2 ജി: ആരോപണങ്ങളുമായി ബി.ജെ.പി.യും കോണ്‍ഗ്രസ്സും

Posted on: 04 Feb 2012



ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയതിനുപിറകെ ബി.ജെ.പിയും കോണ്‍ഗ്രസുംതമ്മില്‍ ആരോപണപ്രത്യാരോപണം. എന്‍.ഡി.എ സര്‍ക്കാര്‍ 2003-ല്‍ ആവിഷ്‌കരിച്ച നയങ്ങള്‍ യു.പി.എ സര്‍ക്കാര്‍ ദുരുപയോഗിച്ചെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഡോ.മുരളീമനോഹര്‍ ജോഷി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിസഭയ്ക്കുമായിരുന്നു. നടപടിയെടുത്തില്ലെങ്കില്‍ ഉത്തരവാദി പ്രധാനമന്ത്രിതന്നെയാണ്. ഇതില്‍ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണം -ഡോ. മുരളീമനോഹര്‍ജോഷി പറഞ്ഞു.

2 ജി അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് എന്തായിരുന്നുവെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും ജോഷി ആവശ്യപ്പെട്ടു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ മുന്നോട്ടുവെച്ച ശുപാര്‍ശകളെല്ലാം സുപ്രീംകോടതി വിധി ശരിവെച്ചതായും ഡോ. ജോഷി അവകാശപ്പെട്ടു.

എന്നാല്‍ പ്രശ്‌നത്തില്‍ ബി.ജെ.പി അനാവശ്യമായി പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെയും പേര് വലിച്ചിഴയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി കുറ്റപ്പെടുത്തി. വിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന പ്രതിപക്ഷാവശ്യം കോണ്‍ഗ്രസ് നിരാകരിച്ചു. വിധിയില്‍ പ്രധാനമന്ത്രിക്കെതിരെ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ബി.ജെ.പി. നിരാശയിലാണ്.

സുപ്രീംകോടതി വിധിയില്‍ പി. ചിദംബരത്തിന്റെ പേരും പരാമര്‍ശിച്ചിട്ടില്ല -കോണ്‍ഗ്രസ് വക്താവ് അവകാശപ്പെട്ടു. കരസേനാ മേധാവിയുടെ പ്രായവുമായി ബന്ധപ്പെട്ട കോടതിയുടെ നിരീക്ഷണങ്ങളോട് പ്രതികരിക്കാനും കോണ്‍ഗ്രസ് വിസമ്മതിച്ചു. ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും ഇതിനോട് പ്രതികരിക്കാനാവില്ലെന്നും സിങ്‌വി പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/