സി.പി.എം. സംസ്ഥാന സമ്മേളനം വി.എസ്സിനെതിരായ കുറ്റവിചാരണയ്ക്ക് കളമൊരുങ്ങുന്നു
Posted on: 04 Feb 2012
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരായ സമഗ്രമായ കുറ്റവിചാരണയ്ക്ക് സി.പി.എം. നേതൃത്വം തയ്യാറെടുക്കുന്നു. ഫിബ്രവരി ഏഴിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സംഘടനാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും നല്‍കുന്ന ശക്തമായ സൂചന അതാണ്. കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തിനുശേഷം നടന്ന എല്ലാ സെക്രട്ടേറിയറ്റ് - സംസ്ഥാന സമിതിയോഗങ്ങളിലും മുഴങ്ങിയ വി.എസ്സിനെതിരായ വിമര്‍ശനങ്ങളില്‍ മിക്കതും ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സമിതി മാറ്റങ്ങളില്ലാതെ അംഗീകരിക്കുകയും ചെയ്തതോടെ സംസ്ഥാന സമ്മേളനത്തില്‍ ഔദ്യോഗിക നേതൃത്വത്തിന് കാര്യങ്ങള്‍ സുഗമമാകുകയും ചെയ്തിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ വി.എസ്സിനെതിരായ കുറ്റപത്രമായി റിപ്പോര്‍ട്ടുകള്‍ മാറിയതോടെ സംസ്ഥാന സമ്മേളനത്തിനുശേഷം പാര്‍ട്ടി നേതൃത്വത്തിലുള്ള വി.എസ്സിന്റെ സ്ഥാനമെന്തായിരിക്കുമെന്ന ചോദ്യമാണ് സി.പി.എം. അണികളില്‍ ഉയരുന്നത്.
സി.പി.എം. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടകള്‍ ചര്‍ച്ച ചെയ്ത സംസ്ഥാന സമിതിയോഗത്തില്‍ വി.എസ്സിനെ പേരിനെങ്കിലും പിന്തുണച്ചത് നാലോ അഞ്ചോ പേര്‍ മാത്രമാണ്. എന്നാല്‍, വി.എസ്സിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ ഗണ്യമായ ഒരുവിഭാഗം അംഗങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
വി.എസ്സിനെതിരായ കുറ്റപത്രമായി മാറിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ അധികം ആളുകളുണ്ടാകാനിടയില്ല. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് വി.എസ്സിന്റെ അനുകൂലികള്‍ക്ക് ആധിപത്യമുള്ളത്. പത്തനംതിട്ട, ഇടുക്കി, കൊല്ലം എന്നിവിടങ്ങളില്‍ വി.എസ്. പക്ഷത്തിന് മോശമല്ലാത്ത സ്വാധീനമുണ്ടെങ്കിലും മറ്റു ജില്ലകളിലെ ഔദ്യോഗികപക്ഷത്തിന്റെ കനത്ത സ്വാധീനത്തിന് മുന്നില്‍ വി.എസ്. അനുകൂല ശബ്ദം നേര്‍ത്തുപോകാനാണ് സാധ്യത.
2005ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പരാജിതനായതോടെയാണ് പാര്‍ട്ടിയിലെ ബലാബലത്തില്‍ അച്യുതാനന്ദന്‍ ദുര്‍ബലനായി തുടങ്ങിയത്. കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി നേതൃത്വത്തിലെ വി.എസ്സിന്റെ സ്വാധീനം പൂര്‍ണമായി അസ്തമിച്ചു. എന്നാല്‍, മലപ്പുറം സമ്മേളനത്തിനുശേഷം 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിനെ മുട്ടുകുത്തിച്ച് നിയമസഭാ സ്ഥാനാര്‍ഥിത്വം നേടിയ വി.എസ്. മുഖ്യമന്ത്രി സ്ഥാനത്തെത്തി. സമാനമായ സ്ഥിതിയാണ് കോട്ടയം സമ്മേളനത്തിനുശേഷം 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചത്. പാര്‍ട്ടി തീരുമാനം തിരുത്തി സ്ഥാനാര്‍ഥിത്വം നേടിയ വി.എസ്. ഇക്കുറി പ്രതിപക്ഷ നേതാവുമായി.
ഈ രണ്ട് അനുഭവങ്ങളും മുന്‍നിര്‍ത്തി പഴുതടച്ച നീക്കങ്ങളാണ് സി.പി.എം. നേതൃത്വം ഇത്തവണ പയറ്റുന്നത്.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും എല്‍.ഡി.എഫ്. നടത്തിയ മികച്ച പ്രകടനത്തില്‍ വി.എസ്സിന്റെ പങ്ക് സി.പി.എം. കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോയിലേക്ക് വി.എസ്. മടങ്ങിവരുന്നതിനുള്ള സാധ്യത പലരും പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന സമ്മേളനത്തില്‍ അതീവ ദുര്‍ബലനായിത്തീര്‍ന്ന ഒരു നേതാവിനെ പി.ബി യിലേക്ക് മടക്കിക്കൊണ്ടുവരിക കേന്ദ്ര നേതൃത്വത്തിനും ദുഷ്‌കരമായിരിക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ വീണ്ടും തുടര്‍ന്നേക്കാമെങ്കിലും സംസ്ഥാന സമ്മേളനത്തിനുശേഷം രൂപവത്ക്കരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി.എസ്. ഒഴിവാക്കപ്പെടാന്‍ സാധ്യതയേറെയാണ്.