എന്‍.ജി.ഒ. പങ്കാളിത്തത്തിന് സമഗ്രനയം രൂപവത്കരിക്കും -മുഖ്യമന്ത്രി

Posted on: 04 Feb 2012



കോഴിക്കോട്: സംസ്ഥാനത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കുന്നതില്‍ സര്‍ക്കാറിതരസംഘടന (എന്‍.ജി.ഒ.) കളുടെ സേവനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ സമഗ്രനയം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനശ്രീ സുസ്ഥിരവികസനമിഷന്‍ അഞ്ചാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'കേരളത്തിന്റെ വികസനത്തില്‍ സര്‍ക്കാറിതരസംഘടനകളുടെ പങ്ക്' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

''ദാരിദ്ര്യനിര്‍മാര്‍ജനം, സ്വയംപര്യാപ്തത, മാലിന്യനിര്‍മാര്‍ജനം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാറിനുമാത്രം കഴിയില്ല. ഇക്കാര്യത്തില്‍ ജനശ്രീ ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കും. അതിനുള്ള നടപടികള്‍ ആസൂത്രണബോര്‍ഡ് തുടങ്ങിയിട്ടുണ്ട്. കഴിവും സന്നദ്ധതയുമുള്ള എല്ലാ സംഘടനകള്‍ക്കും ഇതില്‍ സഹകരിക്കാം''- മുഖ്യമന്ത്രി പറഞ്ഞു.

ജനശ്രീ ചെയര്‍മാന്‍ എം.എം. ഹസ്സന്‍ അധ്യക്ഷനായിരുന്നു. മന്ത്രി കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയേഴ്‌സ് അവാര്‍ഡ്' നേടിയ ആദ്യമലയാളിയായ ശശി പിലാച്ചേരിയെ ചടങ്ങില്‍ ആദരിച്ചു. ജനശ്രീ ഇ-വിഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍, ജി. ശങ്കര്‍, ഡോ. ഇന്ദിരാരാജന്‍ എന്നിവര്‍ സംസാരിച്ചു. ഡി. സി. സി. പ്രസിഡന്റ് കെ. സി. അബു, ടി. സിദ്ദിഖ്, ഡോ. കെ.പി. ഹുസൈന്‍ എന്നിവരും സംബന്ധിച്ചു. എന്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും വി.വി. പ്രകാശ് നന്ദിയും പറഞ്ഞു.

പ്രതിനിധിസമ്മേളനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ജനശ്രീമിഷന്‍ സെക്രട്ടറി ഡോ. ബി.എസ്. ബാലചന്ദ്രന്‍ മോഡറേറ്ററായിരുന്നു. സി.പി. ജോണ്‍, ജി. വിജയരാഘവന്‍, ആര്‍. പ്രഭ, പി. സുദീപ്, എന്‍. ബാലഗോപാല്‍, കൊല്ലം പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

ശനിയാഴ്ച ജനശ്രീമഹാസംഗമത്തോടെയാണ് മൂന്നുദിവസത്തെ വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമാവുക. ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സംഗമത്തില്‍ ഒരുലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജനശ്രീമിഷന്റെ ' വിഷന്‍- 2020 ' പ്രഖ്യാപനം സി.കെ. മേനോന് പദ്ധതിരേഖ നല്‍കി കേന്ദ്രമന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/