
ന്യൂഡല്‍ഹി: 2 ജി കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ ഹര്‍ജിയില്‍ ശനിയാഴ്ച വിചാരണക്കോടതി വിധി പറയും. ചിദംബരത്തിനെതിരായ ആരോപണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്വാമി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
ചിദംബരത്തെ പ്രതിയാക്കണമെന്ന അപേക്ഷ പ്രത്യേക കോടതി തള്ളിയാല്‍ സുബ്രഹ്മണ്യന്‍സ്വാമിക്ക് ഉയര്‍ന്ന കോടതിയെ സമീപിക്കാനാകും. കൂട്ടുപ്രതിയാക്കിയാല്‍ ചിദംബരത്തിനു മേല്‍ രാജിവെക്കാനുള്ള സമ്മര്‍ദം മുറുകും. ടെലികോം മന്ത്രിയായിരുന്ന എ. രാജ ലൈസന്‍സുകള്‍ നല്‍കുന്ന ഒരോ ഘട്ടത്തിലും അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സ്വാമി പരാതിയില്‍ പറഞ്ഞിരുന്നു.
സുപ്രീം കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട സ്വാമി പ്രത്യേക കോടതിയില്‍ ചിദംബരത്തെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചിദംബരവുമായി ബന്ധപ്പെട്ട് സി. ബി. ഐ.ക്ക് അന്വേഷണത്തില്‍ ലഭിച്ച എല്ലാ രേഖകളും ഹര്‍ജിക്കാരന് നല്‍കാനുള്ള പ്രത്യേക കോടതിവിധിയും സ്വാമിക്ക് ഗുണകരമായി. സി.ബി.ഐ. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് എല്ലാം നല്‍കി.
ചിദംബരത്തിനും രാജയ്ക്കും ലൈസന്‍സ് നല്‍കുന്നതില്‍ ഒരേ മനസ്സായിരുന്നുവെന്ന് സൂചിപ്പിക്കുന്ന സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ കുറിപ്പാണ് ആഭ്യന്തരമന്ത്രിക്കെതിരെ നിര്‍ണായക തെളിവായി സ്വാമി കോടതിയില്‍ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ കുറിപ്പ് ധനമന്ത്രി പ്രണബ് മൂഖര്‍ജി കണ്ടതാണെന്നും വ്യക്തമാക്കിയിരുന്നു.
ചിദംബരത്തിനെതിരെ അന്വേഷണത്തിന് മതിയായ കാരണങ്ങളില്ലെന്നാണ് സര്‍ക്കാറും സി. ബി. ഐ.യും സുപ്രീം കോടതിയില്‍ നിലപാടെടുത്തത്. ചിദംബരം മന്ത്രിയായിരുന്നപ്പോള്‍, ലൈസന്‍സുകള്‍ ലേലം ചെയ്യണമെന്ന നിലപാടായിരുന്നു ധനമന്ത്രാലയം സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.