
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ എ.കെ. സിങ്ങിന്റെ ജനനത്തീയതി സംബന്ധിച്ച വിവാദത്തില്‍ സേനയെ കുറ്റപ്പെടുത്തി പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സേനാമേധാവിയുടെ പ്രായവുമായി ബന്ധപ്പെട്ട് രണ്ട് തീയതികള്‍ സേനയുടെ രണ്ട് വിഭാഗത്തില്‍ 36 കൊല്ലം സൂക്ഷിച്ചതാണ് വിവാദത്തിന് കാരണമെന്ന് ആന്റണി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യത്തില്‍ സിവിലിയന്‍-സൈനിക നേതൃത്വങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലില്ല. പ്രായം തിരുത്താന്‍ ഇത്രയും കാലമെടുത്തത് നിര്‍ഭാഗ്യകരമാണ്.
2006-ലാണ് ഈ പൊരുത്തക്കേട് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വന്ന രണ്ടു സേനാമേധാവികളുടെ കാലഘട്ടത്തിലും വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു-ആന്റണി പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച കേസ് പരിഗണിക്കാനിരിക്കെ സേനാമേധാവിയുടെ ജനനത്തീയതി 1950 മെയ് പത്തായി തിരുത്തണമെന്ന് നിര്‍ദേശിച്ച് അഡ്ജുട്ടന്റ് ജനറല്‍ (എ.ജി) വിഭാഗത്തിന് പ്രതിരോധ മന്ത്രാലയം നല്‍കിയ നിര്‍ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പാക്കാത്ത എ.ജി. വിഭാഗത്തിന്റെ നടപടി സര്‍ക്കാര്‍ വൃത്തങ്ങളെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ കൊല്ലം ജൂലായ് 21ന് നല്‍കിയ നിര്‍ദേശത്തിന്റെ തുടര്‍ച്ചയായിട്ടാണ് ജനുവരി 23ന് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കിയത്. കഴിഞ്ഞ ആഗസ്തില്‍ എ.ജി. വിഭാഗം ചില കാര്യങ്ങളില്‍ പ്രതിരോധമന്ത്രാലയത്തില്‍നിന്ന് വിശദീകരണം തേടിയിരുന്നു. എന്നാല്‍, സര്‍ക്കാറിന്റെ മറുപടി എ. ജി വിഭാഗത്തിന് കൈമാറിയിരുന്നില്ല. ജനറല്‍ സിങ്ങിന്റെ പരാതി സര്‍ക്കാറിന്റെ മുന്നിലാണെന്ന കാരണത്താലായിരുന്നു ഇത്. ജൂലായില്‍ പ്രതിരോധമന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പാക്കാത്തതുപോലെ ഇത്തവണയും തങ്ങളുടെ മേധാവിയോടൊപ്പം നില്‍ക്കാനാണ് സേന ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ തീരുമാനമെന്നറിയുന്നു.