ചെന്നൈ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: 04 Feb 2012



ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ രണ്ടു വ്യത്യസ്തസംഭവങ്ങളിലായി ഒരുകോടി യുടെ സ്വര്‍ണം പിടികൂടി. ഗര്‍ഭനിരോധന ഉറകളിലാക്കി വിഴുങ്ങി 83 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറുപേരെയും സിംഗപ്പൂരില്‍നിന്ന്അരക്കിലോ സ്വര്‍ണവുമായി എത്തിയ രണ്ടുപേരെയുമാണ് പിടികൂടിയത്. ടൂറിസ്റ്റ് വിസയില്‍ പോയി കൊളംബോയില്‍ തിരിച്ചെത്തിയ ആറുപേരാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ ഗര്‍ഭനിരോധന ഉറകളിലാക്കി വിഴുങ്ങി കൊണ്ടുവന്നത്.

സ്വര്‍ണം കടത്തിക്കൊണ്ടു വരുന്നതായി വിവരം അറിഞ്ഞ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷേ യാത്രക്കാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആറുപേരെയും പല്ലാവരത്തുള്ള സ്‌കാനിങ് കേന്ദ്രത്തില്‍ കൊണ്ടുപോയി പരിശോധന നടത്തിയപ്പോഴാണ് വയറ്റില്‍ സ്വര്‍ണം കണ്ടെത്തിയത്. യാത്രക്കാരില്‍ ഒരാള്‍ 300 ഗ്രാം വരുന്ന സ്വര്‍ണം ലേഡീസ് ഹാന്‍ഡ് ബാഗിന്റെ കൈപ്പിടികള്‍ പരസ്​പരം ബന്ധിപ്പിക്കുന്നതിനുള്ള റിങ്ങുകളായാണ് ഉപയോഗിച്ചിരുന്നത്.

എല്ലാവരും സ്വര്‍ണംകടത്തല്‍ സംഘത്തിന്റെ വാഹകരാണെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. പിടിയിലായ ആറുപേരും രാമനാഥപുരം, ശിവഗംഗ ജില്ലകളില്‍നിന്നുള്ളവരാണ്. രണ്ടാമത്തെ സംഭവത്തില്‍ സിംഗപ്പൂരില്‍നിന്ന് അരക്കിലോ സ്വര്‍ണവുമായി എത്തിയ രണ്ടുപേരും കസ്റ്റംസ് അധികൃതരുടെ പിടിയിലായി. തിരുച്ചിറപ്പള്ളി സ്വദേശികളാണ് ഇവര്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/