ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന് നിയന്ത്രണം പരിഗണനയില്‍-മന്ത്രി സിബല്‍

Posted on: 07 Dec 2011



ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളിലെ പ്രകോപനപരമായ ഉള്ളടക്കങ്ങളും പരാമര്‍ശങ്ങളും നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് നിരീക്ഷിക്കണമെന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ പ്രഖ്യാപനത്തെ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണം ഉയര്‍ന്നിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്.

എന്നാല്‍, മാധ്യമസ്വാതന്ത്ര്യത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാന്‍ സര്‍ക്കാറിന് താത്പര്യമില്ലെന്ന് മന്ത്രി സിബല്‍ വ്യക്തമാക്കി. ''വ്യക്തികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന നിര്‍ദേശത്തോട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. വെബ്‌സൈറ്റുകളിലെ മതനിന്ദാപരമായ ചില ഉള്ളടക്കങ്ങള്‍ വന്‍പ്രകോപനത്തിന് ഇടയാക്കുമെന്ന് ആശങ്ക പടരുന്നുണ്ട്. ജനവികാരം വ്രണപ്പെടുത്തുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ഇത് സെന്‍സര്‍ഷിപ്പല്ല. പക്ഷേ,ചില നിയന്ത്രണങ്ങള്‍ അനിവാര്യമായിട്ടുണ്ട്''- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവരുള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ വെബ്‌സൈറ്റുകളില്‍ അപകീര്‍ത്തികരങ്ങളായ ഉള്ളടക്കങ്ങള്‍ പതിവായി പ്രത്യക്ഷപ്പെടുന്നത് സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക്, യാഹൂ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ചയും നടന്നു. അത് ഫലപ്രദമാകാത്തതിനെത്തുടര്‍ന്നാണ് തിരക്കിട്ട് വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ കപില്‍ സിബല്‍ സൈബര്‍ലോകത്ത് നിയന്ത്രണം വേണ്ടിവരുമെന്ന് പ്രഖ്യാപിച്ചത്.

സ്വയംനിയന്ത്രണം വേണമെന്നും സഹകരിക്കണമെന്നുമുള്ള അഭ്യര്‍ഥന ബധിരകര്‍ണങ്ങളിലാണ് പതിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്ന മറുപടിയല്ല ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയ്ക്കുപിന്നാലെ സൈബര്‍ലോകത്ത് വിമര്‍ശനപ്രവാഹമായി. ചൈനപോലുള്ള രാജ്യങ്ങളിലേതുപോലെ അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നാണ് വിമര്‍ശകരുടെ ആവശ്യം.

എന്നാല്‍ സൈബര്‍ലോകത്തും പ്രശസ്തനായ ശശി തരൂര്‍ എം.പി. മന്ത്രി സിബലിനെ അനുകൂലിച്ചു. മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും കലാപത്തിനുവരെ വഴിയൊരുക്കാവുന്നവയുമായ ഉള്ളടക്കങ്ങള്‍പോലും വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.പി.മാരായ വരുണ്‍ഗാന്ധിയും ജയന്ത് ചൗധരിയും ഈ നീക്കത്തെ എതിര്‍ത്തു. യഥാര്‍ഥ ജനാധിപത്യമാധ്യമം ഇന്റര്‍നെറ്റ് മാത്രമാണെന്ന് വരുണ്‍ഗാന്ധി പറഞ്ഞു. അവിടെ നിക്ഷിപ്തതാത്പര്യങ്ങളോ കച്ചവടമോ ഇല്ല. അതിന് കൂച്ചുവിലങ്ങിടുന്നത് അപലപനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ താത്പര്യം തിരിച്ചറിയുന്നുണ്ടെന്ന് പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്ക് പ്രതികരിച്ചു. തങ്ങളുടെ നിബന്ധനകള്‍ ലംഘിക്കുന്ന ഏത് ഉള്ളടക്കവും വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്യാറുണ്ട്. പ്രകോപനപരവും വിദ്വേഷജനകവും അവഹേളനപരവുമായ ഉള്ളടക്കങ്ങള്‍ ഇതില്‍പ്പെടും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കാനും ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് ഫെയ്‌സ് ബുക്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തിന്റെ നിയമം അനുസരിക്കുന്നെന്നും എന്നാല്‍ വിവാദമാണെന്ന കാരണത്താല്‍ ഒരു ഉള്ളടക്കവും മാറ്റില്ലെന്നും ഗൂഗിള്‍ അറിയിച്ചു. ''ജനങ്ങള്‍ക്ക് സാധ്യമായത്രയും വിവരം നല്‍കാന്‍ കഠിനമായി പരിശ്രമിക്കുകയാണ്. നിയമം പാലിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഉള്ളടക്കം നിയമവിരുദ്ധമെന്നുകണ്ടാല്‍ അത് മാറ്റാറുണ്ട്. ഞങ്ങളുടെ നിബന്ധനകള്‍ക്ക് വിരുദ്ധമെന്നുകണ്ടാലും മാറ്റും. എന്നാല്‍ ഇതൊന്നുമല്ലാതെ, വിവാദമെന്ന കാരണത്താല്‍മാത്രം ഉള്ളടക്കം മാറ്റാനാകില്ല. ജനങ്ങള്‍ക്ക് അവരുടെ വീക്ഷണങ്ങളുണ്ട്. അവ നിയമപരമായിരിക്കുവോളം ആദരിക്കുകയും സംരക്ഷിക്കുകയും വേണം''- ഗൂഗിള്‍ വക്താവ് പറഞ്ഞു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/