പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി സ്വാഭാവിക നീതിക്കു നിരക്കാത്തത്
ഉത്തരവ് പുനഃപരിശോധിച്ചുകൂടേ എന്ന് കോടതി
കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: കരസേനാമേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ പ്രായം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. തന്റെ ജനനത്തീയതി 1951 മെയ് പത്തായി നിശ്ചയിക്കണമെന്ന വി.കെ. സിങ്ങിന്റെ ആവശ്യം തള്ളിയ പ്രതിരോധമന്ത്രാലയത്തിന്റെ നടപടി ക്രമപ്രകാരമല്ലെന്ന് ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ജനറല്‍ സിങ്ങിന്റെ അപേക്ഷ തള്ളി കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രതിരോധമന്ത്രാലയത്തിന്റെ അഭിപ്രായമറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ, സുപ്രീംകോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ കണ്ടു.
കോണ്‍ഗ്രസ് ഉന്നതതലയോഗം കഴിഞ്ഞ ഉടനെ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.സിങ്ങിന്റെ ജനനത്തീയതി 1951 മെയ് പത്താണെന്ന് തീരുമാനിച്ച്, കഴിഞ്ഞ ജൂലായ് 21-ന് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ് നടപടിക്രമമാണ് വിഷയത്തിന്റെ ആണിക്കല്ലെന്ന് ജസ്റ്റിസ് ലോധ ചൂണ്ടിക്കാട്ടി. അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം തേടിയ ശേഷം ഇറക്കിയ ഈ ഉത്തരവ് ചോദ്യംചെയ്താണ് സിങ് പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കിയത്. ആ പരാതിയും നിയമോപദേശത്തിന് വിട്ടത് അറ്റോര്‍ണി ജനറലിന്റെ അടുത്തേക്കാണ്. തുടര്‍ന്നാണ് പരാതി തള്ളി, ജനറല്‍ സിങ്ങിന്റെ ജനനത്തിയതി 1951 തന്നെയാണെന്ന് ആവര്‍ത്തിച്ച് ഡിസംബര്‍ 30-ന് പ്രതിരോധമന്ത്രാലയം ഉത്തരവിറക്കിയത്.
സിങ്ങിനെതിരെ നിയമോപദേശം നല്‍കിയ അറ്റോര്‍ണി ജനറലിനു തന്നെ അദ്ദേഹത്തിന്റെ പരാതിയും അയച്ചുകൊടുത്ത പ്രതിരോധമന്ത്രാലയത്തിന്റെ നടപടി ഭരണഘടനയനുസരിച്ചുള്ള സ്വാഭാവികനീതിക്ക് നിരക്കാത്തതാണെന്ന് ജസ്റ്റിസ് ലോധ അഭിപ്രായപ്പെട്ടു. തീരുമാനമെടുത്ത നടപടി അസാധുവാകുന്നത് ഇതു കൊണ്ടാണ്. പരാതിക്കാരന് സ്വഭാവികനീതി ലഭിച്ചിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു- ബെഞ്ച് നിരീക്ഷിച്ചു.
തീരുമാനം ശരിയോ തെറ്റോ എന്നതില്‍ കോടതി ഇപ്പോള്‍ കടക്കുന്നില്ല എന്ന് ജസ്റ്റിസ് ലോധ വ്യക്തമാക്കി. പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ജനറല്‍ സിങ്ങിന്റെ ആവശ്യം. സര്‍ക്കാര്‍ അത് പിന്‍വലിക്കുന്നില്ലെങ്കില്‍ കോടതിക്ക് അതു ചെയ്യേണ്ടിവരുമെന്ന് ജസ്റ്റിസ് ലോധ സൂചിപ്പിച്ചു അതുകൊണ്ട് ഉത്തരവ് പിന്‍വലിച്ച് വീണ്ടും പരിഗണിക്കാന്‍ പ്രതിരോധമന്ത്രിക്ക് അയച്ചുകൂടേയെന്ന് കോടതി ചോദിച്ചു. ഒപ്പം ഈ വിഷയം അവസാനിപ്പിക്കുന്നതിന് നടപടി എടുത്തുകൂടേയെന്നും അറ്റോര്‍ണി ജനറലിനോട് ആരാഞ്ഞു.
അതേസമയം, ജൂലായ് 21-ലെയും ഡിസംബര്‍ 30-ലെയും ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ സൈനിക ട്രൈബ്യൂണലിനെ സമീപിക്കുന്നില്ലെങ്കില്‍ ജന. സിങ്ങിന് ഹൈക്കോടതിയെയോ ഭരണഘടനയുടെ 52-ാം അനുച്ഛേദമനുസരിച്ച് സുപ്രീംകോടതിയെയോ സമീപിക്കാം- കോടതി വ്യക്തമാക്കി.
അതേസമയം, ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിക്കുന്നതുമുതല്‍ ജനറല്‍ ആകുംവരെയുള്ള മൂന്നു തവണയും 1951 മെയ് പത്ത് എന്ന ജനനത്തീയതി അംഗീകരിച്ചിരുന്നതായി കാണുന്നു -എന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ജനനത്തീയതിവെച്ചുള്ള സീനിയോറിറ്റി പട്ടിക സേനയ്ക്കില്ലെന്ന് സിങ്ങിന്റെ അഭിഭാഷകന്‍ യു.യു. ലളിത് മറുപടി നല്‍കി.
അതിനിടെ, കേസ് രാവിലെ വിളിച്ചപ്പോള്‍ ജനറല്‍ വി.കെ. സിങ്ങിന് വേണ്ടിയെന്നു പറഞ്ഞ് മുതിര്‍ന്ന അഭിഭാഷകന്‍ രാംജേഠ്മലാനി ഹാജരായത് ആശയക്കുഴപ്പത്തിനിടയാക്കി. യു.യു. ലളിത് അപ്പോള്‍ കോടതിയില്‍ എത്തിയിരുന്നില്ല. കേസ് മാറ്റിവെക്കണമെന്ന് ലളിതിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോള്‍, ജന. സിങ് തന്റെ ഓഫീസിലെത്തി ഹാജരാകാന്‍ പറഞ്ഞിരുന്നുവെന്ന് ജേഠ്മലാനി അവകാശപ്പെട്ടു. എന്നാല്‍, ലളിത് എത്തുന്നതുവരെ കേസ് മാറ്റിവെക്കുകയാണ് കോടതി ചെയ്തത്.
പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ ലളിത് തന്നെയാണ് ഹാജരായത്. ജനറല്‍ വി.കെ. സിങ്ങിന്റെ പരാതി സൈനിക നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ രോഹിങ്ടണ്‍ നരിമാന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. സര്‍വീസ് വിഷയങ്ങള്‍ പരിഗണിക്കേണ്ടത് കോടതിയല്ല, ജനറല്‍ സിങ് ആദ്യം സൈനിക ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ വാദം കോടതി തള്ളി.