂട്ടിങ്കാലം കടന്നുപോയതറിഞ്ഞില്ല. ഈ ചിത്രം തീവ്രമായ വികാരമുഹൂര്‍ത്തങ്ങളുള്ള പ്രണയകഥയാണ്. എങ്കിലും അവതരണത്തില്‍ കഴിയുന്നത്ര വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ത്രീ യുടെ ചിത്രീകരണം പൂര്‍ത്തിയായശേഷം നടത്തിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.
'കൊച്ചടിയാന്‍' ഏറെ വ്യത്യസ്തതകളുള്ള ചിത്രമാണെന്ന് സൗന്ദര്യ പറയുന്നു. ആരാധകലക്ഷങ്ങളുള്ള അച്ഛനെത്തന്നെ നായകനാക്കാന്‍ കഴിഞ്ഞതില്‍ ഏറെ ഭാഗ്യവതിയാണ് താനെന്നും അതുകൊണ്ടുതന്നെ അല്പം ടെന്‍ഷനിലാണ് താനെന്നും അടുത്തിടെ ഒരഭിമുഖത്തില്‍ സൗന്ദര്യ പറഞ്ഞിരുന്നു.
സ്റ്റൈല്‍ മന്നന്റെ സിനിമാകുടുംബനാഥയ്ക്ക് മേമ്പൊടിയായി രജനിയുടെ ഭാര്യ ലതാരജനീകാന്തും സജീവമാണ്. ഗായികയായാണ് ലത കഴിവുകാട്ടിയത്. കമലഹാസന്‍ നായകനായ ടിക് ടിക ടിക്, രജനീകാന്തിന്റെ അന്‍പുള്ള രജനീകാന്ത് എന്നിവ ഉള്‍പ്പെടെ ചില ചിത്രങ്ങള്‍ക്കുവേണ്ടിയും പിന്നണി പാടിയിട്ടുള്ള ലത 'ത്രീ' എന്ന ചിത്രത്തിലും ഗാനമാലപിച്ചിരുന്നു. 'കൊലവെറി' ഗാനത്തിലൂടെ ഏറെ ജനശ്രദ്ധേയനായ അനിരുദ്ധ് ലതയുടെ മരുമകന്‍ കൂടിയാണ്. കുട്ടിക്കാലം മുതല്‍ക്കുതന്നെ രജനീകുടുംബത്തോടൊപ്പം ഉണ്ടായിരുന്ന അനിരുദ്ധിന്റെ സാന്നിധ്യവും സ്റ്റൈല്‍ മന്നന്റെ കുടുംബത്തിന്റെ മാറ്റ് കൂട്ടുകയാണ്.