മൈലമൂട്ടില്‍ സി.പി.എം., എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി രണ്ടുപേര്‍ക്ക് പരിക്ക്‌

Posted on: 04 Feb 2012



കുളത്തൂപ്പുഴ:മൈലമൂട് കവലയില്‍ തടിലോഡിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം സി.പി.എം.- എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ കലാശിച്ചു. സംഭവത്തില്‍ സി.പി.എം.ബ്രാഞ്ച് സെക്രട്ടറിക്കും ഒരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകനും പരിക്കേറ്റു. മൈലമൂട് ബ്രാഞ്ച് സെക്രട്ടറി രാജന്‍ പിള്ള (51), എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ മൈലമൂട് ഫിറോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വനംവകുപ്പിന്റെ മാഞ്ചിയം തോട്ടത്തില്‍നിന്ന് തടി കയറ്റാനായി എത്തിയ സി.ഐ.ടി.യു.വിലെ തൊഴിലാളികളില്‍ ചിലര്‍ക്ക് തൊഴില്‍ നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ ഇവര്‍ക്ക് തൊഴില്‍ നല്‍കാനാവില്ലെന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥലത്തെത്തി അറിയിക്കുകയായിരുന്നു. ഇത് തൊഴില്‍ നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ ചോദ്യംചെയ്യുകയും കൈയേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. പരിക്കേറ്റവരെ കുളത്തൂപ്പുഴ ഗവ. ആസ്​പത്രിയിലും സ്വകാര്യ ആസ്​പത്രിയിലും എത്തിച്ചു.

ഒരുമണിക്കൂറിനുശേഷം സി.പി.എം.പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചു. തുടര്‍ന്ന് കുളത്തൂപ്പുഴ എസ്.ഐ. വി.പി.സുധീഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് നീക്കി. ഇരുവിഭാഗവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ കുളത്തൂപ്പുഴയില്‍ എത്തിയിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/