തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആത്മകഥ എന്നതിനപ്പുറം തിരുവിതാംകൂര്‍ ചരിത്രവും ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ആചാരങ്ങളും അടുത്തറിയാനുതകുന്ന ആധികാരിക ഗ്രന്ഥമായ ' തൃപ്പടിദാനം ' ഇനി മലയാളത്തിന് സ്വന്തം. 'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രകാശനം ഉത്രാടം തിരുനാള്‍ തന്നെയാണ് നിര്‍വഹിച്ചത്. 82 കൊല്ലമായി മനസ്സിലിരുന്ന രഹസ്യം ഇവിടെ പരസ്യമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. തിരുവിതാംകൂറിന്റെ പ്രജ എന്നു പറയുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''രാജഭരണം ഇല്ലെങ്കിലും ഇന്നും രാജകുടുംബത്തിന്റെ പ്രജയാണ്. പ്രജകളെ മക്കളെപ്പോലെ സ്‌നേഹിച്ച രാജാക്കന്മാരെയും രാജകുടുംബത്തെയും കുറിച്ച് ചരിത്രത്തില്‍ വേറെ കണ്ടിട്ടില്ല. രാജകുടുംബത്തിന്റെ സവിശേഷത നിര്‍ണയിക്കേണ്ടത് അവര്‍ പ്രജകളെ എങ്ങനെ പരിഗണിച്ചിരുന്നു എന്നതിനെ ആശ്രയിച്ചാണ്'' -പെരുമ്പടവം പറഞ്ഞു.
ആറാട്ടുഘോഷയാത്ര പോലെ സ്മരണകളുടെ ഘോഷയാത്രയാണ് 'തൃപ്പടിദാനം' എന്ന് മാര്‍ത്താണ്ഡവര്‍മ്മ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന 'മാതൃഭൂമി' മാനേജിങ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ആ ഘോഷയാത്ര ആസ്വദിക്കാന്‍ ഇനി മുതല്‍ മലയാളികള്‍ക്കെല്ലാം അവസരമുണ്ട്. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ലഭിച്ച അപൂര്‍വ അവസരത്തില്‍ മാതൃഭൂമിക്ക് അങ്ങേയറ്റം കൃതാര്‍ത്ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി, മുന്‍ ചീഫ് സെക്രട്ടറി സി. പി. നായര്‍, ചരിത്രഗവേഷകനും പത്രപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, മാതൃഭൂമി ബുക്‌സ് അസിസ്റ്റന്റ് മാനേജര്‍ ജോര്‍ജി തോമസ്, ക്ഷത്രിയക്ഷേമസസഭ നേതാവ് എം. രവിവര്‍മ്മരാജ, പുസ്തകം തയ്യാറാക്കിയ ഉമാമഹേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു.