ഉണ്ണിത്താന്‍ വധശ്രമം: സി.ബി.ഐ ചോദ്യം ചെയ്യല്‍ ഈയാഴ്ച പുനരാരംഭിക്കും
Posted on: 24 Jan 2012
കൊല്ലം: മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ബി.ഐ.ചോദ്യംചെയ്യല്‍ ഈയാഴ്ച പുനരാരംഭിച്ചേക്കും. കഴിഞ്ഞ ആഴ്ച കേസിന്റെ പ്രാഥമിക തെളിവുകള്‍ ശേഖരിച്ച സംഘം വിശദമായ ചോദ്യംചെയ്യലിലേക്ക് പോകുമെന്ന് അറിയുന്നു. ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറി, ഉണ്ണിത്താന്റെ മൊഴി, സി.ബി.ഐ.ഇതിനകം ശേഖരിച്ച തെളിവുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാകും ചോദ്യംചെയ്യല്‍.
ക്രൈംബ്രാഞ്ച് ഇതുവരെ കണ്ടെത്തിയതോ അവരുടെ കേസ് ഡയറിയില്‍ പറയാത്തതോ ആയ കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ.പ്രാഥമിക തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് . ശാസ്താംകോട്ട പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടുതന്നെ തിരുത്തലിന് വിധേയമാക്കിയതായി സി.ബി.ഐ.കണ്ടെത്തിയിരുന്നു. കേസില്‍ നിര്‍ണായകമായ പലരെയും സംശയിക്കുന്ന ചില പോലീസ് ഓഫീസര്‍മാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ല. ഇത് ഗൗരവമായാണ് അന്വേഷണസംഘം കാണുന്നത്.
ഒപ്പം കേസ് സി.ബി.ഐ ഏറ്റെടുത്തതിനുശേഷം മുഖം രക്ഷിക്കാനായി ക്രൈംബ്രാഞ്ച് അവസാന നിമിഷത്തില്‍ സംശയിക്കപ്പെടുന്ന ചിലരെ ചോദ്യംചെയ്തതായും അത്തരത്തില്‍ രേഖയുണ്ടാക്കിയതായും സി.ബി.ഐ.യ്ക്ക് ചില സൂചനകള്‍ ലഭ്യമായതായി അറിയുന്നു.
ഏപ്രില്‍ 16ന് സംഭവദിവസം ശാസ്തംകോട്ടയിലെ മൊബൈല്‍ ടവറിനുള്ളില്‍ വിളിക്കപ്പെട്ട നമ്പറുകളുടെ വിശദാംശങ്ങളില്‍നിന്ന് ലഭ്യമായ നിരവധി വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഗൗരവമായി പരിഗണിക്കുകയോ തുടരന്വേഷണങ്ങള്‍ നടത്തുകയോ ഉണ്ടായിട്ടില്ലെന്നും സി.ബി.ഐയ്ക്ക് വിവരം ലഭിച്ചതായി അറിയുന്നു.കഴിഞ്ഞയാഴ്ച സസ്‌പെന്‍ഷനിലുള്ള ഡിവൈ.എസ്.പി. സന്തോഷ് നായരെയും കണ്ടെയ്‌നര്‍ സന്തോഷിനെയും മറ്റുചിലരെയും സി.ബി.ഐ. വിളിപ്പിച്ചത് പ്രാഥമികമായ വിവരശേഖരണത്തിന്റെ ഭാഗം മാത്രമാണെന്നാണ് അറിയുന്നത്.