വിചാരണ തമിഴില്‍ വേണം; ശശികലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Posted on: 04 Feb 2012



ബാംഗ്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെയുള്ള കേസില്‍ രണ്ടാംപ്രതി ശശികല നടരാജന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. വിചാരണ തമിഴില്‍ വേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്. ഇതു സംബന്ധിച്ച കീഴ്‌ക്കോടതി വിധിയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് എന്‍. ആനന്ദ വിധിച്ചു.

തമിഴില്‍ ചോദ്യങ്ങള്‍ എഴുതി നല്‍കിയതിനു ശേഷം തമിഴില്‍ മറുപടി എഴുതി നല്‍കുന്നതിന് അനുവദിക്കണമെന്നും ഇത് ഇംഗ്ലീഷിലേക്കു മാറ്റാമെന്നുമാണ് ശശികലയുടെ അഭിഭാഷകന്‍ സന്താന ഗോപാലന്‍ വാദിച്ചത്. ഇംഗ്ലീഷും കന്നടയും കൈകാര്യം ചെയ്യാന്‍ വശമില്ലാത്തതിനാല്‍ ഈ ആവശ്യം അംഗീകരിക്കണമെന്നായിരുന്നു അപേക്ഷ. ദ്വിഭാഷിയുടെ സഹായം അനുവദിക്കണമെന്ന് കോടതി പറഞ്ഞു.

വിചാരണവേളയില്‍ ചോദ്യം തമിഴില്‍ ഉന്നയിക്കണമെന്നും തമിഴില്‍ മറുപടി നല്‍കാന്‍ ശശികലയ്ക്ക് അവസരം നല്‍കണമെന്നും ചൂണ്ടികാട്ടി ജയലളിതയുടെ അഭിഭാഷകന്‍ ബി. കുമാര്‍ നല്‍കിയ ഹര്‍ജിയും നവംബര്‍ 28നു പ്രത്യേക കോടതി തള്ളിയിരുന്നു. മൊഴി രേഖപ്പെടുത്തുന്ന വേളയില്‍ പരിഭാഷകനായി അഭിഭാഷകന്‍ ഹരീഷിന്റെ സേവനം ലഭ്യമാക്കാന്‍ വിചാരണ കോടതി നേരത്തേ അനുവദിച്ചിരുന്നു.

ചെന്നൈയില്‍ നിന്ന് പരിഭാഷകരെ കൊണ്ടു വരുന്നത് അനുവദിക്കണമെന്ന് ബി. കുമാര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതു സമ്മതിച്ചില്ല. ഇംഗ്ലീഷില്‍ ചോദിച്ച് തമിഴില്‍ പരിഭാഷപ്പെടുത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണെന്നായിരുന്നു കുമാറിന്റെ വാദം. കേസിലെ ഒന്നാം പ്രതിയായ ജയലളിതയുടെ മൊഴി രേഖപ്പെടുത്തല്‍ നാലു ദിവസം കൊണ്ടു പൂര്‍ത്തിയാക്കിയിരുന്നു.

1, 339 ചോദ്യങ്ങള്‍ക്കാണ് ജയ മറുപടി നല്‍കിയത്. തമിഴ്‌നാട്ടില്‍ 1991 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ 66.65 കോടി രൂപയുടെ സ്വത്ത് അനധികൃതമായി ജയലളിത സമ്പാദിച്ചുവെന്നതാണ് കേസ്. മുഖ്യമന്ത്രി പദവിയില്‍ നാമമാത്രമായ ഒരു രൂപ ശമ്പളം വാങ്ങിയിരുന്ന ജയലളിത അഞ്ചു വര്‍ഷം കൊണ്ട് അധികാര സ്വാധീനം ഉപയോഗിച്ച് അവിഹിതമായി സ്വത്തുകള്‍ സമ്പാദിച്ചുവെന്നാണു കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/